സമുദ്രജീവികളെ രക്ഷിക്കാനും ആംബുലൻസെത്തും
text_fieldsഅബൂദബി: സമുദ്രജീവികളുടെ സംരക്ഷണത്തിന് വിപുലമായ സന്നാഹങ്ങളൊരുക്കുന്നതിന്റെ ഭാഗമായി പ്രത്യേക ആംബുലൻസുകൾ പുറത്തിറക്കി. മേഖലയിൽ തന്നെ ആദ്യമായാണ് ഗുരുതരമായി പരിക്കേൽക്കുന്ന സമുദ്ര ജീവികൾക്ക് കൃത്യമായ ചികിത്സ ലഭ്യമാക്കുന്നതിന് സഹായിക്കുന്ന ഇത്തരമൊരു സംവിധാനം ഒരുക്കുന്നത്. യാസ് സീവേൾഡ് റിസർച് ആൻഡ് റെസ്ക്യൂ സെന്ററും അബൂദബി പരിസ്ഥിതി ഏജൻസിയും ചേർന്നാണ് സംവിധാനം ഒരുക്കിയത്.
യു.എ.ഇയിലുടനീളം അപകട സ്ഥലങ്ങളിൽ വേഗത്തിൽ എത്തിച്ചേരാനും രക്ഷപ്പെടുത്താനും ആംബുലൻസ് ഉപയോഗിക്കാൻ സാധിക്കും. രണ്ട് ആംബുലൻസുകളാണ് നിലവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സമുദ്രജീവി ഗവേഷണ, സംരക്ഷണ, പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന മേഖലയിലെ ഏറ്റവും വലിയ കേന്ദ്രമാണ് യാസ് സീവേൾഡ് റിസർച് ആൻഡ് റെസ്ക്യൂ സെന്റർ. 9000 സ്ക്വയർ മീറ്റർ വിസ്തൃതിയിലുള്ള കേന്ദ്രത്തിൽ നേരത്തെതന്നെ ഏറ്റവും നവീനമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ചികിത്സക്ക് ആവശ്യമായ ക്ലിനിക്, വെറ്ററിനറി ആശുപത്രി എന്നിവയും ഇവിടെയുണ്ട്. യു.എ.ഇയിൽ എല്ലായിടത്തും 24 മണിക്കൂറും ഇതിന്റെ സേവനം ലഭിക്കും. 800-555 എന്ന നമ്പറിൽ അടിയന്തര ആവശ്യങ്ങൾക്ക് വിളിച്ച് അറിയിക്കാം.
ഡോൾഫിനുകൾ അടക്കമുള്ള സമുദ്ര ജീവികളെ സുരക്ഷിതമായി ഉൾക്കൊള്ളാൻ സാധിക്കുന്ന രീതിയിലാണ് ആംബുലൻസ് രൂപപ്പെടുത്തിയിട്ടുള്ളത്. ഓരോ രക്ഷാദൗത്യങ്ങൾക്കും ആവശ്യമായ രീതിയിൽ വ്യത്യസ്ത സംവിധാനങ്ങളുമുണ്ട്.
സമുദ്രജീവികളുടെ സംരക്ഷണത്തിൽ പ്രതിബദ്ധതയോടെ മുന്നോട്ടുപോകുന്നതിന്റെ ഭാഗമായാണ് സംവിധാനങ്ങൾ ഒരുക്കുന്നതെന്നും സമയബന്ധിതമായി ചികിത്സ ലഭ്യമാക്കാനും സമുദ്രജീവികളെ രക്ഷിക്കാനും ഇത് ഉപകാരപ്പെടുമെന്നും സീവേൾഡ് യാസ്ഐലൻഡ് ജനറൽ ക്യൂറേറ്റർ റോബ് യോർദി പറഞ്ഞു.
പുതിയ ആംബുലൻസ് സൗകര്യം കൂടുതൽ പ്രദേശങ്ങളിൽ സേവനം ലഭ്യമാക്കാനും കൂടുതൽ ജീവികളെ സംരക്ഷിക്കാനും സഹായിക്കുമെന്ന് അബൂദബി പരിസ്ഥിതി ഏജൻസിയിലെ ടെറസ്ട്രിയൽ ആൻഡ് മറൈൻ ബയോഡൈവേഴ്സിറ്റി സെക്ടറിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അൽ ഹാഷ്മി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.