മാതൃവന്ദനം
text_fieldsമാതൃവന്ഓദനംണം മലയാളികളെ സംബന്ധിച്ച് വെറുമൊരു ആഘോഷം മാത്രമല്ല. ജാതി, മത ഭേദമന്യേ അതൊരു വികാരം കൂടിയാണ്. അതുകൊണ്ടാണ് മലയാളികൾ ഉള്ളിടത്തെല്ലാം ഓണാഘോഷവും കെങ്കേമമാവുന്നത്. അമ്മമാരുടെ സാമീപ്യമാണ് അതിൽ ഏറ്റവും സന്തോഷകരമായ മുഹൂർത്തം. മക്കളോടൊത്ത് ഓണം ആഘോഷിക്കാൻ ആഗ്രഹിക്കാത്ത അമ്മമാരുണ്ടാവില്ല കേരളത്തിൽ. പക്ഷെ, പ്രവാസ ലോകത്ത് തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന പലരേയും സംബന്ധിച്ച് അതൊരു പ്രഹേളികയായി തുടരുകയാവും. പല കാരണങ്ങൾ കൊണ്ടും കുടുംബത്തെ കാണാൻ കാത്തിരിക്കുന്നവരും ഈ മരുഭൂവിൽ ഏറെയുണ്ട്. അവരുടെടെയെല്ലാം സങ്കടങ്ങൾ ഏറ്റെടുക്കാനുള്ള കരുത്തില്ലെങ്കിലും ഒരു ചെറുവിഭാഗത്തിന് ഈ ഓണക്കാലത്ത് അമ്മമാരുടെ സാമീപ്യം ഒരുക്കാൻ സഹായിക്കുകയാണ് യു.എ.യിലെ മലയാളി പൂർവ വിദ്യാർഥി കൂട്ടായ്മയായ അകാഫ് അസോസിയേഷൻ. വർഷാവർഷം കേരളക്കര കാണാൻ മാവേലി മന്നൻ വിരുന്നെത്തുന്ന പോലെ ഈ നാളുകളിൽ 25 അമ്മമാർ ഈ പ്രവാസ മണ്ണിൽ സ്നേഹത്തിന്റെ മാവേലിമാരായി എത്തും. സിൽവർ ജൂബിലി വർഷാഘോഷത്തിന്‍റെ ഭാഗമായി കേരളത്തിൽ നിന്ന് 25 അമ്മമാരെ യു.എ.ഇയിലെത്തിച്ച് ഓണമാഘോഷിക്കാനാണ് അകാഫിന്‍റെ തീരുമാനം. ദുബൈയിൽ ജോലിചെയ്യുന്ന, സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കുന്ന ഇരുപത്തിയഞ്ചു പേരുടെ അമ്മമാരെയാണ് അക്കാഫ് സ്വന്തം ചെലവിൽ യു.എ.ഇയിൽ എത്തിച്ചു വിവിധ പ്രദേശങ്ങൾ സന്ദർശിക്കുവാനുമുള്ള അവസരം ഒരുക്കുന്നത്.
സെപ്റ്റംബർ 24നു ദുബൈയുടെ അഭിമാനമായ വേൾഡ് ട്രേഡ് സെന്‍ററിൽ നടക്കുന്ന അക്കാഫിന്‍റെ ഓണാഘോഷമായ പൊന്നോണക്കാഴ്ച വേദിയിലാണ് മാതൃവന്ദനം എന്ന പേരിൽ അമ്മമാരെ ആദരിക്കുന്നത്. ആദ്യമായാണ് ഒരു കലാലയ സൗഹൃദക്കൂട്ടായ്‌മ ഇത്തരത്തിലുള്ള വേറിട്ടൊരു പരിപാടിയുമായി മുന്നോട്ട് വരുന്നത്. വർഷങ്ങളായി ഈ പ്രവാസഭൂമിയിൽ വിയർപ്പൊഴുക്കുന്ന പാവപ്പെട്ട തൊഴിലാളികളുടെ ഒരിക്കലും നടക്കാത്ത സ്വപ്നമാണ് അക്കാഫ് അസോസിയേഷൻ ക്ലബ്ബ് എഫ്.എമ്മിന്‍റെ സഹകരണത്തോടെ സാക്ഷാൽക്കരിക്കുന്നത്. കഫ്റ്റീരികൾ, മുനസിപ്പാലിറ്റി, സൂപ്പർ മാർക്കറ്റുകൾ തുടങ്ങിയിടങ്ങളിൽ ചുരുങ്ങിയ ശമ്പളത്തിൽ ജോലി ചെയ്യുന്ന മലയാളികളായ തൊഴിലാളികളിൽ നിന്നാണ് യോഗ്യരായവരെ അകാഫ് കണ്ടെത്തുക. ഇതിനായി പ്രത്യേക സമിതിയും രൂപവത്കരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് പുറപ്പെടുന്നതു മുതൽ തിരിച്ചുപോകുന്നതു വരെയുള്ള അമ്മമാരുടെ മുഴുവൻ ചെലവുകൾ കൂട്ടായ്മ വഹിക്കും. സെപ്റ്റംബർ 24ലിലെ ഓണോഘോഷ പരിപാടികൾക്ക് ശേഷം പിന്നീടുള്ള ദിവസങ്ങളിൽ യു.എ.യിലെ വിവിധ എമിറേറ്റുകളിൽ സ്വന്തം മക്കളുടെ കൂടെ അമ്മമാരെയും കൂട്ടി യാത്ര നടത്താനും അക്കാഫ് തീരുമാനിച്ചതായി പ്രസിഡണ്ട് പോൾ ടി ജോസഫ് , സെക്രട്ടറി ദീപു എ.എസ് , ട്രഷറർ മുഹമ്മദ് നൗഷാദ് എന്നിവർ അറിയിച്ചു. 1998 ലാണ് കേരളത്തിലെ കോളജ് അലുംനികളുടെ കേന്ദ്രസംഘടനയായ അക്കാഫ് അസോസിയേഷൻ ദുബൈയിൽ രൂപീകൃതമായത്. ദുബൈ സർക്കാറിന്‍റെ അംഗീകാരമുള്ള ചുരുക്കം ചില സംഘടനകളിൽ ഒന്നായ അക്കാഫ് മെമ്പർ കോളജ് അലുംനികളുടെ സഹകരണത്തോടെയാണ് മാതൃവന്ദനം എന്ന പരിപാടി സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.