യു.എ.ഇയിൽ പൊതുമാപ്പ് ഇന്നവസാനിക്കും
text_fieldsദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച രണ്ടു മാസത്തെ പൊതുമാപ്പ് കാലയളവ് വ്യാഴാഴ്ച അവസാനിക്കും. നവംബർ ഒന്നുമുതൽ നിയമലംഘനം കണ്ടെത്തിയാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി രാജ്യവ്യാപകമായി പരിശോധന കർശനമാക്കും. പൊതുമാപ്പ് കാലയളവിന് ശേഷം അനധികൃത താമസക്കാരെ ജോലിക്ക് നിയമിച്ചാൽ ഉടമകൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐ.സി.പി), ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) എന്നിവർ സംയുക്ത പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
നിയമലംഘനം കണ്ടെത്തിയാൽ അത്തരം കമ്പനികളെ നിരോധിത പട്ടികയിൽ ഉൾപ്പെടുത്തുന്നതോടൊപ്പം വൻ തുക പിഴയും ചുമത്തും. റസിഡൻഷ്യൽ ഏരിയകളിലും ബിസിനസ് സ്ഥാപനങ്ങളിലും പരിശോധന വ്യാപിപ്പിക്കുമെന്ന് ജി.ഡി.ആർ.എഫ്.എ ഇൻവെസ്റ്റിഗേഷൻ അഫയേഴ്സ് ഡെപ്യൂട്ടി അസി. ഡയറക്ടർ കേണൽ അബ്ദുല്ല ആതിഖ് പറഞ്ഞു.
സെപ്റ്റംബർ ഒന്നുമുതൽ ആരംഭിച്ച പൊതുമാപ്പ് ആയിരക്കണക്കിന് പ്രവാസികൾ ഉപയോഗപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
വിസ നിയമം ലംഘിച്ചവർക്ക് പിഴ കൂടാതെ രാജ്യം വിടാനും രേഖകൾ ശരിയാക്കി രാജ്യത്ത് തങ്ങി പുതിയ വിസയിലേക്ക് മാറാനും പൊതുമാപ്പ് കാലയളവിൽ അവസരമൊരുക്കിയിരുന്നു. ഇതോടൊപ്പം, പൊതുമാപ്പ് പ്രയോജനപ്പെടുത്തി രാജ്യം വിട്ടവർക്ക് യു.എ.ഇയിലേക്ക് തിരികെ വരുന്നതിനും തടസ്സമുണ്ടായിരുന്നില്ല. എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ 14 ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്നാണ് നിയമമെങ്കിലും പൊതുമാപ്പ് അവസാനിച്ചാലും അത്തരക്കാർക്ക് രാജ്യം വിടാൻ സാവകാശം ലഭിക്കും.
പൊതുമാപ്പ് നടപടികൾക്കായി അതിവിപുലമായ സൗകര്യങ്ങളും അധികൃതർ ഒരുക്കിയിരുന്നു. പ്രവാസികളെ സഹായിക്കുന്നതിനായി എമിറേറ്റിലെ 86 ആമർ സെന്ററുകളിലും അൽ അവീറിലെ നിയമലംഘകരുടെ സെറ്റിൽമെന്റ് പരിഹാരകേന്ദ്രത്തിലുമാണ് ഹെൽപ് ഡെസ്ക് പ്രവർത്തിച്ചിരുന്നത്.
വിസ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്ന 4000 വ്യക്തികൾക്ക് ജി.ഡി.ആർ.എഫ്.എ തൊഴിൽ അഭിമുഖങ്ങൾ നടത്തുകയും ഇതിൽനിന്ന് തിരഞ്ഞെടുത്ത 58 പേർക്ക് അവരുടെ യോഗ്യതക്കനുസരിച്ച ജോലി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. 22 കമ്പനികളാണ് തൊഴിൽ വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നത്.
ഇന്ത്യൻ എംബസിയും ദുബൈ ഇന്ത്യൻ കോൺസൽ ഓഫിസും പൊതുമാപ്പ് നടപടികൾ ഏകോപിപ്പിക്കുന്നതിനായി കേന്ദ്രങ്ങൾ തുടങ്ങിയിരുന്നു.
രണ്ട് മാസക്കാലയളവിൽ ദുബൈ ഇന്ത്യൻ കോൺസൽ ഓഫിസിൽ 10,000 ഇന്ത്യക്കാരാണ് സഹായം തേടിയത്. ഇക്കാലയളവിൽ 13,00 പാസ്പോർട്ടുകളും1700 അടിയന്തര സർട്ടിഫിക്കറ്റുകളുമാണ് കോൺസുലേറ്റ് അനുവദിച്ചത്. കൂടാതെ 1500ലധികം എക്സിറ്റ് പെർമിറ്റ് ലഭിക്കുന്നതിനും വിവിധ തരത്തിലുള്ള ഫീസുകളും പിഴകളും ഒഴിവാക്കുന്നതിനും സഹായങ്ങൾ നൽകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.