മലയാളത്തിൽ നിന്നൊരു ഇംഗ്ലീഷുകാരി
text_fieldsഷാർജ: രാജ്യാന്തര പുസ്തകമേളയിൽ ഇംഗ്ലീഷ് നോവലുമായി മലയാളി ബാലിക. ആയിഷ അലിഷ്ബ എന്ന പന്ത്രണ്ടുകാരിയാണ് ‘ടെയിൽ ഓഫ് ലോക്വുഡ് ലാൻഡ്, ദി ബ്ലു ഗേറ്റ്’ എന്ന ഇംഗ്ലീഷ് നോവലുമായി കടൽ കടന്നെത്തിയിരിക്കുന്നത്. രാജ്യാന്തര തലത്തിൽ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങൾക്കിടയിൽ ഏഴാം ക്ലാസുകാരിയുടെ സാഹിത്യ രചനയും ശ്രദ്ധനേടുന്നത് മലയാളികൾക്ക് അഭിമാനമാണ്.
കോഴിക്കോട് നാദാപുരം നരിപ്പറ്റ നമ്പിയത്താംകുണ്ട് സ്വദേശി മരുതേരി പറമ്പത്ത് സലീമിന്റെയും ആരിഫയുടെയും മകളാണ് ഈ പ്രതിഭ. ചെറുപ്പത്തിലേ നല്ലൊരു വായനക്കാരിയാണ് ആയിഷ അലിഷ്ബ. തന്റെ വായനകളിലെ കഥയും കഥാപാത്രങ്ങളും എന്തുകൊണ്ട് ഇങ്ങനെ ആയിക്കൂടാ എന്ന മറുചിന്തകളാണ് ഈ ബാലികയെ സ്വന്തമായി നോവൽ എഴുതാൻ പ്രേരിപ്പിച്ചത്.
ഇംഗ്ലീഷ് നോവലുകളാണ് ആയിഷ അലിഷ്ബക്ക് വായിക്കാൻ ഏറെ ഇഷ്ടം. അതുകൊണ്ട് തന്നെയാണ് ആദ്യ നോവൽ ഇംഗ്ലീഷിൽ ആയതും. കെ. ജയകുമാർ ഐ.എ.എസാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
വട്ടോളി ഹൈടെക് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയാണ് ഈ മിടുക്കി. യാർബാഷ് സലീം, ലഹിൻ സലീം എന്നിവർ സഹോദരങ്ങളാണ്. നവംബർ ഒമ്പതിനാണ് ആയിഷ അലിഷ്ബയുടെ പുസ്തകം മേളയിൽ പ്രകാശനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.