എക്സ്പോ സുരക്ഷക്ക് ഡ്രോണുകളും
text_fieldsദുബൈ: ലോകോത്തര സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്ന ദുബൈ നഗരത്തിൽ കുറ്റകൃത്യങ്ങളും അപകടങ്ങളും ഉണ്ടാകുന്നിടത്ത് വേഗത്തിൽ ഇടപെടാൻ ഡ്രോണുകൾ വരുന്നു.
യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ പൊലീസ് ആസ്ഥാനത്ത് നടത്തിയ സന്ദർശനത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്. ഒക്ടോബറിൽ എക്സ്പോ 2020 ആരംഭിക്കുന്നതിനോട് അനുബന്ധിച്ച് നഗരത്തിലുടനീളം 'േഡ്രാൺ ബോക്സ്' പദ്ധതി നടപ്പിലാക്കും. ഇതോടെ കുറ്റകൃത്യ, അപകട സ്ഥലങ്ങളിൽ പൊലീസ് ഇടപെടലിന് 4.4 മിനിറ്റ് എടുത്തിരുന്നത് പദ്ധതി നടപ്പിലാകുന്നതോടെ ഒരു മിനിറ്റായി ചുരുങ്ങുമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.
മനുഷ്യ ഇടപെടലില്ലാതെ ദുബൈയിലുടനീളം പൊലീസ് പട്രോളിങിന് നിയോഗിച്ച നിർമിത ബുദ്ധി സംവിധാനങ്ങളും അദ്ദേഹം അവലോകനം ചെയ്തു. താമസക്കാരുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാൻ മുഴുവൻ സമയം പ്രവർത്തിക്കുന്ന മൂന്നുലക്ഷം കാമറകളും നഗരത്തിൽ പ്രവർത്തിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. ലോകത്തെ സുരക്ഷിത നഗരങ്ങളിലൊന്നായി ദുബൈയെ മാറ്റിയ പൊലീസ് ഉദ്യോഗസ്ഥർക്കും അത്യാധുനിക സംവിധാനങ്ങൾക്കും ശൈഖ് മുഹമ്മദ് നന്ദിയറിയിച്ചു.
നഗരത്തിൽ പൗരന്മാരും താമസക്കാരും സുരക്ഷിതരായി ജീവിക്കുകയും വിനോദസഞ്ചാരികൾക്ക് മികച്ച യാത്രാനുഭവമുണ്ടാകുകയും നിക്ഷേപകർക്ക് നിയമവാഴ്ചയിൽ വിശ്വാസത്തോടെ ബിസിനസ് നടത്താനും സാധിക്കുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പൊലീസ് ആസ്ഥാനത്തെ സന്ദർശനത്തിൽ വിവിധ സുരക്ഷാസംവിധാനങ്ങൾ ശൈഖ് മുഹമ്മദ് നോക്കിക്കണ്ടു. 1968ൽ ശൈഖ് മുഹമ്മദ് ദുബൈ പൊലീസ് മേധാവിയായി നിയമിതനായിരുന്നു.
രണ്ട് കോടിയിലേറെ സന്ദർശകരെ പ്രതീക്ഷിക്കുന്ന എക്സ്പോ 2020 ആറുമാസം നീളുന്ന ആഗോളമേളയാണ്. 192 രാജ്യങ്ങളിൽനിന്നുള്ള പവലിയനുകളാണ് എക്സ്പോക്ക് ഒരുങ്ങുന്നത്. മിക്ക ലോകരാജ്യങ്ങളിൽനിന്നും സന്ദർശകർ മേളക്ക് ദുബൈയിലെത്തും. ഏറ്റവും മികച്ച അനുഭവമാക്കി എക്സ്പോയെ മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.