തടവുകാർക്ക് കായിക പോഷകാഹാര കോഴ്സും
text_fieldsദുബൈ: ദുബൈയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് കായിക പോഷകാഹാര സർട്ടിഫിക്കേഷൻ കോഴ്സുമായി ദുബൈ സ്പോർട്സ് കൗൺസിലും പൊലീസും. തടവുകാലം കഴിഞ്ഞ് പുറത്തിറങ്ങുന്നവർക്ക് പുതുജീവിതം തുടങ്ങാനും മാന്യമായി ജീവിക്കാനും അവസരം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നൽകിയത്. തടവിൽ കഴിയുന്നവരുടെ കായികക്ഷമത നിലനിർത്തുക എന്ന ലക്ഷ്യവും കോഴ്സിനുണ്ട്.'അത്ലറ്റുകൾക്ക് പോഷകാഹാരം' എന്ന ടൈറ്റിലിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇൻറർനാഷനൽ കോൺഫെഡറേഷൻ ഓഫ് രജിസ്റ്റേഴ്സ് ഫോർ എക്സർസൈസ് പ്രഫഷനൽസിെൻറ സർട്ടിഫിക്കറ്റാണ് ഇവർക്ക് നൽകിയത്.
രാജ്യത്തിനകത്തും പുറത്തും ജോലിസാധ്യതയുള്ള സർട്ടിഫിക്കറ്റാണിത്. പ്രമുഖ ന്യൂട്രിഷ്യനിസ്റ്റുകളും കായിക പരിശീലകരും തടവുകാർക്ക് ക്ലാസെടുത്തു. കായിക മേഖലയിലെ പോഷകാഹാരത്തിെൻറ പ്രധാന്യവും അതിെൻറ ശാസ്ത്രീയ വശങ്ങളും വിദഗ്ധർ വിവരിച്ചു. കായിക താരങ്ങൾക്ക് അവരുടെ മേഖലയനുസരിച്ചും പ്രായം കണക്കിലെടുത്തും പരിശീലന ഘട്ടങ്ങൾ വിലയിരുത്തിയും എങ്ങനെയൊക്കെ ഭക്ഷണം നൽകണം എന്നതിനെ കുറിച്ചും തടവുകാരെ പഠിപ്പിച്ചു.
ഓരോ മത്സരത്തിനുമുള്ള പ്രത്യേക ഭക്ഷണങ്ങളെക്കുറിച്ചും വിവരിച്ചു. വെർച്വലായി നടന്ന പരിപാടിയിൽ 20 പേർ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും കോഴ്സ് നടക്കും. ജയിലുകൾക്കുള്ളിൽ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ ഇത്തരം കോഴ്സുകൾക്ക് കഴിയുമെന്നാണ് കരുതുന്നത്.
തടവുകാർക്കായി ആദ്യമായല്ല ദുബൈ സ്പോർട്സ് കൗൺസിൽ കായിക പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നത്. യോഗ ഇൻസ്ട്രക്ടർ, കായിക പരിശീലകൻ, ബാസ്കറ്റ്ബാൾ റഫറി എന്നിവയിലും പരിശീലനം നൽകിയിട്ടുണ്ട്. തടവുകാർക്ക് വ്യായാമം ചെയ്യാനുള്ള എല്ലാ സൗകര്യങ്ങളും ജയിലുകളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.