താമസക്കാരുടെ കുടുംബാംഗങ്ങൾക്ക് മൂന്നു മാസ സന്ദർശന വിസ അനുവദിച്ചുതുടങ്ങി
text_fieldsദുബൈ: എമിറേറ്റിൽ താമസക്കാരായ പ്രവാസികൾക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും കൊണ്ടുവരുന്നതിന് സൗകര്യമാകുന്ന 90 ദിവസ സന്ദർശന വിസ അനുവദിച്ചുതുടങ്ങി. വിസ ലഭിക്കാനായി താമസക്കാരൻ റീഫണ്ടബ്ൾ ഡെപ്പോസിറ്റായി 1000 ദിർഹം നൽകണമെന്ന നിബന്ധനയുണ്ട്. ‘ആമിർ’ സെൻററുകൾ വഴി ഇത്തരത്തിൽ അപേക്ഷിച്ച പലർക്കും മൂന്നുമാസ വിസ ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ പ്രഖ്യാപിച്ച വിസ പരിഷ്കരണ പ്രകാരം യു.എ.ഇയിൽ 90 ദിവസം കാലാവധിയുള്ള ടൂറിസ്റ്റ് വിസ നിർത്തലാക്കിയിരുന്നു. ഇതനുസരിച്ച് 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്റ്റ് വിസകളാണ് ഇപ്പോൾ അനുവദിച്ചുവരുന്നത്.
എന്നാൽ, താമസക്കാർക്ക് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സ്പോൺസർ ചെയ്യാനുള്ള വിസ ചട്ടം അനുസരിച്ചാണ് നിലവിൽ മൂന്നുമാസ വിസ അനുവദിക്കുന്നത്. അടുത്ത കുടുംബാംഗങ്ങൾക്കു മാത്രമാണ് നിലവിൽ ഈ വിസ ലഭിക്കുന്നതെന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.
1770 ദിർഹമാണ് വിസക്ക് ആകെ ചെലവുവരുന്നത്. 1000 ദിർഹം ഡെപ്പോസിറ്റും ടൈപ്പിങ് ചാർജ്, സേവന ഫീസ് എന്നിവ അടക്കം 770 ദിർഹമുമാണ് ഈടാക്കുന്നത്. അതേസമയം, പുതിയ വിസക്ക് അപേക്ഷ നൽകാൻ നിലവിൽ ട്രാവൽ ഏജൻസികൾക്ക് സാധിക്കുന്നില്ല.
വ്യക്തികൾക്ക് നേരിട്ട് അപേക്ഷിക്കാനുള്ള അവസരം മാത്രമാണുള്ളത്. ജി.ഡി.ആർ.എഫ്.എയുടെ ഓൺലൈൻ സൈറ്റ് വഴിയും ആപ്ലിക്കേഷൻ വഴിയും ആമിർ സെന്ററുകൾ വഴിയും അപേക്ഷിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.