രണ്ട് മലയാളി കുടുംബങ്ങളുമായി എമിറേറ്റ്സ് വിമാനം കൊച്ചിയിൽ നിന്ന് ദുബൈയിലെത്തി
text_fieldsദുബൈ: യാത്രാ വിലക്ക് നീളുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ വ്യവസായികൾ എമിറേറ്റ്സ് വിമാനത്തിൽ യു.എ.ഇയിലേക്ക് ഒറ്റക്ക് പറന്നത് കഴിഞ്ഞ ദിവസം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ, രണ്ട് മലയാളി കുടുംബങ്ങളുമായി എമിറേറ്റ്സ് വിമാനം കൊച്ചിയിൽ നിന്ന് ദുബൈയിലെത്തിയിരിക്കുന്നു. നാദാപുരം സ്വദേശി ഹഫ്സയും നാല് മക്കളുമാണ് ആൾതിരക്കില്ലാത്ത എമിറേറ്റ്സിൽ ദുബൈയിൽ പറന്നിറങ്ങിയത്. കൊച്ചിയിൽ നിന്നുള്ള മറ്റൊരു കുടുംബവും ഇവർക്കൊപ്പമുണ്ടായിരുന്നു. 360 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിലാണ് രണ്ട് കുടുംബങ്ങൾ മാത്രം എത്തിയത്. ഞായറാഴ്ച പുലർച്ചെ ഇന്ത്യൻ സമയം നാലിന് പുറപ്പെട്ട വിമാനം യു.എ.ഇ സമയം ആറിന് ദുബൈയിലെത്തി.
ജി.സി.സിയിലെ പ്രമുഖ കമ്പ്യൂട്ടർ സെയിൽസ് സ്ഥാപനമായ അൽ ഇർഷാദ് കമ്പ്യൂേട്ടഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ യൂനുസ് ഹസന് ലഭിച്ച ഗോൾഡൻ വിസയാണ് ഭാര്യക്കും മക്കൾക്കും തുണയായത്. യു.എ.ഇയിലേക്ക് ഇന്ത്യക്കാർക്ക് യാത്രാവിലക്കുണ്ടെങ്കിലും ഗോൾഡൻ വിസയുള്ളവർക്ക് യാത്ര ചെയ്യാം. യൂനുസ് ഹസെൻറ സ്പോൺസർഷിപ്പിൽ ഹഫ്സക്കും മക്കളായ നിഹ്‌ല യൂനുസ്, നുജൂം യൂനുസ്, മുഹമ്മദ് ഹിലാൽ, മുഹമ്മദ് ഹാനി ഹംദാൻ എന്നിവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. ഹൃദ്യമായ സ്വീകരണമാണ് എമിറേറ്റ്സ് ജീവനക്കാർ ഒരുക്കിയതെന്ന് നിഹ്‌ല പറഞ്ഞു. പല തവണ എമിറേറ്റ്സിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനൊരു അനുഭവം. എക്കോണമി ക്ലാസിലായിരുന്നു യാത്രയെങ്കിലും ബിസിനസ് ക്ലാസ് ഉൾപെടെ ഏത് സീറ്റിൽ വേണമെങ്കിലും ഇരിക്കാൻ അവർ അനുവാദം നൽകി.
ഞങ്ങൾ ഓരോരുത്തരുെട കാര്യങ്ങളും കൈകാര്യം ചെയ്യാൻ ഓരോ എയർഹോസ്റ്റസുമാർ വീതമുണ്ടായിരുന്നു. ടെർമിനൽ വരെ അവർ അനുഗമിച്ചു. കോവിഡ് ടെസ്റ്റെടുക്കാനും ഞങ്ങൾക്കൊപ്പം എത്തി. സാധാരണ എമിഗ്രേഷനിലെത്തിയാൽ ക്യൂ നിൽക്കണം. ഞങ്ങളോട് സീറ്റിലിരിക്കാൻ നിർദേശിച്ച ശേഷം അവർ തന്നെ പാസ്പോർട്ട് വാങ്ങി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുകയായിരുന്നുവെന്നും നിഹ്‌ല കൂട്ടിചേർത്തു.
നാദാപുരത്തു നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്താൻ ഏറെ പ്രയാസപ്പെെട്ടന്ന് ഹഫ്സ പറഞ്ഞു. ട്രിപ്പ്ൾ ലോക്ഡൗണായതിനാൽ വഴി നീളെ പൊലീസ് പരിശോധനയായിരുന്നു. ഏഴ് മണിക്കൂറിൽ തീരേണ്ട യാത്ര 12 മണിക്കൂറെടുത്താണ് കൊച്ചിയിലെത്തിയത്. എങ്കിലും, വിമാനത്തിൽ കയറിയതോടെ ആശ്വാസമായി. ഗോൾഡൻ വിസ നൽകിയ യു.എ.ഇ സർക്കാരിെൻറ അനുഭാവപൂർണമായ പരിഗണനയാണ് തങ്ങൾക്ക് യാത്രയൊരുക്കിയതെന്നും യു.എ.ഇ ഭരണകൂടത്തോട് നന്ദി രേഖപ്പെടുത്തുന്നുവെന്നും ഹഫ്സ കൂട്ടിചേർത്തു.
1.80 ലക്ഷം രൂപയാണ് അഞ്ച് പേരുടെ ടിക്കറ്റിനായി ചെലവായത്. എമിറേറ്റ്സ് മാത്രമാണ് നിലവിൽ ഇത്തരമൊരു സൗകര്യമൊരുക്കുന്നത്. കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളില നിന്ന് എമിറേറ്റ്സ് ഇല്ലാത്തതിനാലാണ് കൊച്ചിയിൽ നിന്ന് യാത്ര ചെയ്യേണ്ടി വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.