പൊതുമാപ്പ്: 4000 തൊഴിൽ അഭിമുഖങ്ങൾ, 58 പേർക്ക് ജോലി
text_fieldsദുബൈ: യു.എ.ഇയിൽ തുടരുന്ന പൊതുമാപ്പ് നടപടികൾ രണ്ടാഴ്ച പിന്നിടുമ്പോൾ വിസ നിയമവിധേയമാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് വിവിധ കമ്പനികളിലായി 4000ത്തിലധികം തൊഴിൽ അഭിമുഖങ്ങൾ നടന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) വെളിപ്പെടുത്തി.
ഈ തൊഴിൽ അഭിമുഖങ്ങളിൽ 58 പേർക്ക് പുതുതായി തൊഴിൽ ലഭിച്ചു. ഓരോരുത്തരുടെയും യോഗ്യതയും പ്രവൃത്തിപരിചയവും അടിസ്ഥാനമാക്കിയാണ് വിവിധ തസ്തികകളിൽ തൊഴിൽ ലഭിച്ചത്.
വിവിധ കമ്പനികളുമായി സഹകരിച്ച് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലാണ് ജോബ് ഇന്റർവ്യൂകൾ നടന്നത്. വിസ നിയമലംഘകരെ പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തി രാജ്യത്ത് തുടരാൻ വീണ്ടും അവസരം ഒരുക്കുകയാണ് ഇതുവഴി ചെയ്യുന്നതെന്ന് ജി.ഡി.ആർ.എഫ്.എ വ്യക്തമാക്കി. 22 കമ്പനികളാണ് നിലവിൽ തൊഴിൽ നൽകാൻ മുന്നോട്ടുവന്നിരിക്കുന്നത്.
80ലധികം കമ്പനികൾ ഈ പദ്ധതിയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത് രാജ്യത്ത് നിയമപരമായി താമസിക്കാൻ അനുമതി തേടുന്ന വ്യക്തികൾക്ക് ശോഭനമായ ഭാവിക്ക് വഴിയൊരുക്കുമെന്നും നിയമനക്കാർക്കിടയിൽ 100 ശതമാനം സംതൃപ്തി നിരക്ക് കൈവരിക്കാനാവുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
‘സുരക്ഷിത സമൂഹത്തിലേക്ക്’ എന്ന ആശയത്തിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി (ഐ.സി.പി) പ്രഖ്യാപിച്ച കാമ്പയിനിലേക്ക് വരുംദിവസങ്ങളിൽ കൂടുതൽ കമ്പനികൾ തൊഴിൽ വാഗ്ദാനം ചെയ്ത് മുന്നോട്ടുവരുന്നതോടെ തൊഴിൽ നേടുന്നവരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ.
ഈ സംരംഭത്തിന് കീഴിൽ തൊഴിലവസരങ്ങൾ സംയോജിക്കുന്നത് സാമൂഹിക ഐക്യം വർധിപ്പിക്കുകയും വ്യക്തികളുടെ സാമ്പത്തിക ശാക്തീകരണത്തെ പിന്തുണക്കുകയും ചെയ്യുമെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
വ്യക്തികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ വിദ്യാഭ്യാസ യോഗ്യത, പ്രഫഷനൽ പരിചയം, വ്യക്തിഗത വൈദഗ്ധ്യം, പ്രഫഷനൽ സർട്ടിഫിക്കറ്റുകൾ എന്നിവ ഉൾപ്പെടുന്നു. കൂടാതെ, അവർ കമ്പനികൾ നിശ്ചയിച്ച അഭിമുഖങ്ങളിലും മറ്റു ടെസ്റ്റുകളിലും വിജയിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.