പൊതുമാപ്പിലും നാടണയാനാകാതെ നൊമ്പരമായി മലയാളി
text_fieldsഅജ്മാന്: യു.എ.ഇ പ്രഖ്യാപിച്ച രണ്ടു മാസത്തെ പൊതുമാപ്പ് അവസാനിക്കാന്‍ 10 ദിവസം മാത്രം അവശേഷിക്കെ നാടണയാനാകാതെ നൊമ്പരമായി മലയാളി യുവാവ്. എട്ടര വര്‍ഷത്തോളമായി ഇദ്ദേഹം നാട്ടില്‍ നിന്ന് എത്തിയിട്ട്. തന്റെ പേരിലുണ്ടായിരുന്ന താമസസ്ഥലം ഒഴിഞ്ഞപ്പോള്‍ കെട്ടിട ഉടമക്ക് ക്ലിയറന്‍സ് നല്കാന് വിട്ടുപോയതാണ് യുവാവിന് വിനയായത്.
കെട്ടിട ഉടമ നൽകിയ കേസ് സംബന്ധിച്ച് അറിഞ്ഞിരുന്നതുമില്ല. വാടകയിനത്തില്‍ 31,167 ദിര്‍ഹം നല്‍കാനുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റൊരാളുമായി ചേര്‍ന്ന് നടത്തിയിരുന്ന ബിസിനസും നഷ്ടത്തിലായതിനെ തുടര്‍ന്ന് നിർത്തേണ്ടിവന്നു.
കഴിഞ്ഞ എട്ടു മാസമായി വിസ കാലാവധിയും അവസാനിച്ചിരിക്കുകയാണ്. യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് നിലവില്‍ വന്നതോടെ പിഴകൂടാതെ നാട്ടില്‍ പോകാനായി ഔട്ട് പാസിന് ശ്രമിച്ചപ്പോഴാണ് തനിക്കെതിരെ വാടകയുമായി ബന്ധപ്പെട്ട് കേസുള്ള വിവരം അറിയുന്നത്. ഭീമമായ തുക അടക്കാന്‍ നിര്വാഹമില്ലെന്നതിനാല് റിയല്‍ എസ്റ്റേറ്റ് അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ തല്ക്കാലം 5000 ദിര്‍ഹം അടക്കാനും ബാക്കി തുക വിസയുടെ കാര്യങ്ങള്‍ ശരിയാക്കിയ ശേഷം അടച്ച് തീര്‍ക്കാനും സമ്മതിച്ചതായി യുവാവ് പറയുന്നു.
പുതിയ വിസയടിച്ച രേഖയും ചെക്ക് ഗാരന്റിയും നല്‍കണമെന്നതാണ് റിയല്‍ എസ്റ്റേറ്റ് അധികൃതരുടെ ഡിമാൻഡ്. എന്നാല്‍, കേസില്‍ ആനുകൂല്യം ലഭിക്കുന്നതിന് ആദ്യം കെട്ടിവെക്കാനുള്ള 5000 ദിര്‍ഹം തന്നെ പലരോടായി കടം വാങ്ങിയതാണ്. ഇദ്ദേഹത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ പരിചയത്തിലുള്ള ഒരു ഗാര്‍മെന്റ്സ് സ്ഥാപനം ഇയാള്‍ക്ക് വിസ നല്‍കാമെന്ന് ഏറ്റിട്ടുണ്ടെങ്കിലും വിസയടിക്കാനുള്ള തുക ഇയാള്‍തന്നെ കണ്ടെത്തണം എന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
രോഗികളായ ബാപ്പയും ഉമ്മയും ഒരു പെങ്ങളുമുള്ള കുടുംബത്തിന്റെ ഏക അത്താണിയാണ് അവിവാഹിതനായ 29കാരൻ. നിത്യരോഗികളായ മാതാപിതാക്കളെ കണ്ടിട്ട് എട്ടര വര്‍ഷത്തോളമായി. 10 ദിവസം മാത്രം ബാക്കിയുള്ള ഈ പൊതുമാപ്പിലെങ്കിലും സുമനസ്സുകളുടെ കാരുണ്യത്തില്‍ നാട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഈ ചെറുപ്പക്കാരന്. ഇദ്ദേഹത്തെ ബന്ധപ്പെടേണ്ട നമ്പര്‍ 0588205246.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.