വിടപറഞ്ഞത് സജീവ വിദ്യാഭ്യാസ പ്രവർത്തകൻ
text_fieldsദുബൈ: വിടപറഞ്ഞ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ ചെയർമാനുമായ ജോൺ എം. തോമസ് ദുബൈയിലെ പ്രവാസി സമൂഹത്തിന് മറക്കാനാവാത്ത വ്യക്തിത്വം. പ്രയാസകരമായ സാഹചര്യങ്ങളോട് പൊരുതിയാണ് 1979ൽ അദ്ദേഹം ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ സ്ഥാപിക്കുന്നത്. 200കുട്ടികളും 35 അധ്യാപകരുമാണ് തുടക്കത്തിലുണ്ടായിരുന്നത്. പിന്നീട് ആയിരത്തിലേറെ വിദ്യാർഥികളും നൂറിലേറെ അധ്യാപകരുമുള്ള സ്ഥാപനമായി വളർന്നു. പ്രവാസി സമൂഹത്തിന് വിദ്യാഭ്യാസ മേഖലയിൽ കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സ്‌കൂൾ കഴിഞ്ഞ നാലു പതിറ്റാണ്ടിലധികമായി വിദ്യാർഥികൾക്ക് ആശാകേന്ദ്രമാണ്.
വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ ദുബൈയുടെയും പ്രവാസലോകത്തിന്‍റെയും മുന്നേറ്റത്തിൽ സംഭാവനകളർപ്പിക്കുക എന്ന ലക്ഷ്യവുമായി ആരംഭിച്ച സ്കൂളിൽ സാമ്പത്തിക പ്രയാസമുള്ള വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസത്തിനും സൗകര്യമൊരുക്കിയിരുന്നു. കുറഞ്ഞ പ്രവാസി കുടുംബങ്ങൾ മാത്രം ദുബൈയിലുണ്ടായിരുന്ന കാലത്ത് ആരംഭിച്ച സ്ഥാപനം അക്കാലത്ത് സാധാരണക്കാർക്ക് വലിയ ആശ്വാസമായിരുന്നു. പിൽക്കാലത്ത് വിവിധ മേഖലകളിൽ പ്രഗല്ഭരായ നിരവധിപേർ സ്കൂളിൽനിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.
ജോൺ എം. തോമസിന്‍റെ വിയോഗം ദുബൈയിലെ വിദ്യാഭ്യാസ മേഖലയിൽ കനത്ത വിടവാണെന്നും അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടിനനുസരിച്ച് സ്ഥാപനം മുന്നോട്ടുപോകുമെന്നും സ്കൂൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.