യു.എ.ഇയിൽ പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി
text_fieldsദുബൈ: യു.എ.ഇയിൽ പൊതുമാപ്പ് കാലാവധി നീട്ടി. ഡിസംബർ 31 വരെ രണ്ടുമാസത്തേക്കാണ് ആനുകൂല്യം നീട്ടിയത്. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച പൊതുമാപ്പ് ഒക്ടോബർ 31ന് അവസാനിക്കാനിരിക്കെയാണ് രണ്ട് മാസം കൂടി ഇളവ് അനുവദിച്ചതായി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐ.സി.പി) അറിയിച്ചത്. പൊതുമാപ്പ് നീട്ടില്ലെന്നായിരുന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നത്.
എന്നാൽ, അവസാനദിവസങ്ങളിൽ ആംനസ്റ്റി കേന്ദ്രങ്ങളിൽ അനുഭവപ്പെട്ട തിരക്ക് കൂടി കണക്കിലെടുത്ത് രണ്ടുമാസത്തേക്ക് കൂടി പൊതുമാപ്പ് ആനൂകൂല്യം നീട്ടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇതോടെ വിസാ കാലാവധി പിന്നിട്ട് യു.എ.ഇയിൽ നിയമവിരുദ്ധരായി കഴിയുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ കൂടുതൽ സാവകാശം ലഭിക്കും.
രേഖകൾ ശരിയാക്കി യു.എ.ഇയിൽ നിയമവിധേയരാകാനും ഈകാലയളവ് പ്രയോജനപ്പെടുത്താം. നിലവിൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനകം രാജ്യം വിടണമെന്ന് ഐ.സി.പി. നിർദേശം നൽകിയിട്ടുണ്ട്. വിവിധ രാജ്യക്കാരായ പതിനായിരക്കണക്കിന് പ്രവാസികളാണ് ഇതിനകം പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിന്‍റെ കണക്കുകൾ പ്രകാരം പതിനായിരം ഇന്ത്യൻ പൗരൻമാർ പൊതുമാപ്പിന്‍റെ ആനുകൂല്യം തേടിയിട്ടുണ്ട്. ഇവരിൽ 1300 പേർക്ക് പാസ്പോർട്ടും 1700 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റും നൽകി. 1500 ലധികം പേർക്ക് കോൺസുലേറ്റ് മുഖേന മാത്രം എക്സിറ്റ് പെർമിറ്റും ലഭ്യമാക്കിയിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.