വേനലിൽ കുളിരാകാൻ അബൂദബി
text_fieldsഅബൂദബി:ശൈത്യത്തിന് വിരാമമിട്ട് രാജ്യം വേനൽകാലത്തിലേക്ക് പ്രവേശിക്കുമ്പോൾ മനസും ശരീരവും തണുപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികൾ ആസൂത്രണം ചെയ്ത് തലസ്ഥാന നഗരി. സ്നോ അബൂദബി, ക്ലൈമ്പ്, നാഷനല്‍ അക്വേറിയം, സായിദ് സ്പോര്‍ട്സ് സിറ്റി ഐസ് റിങ്ക്, ലൂവ് റേ അബൂദബി, ക്രൈയോ, യാസ് വാട്ടര്‍വേള്‍ഡ് അബൂദബി, സരയ് സ്പാ, അഡ്രിനാര്ക് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ തണുപ്പ് നുകർന്ന് കാഴ്ചകൾ കാണാനുള്ള സുവർണ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഇതോടൊപ്പം ജൂൺ ആറു മുതൽ എട്ടുവരെയുള്ള ദിനങ്ങളിൽ ഡിസ്നിയുടെ ആറ് സംഗീത മേളകളും അരങ്ങേറും. കുട്ടികളെയും കുടുംബങ്ങളെയും ഒരുപോലെ ആകര്‍ഷിക്കുന്ന പരിപാടിയില്‍ പാട്ടും ഡാന്‍സും ത്രിഡി സ്പെഷ്യല്‍ എഫക്ടും അക്രോബാറ്റിക്സുമൊക്കെയുണ്ടാവും. മിക്ക് മൗസ് ക്ലബ് ഹൗസില്‍ കൊച്ചുകൂട്ടുകാരെ ത്രില്ലടിപ്പിക്കാന്‍ മിക്കി മൗസിനൊപ്പം മിന്നിയും ഗൂഫിയും ഏരിയലും പപ്പി ഡോഗ് പല്സ്വന്ദ് ഗിന്നിയും സൂപ്പര്‍ കിറ്റീസിലെ ബിറ്റ്സിയും സ്റ്റേജിലെത്തും. അല്‍ റീം ദ്വീപിലെ റീം മാളിലാണ് വ്യത്യസ്ത റൈഡുകളുള്ള സ്നോ അബൂദബി. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെയും വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അര്‍ധരാത്രി 12 വരെയുമാണ് സന്ദർശന സമയം. 215 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്.
ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്കൈ ഡൈവിങ് ഫ്ളൈറ്റ് ചേംബറാണ് യാസ് മാള്‍ അബൂദബിയിലെ ക്ലൈമ്പിലുള്ളത്. വായുവില്‍ നില്‍ക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. ബുധന്‍ മുതല്‍ ഞായര്‍ വരെ ഉച്ചയ്ക്ക് 12 മുതല്‍ രാത്രി ഒമ്പത് വരെയാണ് സന്ദർശന സമയം. 235 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്. അപൂവയിനം പഫിന് പക്ഷികളെ കാണാനുള്ള അവസരമൊരുക്കുകയാണ് നാഷനല്‍ അക്വേറിയം. തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് സന്ദര്‍ശന സമയം. ടിക്കറ്റ് നിരക്ക് 110 ദിര്‍ഹം മുതല്‍. ഐസ് സ്കേറ്റിങ്ങിന് മികച്ച സൗകര്യമാണ് സായിദ് സ്പോര്‍ട്സ് സിറ്റി ഐസ് റിങ്കിലുള്ളത്. സ്കേറ്റിങ് മേഖലയിലെ തണുപ്പ് നിലനിര്‍ത്താന്‍ ശീതീകരണ സംവിധാനങ്ങളെ ഒന്നാന്തരമായി സംവിധാനിച്ചിട്ടുണ്ട്.
സന്ദർശന സമയം ബുധനാഴ്ച രാവിലെ 9.15 മുതല്‍ 10 മണി വരെ. പകല്‍ സമയങ്ങളില്‍ 55 ദിര്‍ഹവും രാത്രിയില്‍ 105 ദിര്‍ഹവുമാണ് ടിക്കറ്റ് നിരക്ക്. സ്ത്രീകള്‍ക്കു മാത്രമായി വെള്ളിയാഴ്ചകളിൽ പ്രത്യേക സെഷനുകളുണ്ട്. പ്രകൃതിദത്ത പ്രകാശ വിതാനവും കല്ലില്‍ നിര്‍മിച്ച തറയുമൊക്കെ സഅദിയാത്ത് ദ്വീപിലെ ലൂവ് റെ അബൂദബിയില്‍ തണുപ്പ് നിലനിര്‍ത്തുന്നു. 18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. 63 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. താഴ്ന്ന താപനില ഒരുക്കി ത്വക്കുമായി ബന്ധപ്പെട്ട ഒട്ടേറെ രോഗങ്ങളെ ചികില്സിക്കുന്ന ക്രൈയോ തെറാപ്പിയാണ് സഅദിയാത്ത് ദ്വീപിലെ ടര്ക്യോയിസ് 8ലെ ക്രൈയോ മാംഷയില് ഒരുക്കിയിരിക്കുന്നത്. തിങ്കള്‍ മുതല്‍ ഞായര്‍ വരെ രാവിലെ 9 മുതല്‍ രാത്രി 10 വരെയാണ് പ്രവേശനം.
അബൂദബി യാസ് ദ്വീപിലെ യാസ് വാട്ടര്‍വേള്‍ഡ് അബൂദബിയില്‍ ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന ടൊര്‍ണാഡോ വാട്ടര്‍ കോസ്റ്റര്‍, 300 മീറ്റര്‍ ലേസി റിവര്‍, മറ്റ് വാട്ടര്‍ സ്ലൈഡുകള്‍, വെള്ളച്ചാട്ടം, ജല വിസ്ഫോടനം തുടങ്ങി വിവിധ ജലകേളികളാണ് യാസ് വാട്ടര്വേള്ഡിലുള്ളത്. രാവിലെ 10 മുതല്‍ രാത്രി 7വരെയാണ് പ്രവേശനം. സ്ത്രീകള്‍ക്ക് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മുതല്‍ രാത്രി 10 വരെ പ്രത്യേക സൗകര്യം. 295 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക്.
അബൂദബിയിലെ ആദ്യത്തെ മഞ്ഞ് ഗുഹയാണ് അല്‍ വത്ബയിലെ സരയ് സ്പാ. രാവിലെ 11 മുതല്‍ രാത്രി 10വരെയാണ് സന്ദർശന സമയം. 200 ദിര്‍ഹമാണ് സ്പായിലെ പ്രവേശനഫീസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.