യു.എ.ഇ: കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമത്തിൽ ഭേദഗതി
text_fieldsദുബൈ: കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ, നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുന്നതും തടയുന്നതിനുള്ള ഫെഡറൽ നിയമത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി വരുത്തി യു.എ.ഇ സർക്കാർ. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ പ്രവർത്തനത്തെ സഹായിക്കുന്നതിനാണ് ഭേദഗതികൾ ലക്ഷ്യമിടുന്നത്.
അതോടൊപ്പം അന്താരാഷ്ട്രതലത്തിലെ ഉടമ്പടികൾക്കും ശിപാർശകൾക്കും അനുസരിച്ച് രാജ്യത്തിന്റെ സാങ്കേതിക രീതികൾ ഏകീകരിക്കുന്നതിനും ഇത് സഹായിക്കും. പ്രാദേശിക സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാൻ ആരംഭിച്ച ദേശീയ നയങ്ങളുമായി ചേർന്നുവരുന്നതാണ് നിയമഭേദഗതികളെന്നും വാർത്ത ഏജൻസി ‘വാം’ റിപ്പോർട്ട് ചെയ്തു.
ഭേദഗതിയനുസരിച്ച് കള്ളപ്പണം വെളുപ്പിക്കലിനും തീവ്രവാദ, നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുന്നതിനുമെതിരെ ഒരു ദേശീയ കമ്മിറ്റിക്ക് രൂപംനൽകും. അതോടൊപ്പം ഈ കാര്യത്തിലെ ദേശീയ നയങ്ങളുടെ മേൽനോട്ടം നിർവഹിക്കുന്നതിനായി സുപ്രീം കമ്മിറ്റിയും രൂപവത്കരിക്കും.
ദേശീയ കമ്മിറ്റി നടപ്പാക്കുന്ന നയങ്ങളുടെയും നടപടികളുടെയും ഫലപ്രാപ്തി സുപ്രീം കമ്മിറ്റി പഠിക്കുകയും വിലയിരുത്തുകയും ചെയ്യും. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരെ, പ്രത്യേകിച്ച് കള്ളപ്പണം വെളുപ്പിക്കലിനെതിരെയും തീവ്രവാദ ഫണ്ടിങ്ങിനെതിരെയും രാജ്യത്ത് നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിയമഭേദഗതി നടപ്പിലാക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം പാലിക്കുന്നതിൽ പരാജയപ്പെട്ട 32 പ്രാദേശിക സ്വർണ ശുദ്ധീകരണശാലകളുടെ ലൈസൻസ് കഴിഞ്ഞ ദിവസം മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇത്തരത്തിൽ വിവിധ മേഖലകളിൽ നിയമം നടപ്പാക്കുന്നത് അധികൃതർ ഉറപ്പുവരുത്തുന്നുണ്ട്.
2018ൽ കള്ളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദ ഫണ്ടിങ്ങിനും എതിരായുള്ള നിയമം പാസാക്കിയതിന് ശേഷം 2021ൽ സർക്കാർ എക്സിക്യൂട്ടിവ് ഓഫിസ് ഫോർ ആന്റി മണി ലോന്ററിങ് ആൻഡ് കൗണ്ടർ ടെററിസം ഫിനാൻസിങ് സ്ഥാപിച്ചിരുന്നു.
കഴിഞ്ഞ വർഷം ജനുവരിക്കും ഒക്ടോബറിനും ഇടയിൽ ഈ മേഖലയിൽ അധികൃതർ ചുമത്തിയ പിഴയുടെ മൂല്യം 24.92 കോടി ദിർഹമാണ്. അതേസമയം 2022ൽ ഇത് 7.6 കോടി ദിർഹം മാത്രമായിരുന്നു. നടപടികൾ കൂടുതൽ ശക്തമാക്കുന്നതിന്റെ കൂടി ഭാഗമാണ് പുതിയ നിയമ ഭേദഗതിയെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.