എല്ലാ സ്കൂളുകളും തുറക്കുന്നു; വിദ്യാർഥികൾക്ക് പുതിയ പഠനകാലം
text_fieldsഅൽഐൻ: ഏഷ്യൻ പാഠ്യ പദ്ധതി പിന്തുടരുന്ന ദുബൈ ഒഴികെയുള്ള എമിറേറ്റുകളിലെ വിദ്യാലയങ്ങളിൽ പുതിയ അധ്യയനവർഷത്തിന് നാളെ തുടക്കം കുറിക്കും. ദുബൈയിലെ വിദ്യാലയങ്ങളിൽ ഏപ്രിൽ മൂന്നിന് തന്നെ പുതിയ അധ്യയനവർഷത്തിന് തുടക്കം കുറിച്ചിരുന്നു. പുത്തൻ യൂണിഫോമും പുതിയ പുസ്തകങ്ങളും ബാഗുമായി നൂറുകണക്കിന് വിദ്യാർത്ഥികൾ ആദ്യാക്ഷരങ്ങൾ നുകരാൻ ഇന്ത്യൻ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരും. സെപ്റ്റംബറിൽ അധ്യയന വർഷം തുടങ്ങുന്ന വിദ്യാലയങ്ങൾ രണ്ടാഴ്ചത്തെ വസന്തകാല അവധിക്ക് ശേഷം ഏപ്രിൽ 10ന് തുറക്കും. ഈ വിദ്യാലയങ്ങളിൽ അവസാന പാദത്തിനാണ് നാളെ തുടക്കം കുറിക്കുക. രാജ്യത്തെ സർക്കാർ സ്കൂളുകൾ ഏപ്രിൽ 17നാണ് തുറക്കുന്നത്.
നവാഗതരെ സ്വീകരിക്കാൻ വിദ്യാലയങ്ങൾ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയത്. ക്ലാസ് മുറികൾ അലങ്കരിച്ചും പ്രവേശനോത്സവങ്ങൾ സംഘടിപ്പിച്ചുമാണ് അദ്ധ്യാപകരും സ്കൂൾ അധികൃതരും വിദ്യാർത്ഥികളെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്നത്. നിരവധി വിദ്യാർഥികളാണ് വിവിധ ക്ലാസ്സുകളിൽ പുതുതായി പ്രവേശനം നേടിയത്. വിദ്യാർത്ഥികളുടെ അഡ്മിഷനും പുസ്തകങ്ങളും യൂനിഫോമുകളുടെ വിൽപ്പനയുമായി വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏഷ്യൻ സ്കൂളുകളിൽ അനുഭപ്പെട്ടത്.
റമദാനിൽ രാവിലെ ഒമ്പത് മുതലാണ് സ്കൂളുകൾ പ്രവർത്തിക്കുക. നാലോ അഞ്ചോ മണിക്കൂറാണ് റമദാനിലെ പ്രവൃത്തി സമയം. റമദാനിൽ ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങൾ രണ്ടാഴ്ചയും സർക്കാർ വിദ്യാലങ്ങളിലും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിലും ഒരാഴ്ച മാത്രവുമാണ് പ്രവർത്തിദിനമായി ഉണ്ടാവുക.
കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും എടുത്ത് കളഞ്ഞ ശേഷമുള്ള ഈ അധ്യായന വർഷത്തിൽ മിക്ക വിദ്യാലയങ്ങളിലും വിദ്യാർഥികൾ ഗണ്യമായ വർദ്ധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ അഡ്മിഷനായി വലിയ തിരക്കാണ് കഴിഞ്ഞ ആഴ്ചകളിൽ സ്കൂളുകളിൽ അനുഭവപ്പെട്ടത്. വിദ്യാർത്ഥികൾ വർദ്ധിച്ചതോടെ അധ്യാപകർക്ക് നിരവധി തൊഴിൽ അവസരങ്ങളാണ് വിവിധ സ്കൂളുകളിൽ സൃഷ്ടിക്കപ്പെട്ടത്. പുതിയ വിദ്യാർത്ഥികളോടൊപ്പം നിരവധി അധ്യാപകരും സ്കൂളുകളിൽ പുതുതായി എത്തും.
അബൂദബി എമിറേറ്റ്സിലെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പ് ഓരോ സ്കൂളുകളിലും ഉൾക്കൊള്ളാൻ കഴിയുന്ന കുട്ടികളുടെ എണ്ണം കണക്കാക്കുന്നത്. അതനുസരിച്ച് ഏതാനും ചില സ്കൂളുകളിൽ അഡ്മിഷന് നിയന്ത്രണമുള്ളതിനാൽ അതും മറ്റ് സ്കൂളുകളിൽ തിരക്കിന് കാരണമായിട്ടുണ്ട്. അധ്യയന വർഷമാരംഭത്തോടാനുബന്ധിച്ച് സ്കൂൾ വിപണിയും കഴിഞ്ഞ ആഴ്ചകളിൽ സജീവമായിരുന്നു.
ഏപ്രിലിൽ അധ്യയന വർഷമാരംഭിക്കുന്ന വിദ്യാലയങ്ങളുടെ ആദ്യ പാദം ജൂൺ 30ന് അവസാനിക്കും. തുടർന്ന് മധ്യവേനൽ അവധിക്കായി വിദ്യാലയങ്ങൾ അടക്കും.
ഈ വർഷത്തെ ബലി പെരുന്നാൾ അവധി ജൂൺ അവസാനം മാധ്യവേനൽ അവധിയോട് ചേർന്ന് വരുന്നതിനാൽ പെരുന്നാൾ അവധികൂടി മാധ്യവേനൽ അവധിക്കൊപ്പം ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.