പൊതുമാപ്പ്: കർമനിരതരായി കമ്യൂണിറ്റി വളന്റിയർമാർ
text_fieldsദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ട് മാസത്തെ പൊതുമാപ്പിൽ ഇളവ് തേടുന്നവരെ സഹായിക്കുന്നതിനായി കർമനിരതരായി കമ്യൂണിറ്റി വളന്റിയർമാർ. ആംനസ്റ്റി സെന്ററുകളിൽ കഴിഞ്ഞ മൂന്നാഴ്ചക്കിടെ 40 കമ്യൂണിറ്റി വളന്റിയർമാർ ചേർന്ന് 5,040 മണിക്കൂർ തൊഴിൽസമയം ചെലവിട്ടതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫേഴ്സ് (ജി.ഡി.ആർ.എഫ്.എ) അറിയിച്ചു.
ദുബൈയിലുടനീളം പ്രവർത്തിക്കുന്ന ആമിർ സെന്ററുകളും അൽ അവീർ സെന്ററുകളും സന്നദ്ധപ്രവർത്തനത്തിനുള്ള പ്രധാന പ്ലാറ്റ്ഫോമായി മാറുകയാണ്. ഗുണഭോക്താക്കളെ സഹായിക്കുകയും ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുന്നതിൽ സന്നദ്ധ പ്രവർത്തകരുടെ പങ്ക് നിർണായകമാണ്. വതനി അൽ ഇമാറാത്ത് ഫൗണ്ടേഷനുമായി സഹകരിച്ചാണ് വിവിധ ദേശങ്ങളിൽനിന്നുള്ള വളന്റിയർമാരെ ജി.ഡി.ആർ.എഫ്.എ തിരഞ്ഞെടുക്കുന്നത്.
പൊതുമാപ്പ് കേന്ദ്രങ്ങളിൽ എത്തുന്നവരെ സംഘടിപ്പിക്കുകയും അതത് ഡിപ്പാർട്മെന്റുകളിലേക്ക് അവരെ നയിക്കുകയും ചെയ്യുകയാണ് സന്നദ്ധപ്രവർത്തകർ ചെയ്യുന്നത്. ഇതുവഴി പൊതുമാപ്പ് നടപടികൾ എളുപ്പത്തിലും വേഗത്തിലും പൂർത്തീകരിക്കാൻ കഴിയും. സന്നദ്ധ പ്രവർത്തകരുടെ എണ്ണം നൂറായി വർധിപ്പിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.
പ്രതിദിനം ഒരു സന്നദ്ധപ്രവർത്തകൻ ആറു മണിക്കൂറാണ് ആംനസ്റ്റി സെന്ററുകളിൽ ചെലവിടുന്നത്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് നടപടികൾ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ആയിരക്കണക്കിന് പ്രവാസികൾക്ക് വിസ രേഖകൾ നിയമവിധേയമാക്കാനുള്ള സുവർണാവസരമാണ് വാഗ്ദാനം നൽകുന്നത്.
പിഴ നടപടികളിൽനിന്ന് ഒഴിവായി വിസ സ്റ്റാറ്റസ് നിയമവിധേയമാക്കി രാജ്യത്ത് തുടരാനും എക്സിറ്റ് പെർമിറ്റ് നേടി രാജ്യം വിടാനും പൊതുമാപ്പ് കാലയളവിൽ അവസരമുണ്ട്. ഇതുവരെ, നൂറുകണക്കിന് താമസക്കാർ അവരുടെ പദവി ക്രമപ്പെടുത്തുന്നതിന് പൊതുമാപ്പ് ഉപയോഗിച്ചതായി ജി.ഡി.ആർ.എഫ്.എ അറിയിച്ചു.
പിഴ നടപടികൾ ഒഴിവാക്കി വിസ നിയമവിധേയമാക്കി പുതു ജീവിതം ആരംഭിക്കാനും കുട്ടികൾക്ക് പുതിയ ഐഡന്റിറ്റി സമ്മാനിക്കാനും നിരവധി പേരാണ് പൊതുമാപ്പ് ഉപയോഗപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.