പൊതുമാപ്പ് ബോധവത്കരണവും നിയമസഹായവും ഞായറാഴ്ച
text_fieldsദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്കുവേണ്ടി ബോധവത്കരണവും നിയമ സഹായ ക്യാമ്പും സംഘടിപ്പിക്കുന്നു. പ്രവാസി ഇന്ത്യ ലീഗൽ സർവിസ് സൊസൈറ്റി (പിൽസ്)യുടെ നേതൃത്വത്തിൽ ദുബൈ സ്റ്റേഡിയം മെട്രോക്ക് സമീപത്തുള്ള എം.എസ്.എസ് ഹാളിൽ സെപ്റ്റംബർ എട്ട് ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് ആറുവരെ പരിപാടി നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ ലേബർ കോൺസൽ ബിജേന്ദ്ര സിങ് പരിപാടി ഉദ്ഘാടനം ചെയ്യും. പ്രഗല്ഭരായ നിയമവിദഗ്ധരുടെ മേൽനോട്ടത്തിൽ പൊതുമാപ്പപേക്ഷകർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പരിപാടിയിൽ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ, വിവിധ സംഘടനാ നേതാക്കൾ, ആമിർ സെന്റർ ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.
വിദഗ്ധരായ തൊഴിൽ അന്വേഷകർക്ക് തൊഴിൽ ലഭിക്കാനും കേസുകളുള്ളവർക്ക് നിയമ സഹായവും ക്യാമ്പിൽ ലഭ്യമാകുമെന്ന് സംഘാടകർ അറിയിച്ചു. വിസാ കാലാവധി കഴിഞ്ഞവർക്ക് യു.എ.ഇ സർക്കാർ അനുവദിച്ചിട്ടുള്ള ഇളവുകൾ ഉപയോഗപ്പെടുത്തണമെന്ന് പിൽസ് ഭാരവാഹികൾ അഭ്യർഥിച്ചു. ക്യാമ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 0529432858, 0508687983 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.