അനിമേഷൻ സിംപിളാണ്, പവർഫുളുമാണ്
text_fieldsഷാർജ: ടെലിവിഷനിലും മൊബൈലിലും കണ്ടു പരിചയിച്ച, സ്വന്തം ഹീറോകളായ അനിമേഷൻ കഥാപാത്രങ്ങൾക്ക് സ്ക്രീനിൽ ജീവൻ പകരുന്ന കാഴ്ച കണ്ടപ്പോൾ ആ കുരുന്നുകളുടെ മുഖത്തുണ്ടായ സന്തോഷം ചെറുതായിരുന്നില്ല. സ്വന്തം ഹീറോക്ക് ജീവൻ വെക്കുന്നത് കണ്ട ചിലർ ആവേശംകൊണ്ട് എഴുന്നേറ്റുനിന്ന് ൈകയടിച്ചു. ചിലർ അമ്മയെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ചു. ഷാർജ എക്സ്പോ സെന്ററിൽ ആരംഭിച്ച ഷാർജ കുട്ടികളുടെ വായനോത്സവത്തിലാണ് രസകരവും കൗതുകവും നിറഞ്ഞ ഈ മുഹൂർത്തങ്ങൾ അരങ്ങേറിയത്.
അനിമേഷൻ പവിലിയനിൽ ഒരുമിച്ച് കൂടിയ കുട്ടിവായനക്കാരുടെ മുന്നിലാണ് കഴിഞ്ഞ ദിവസം അനിമേഷന്റെ അത്ഭുത ലോകം ഷാർജ ബുക് ഫെസ്റ്റിവൽ തുറന്നത്. ലോകത്തെ പ്രഗല്ഭരായ അനിമേഷൻ വിദഗ്ധരാണ് കുട്ടികൾക്ക് മുമ്പിൽ അനിമേഷന്റെ വിവിധ ഘട്ടങ്ങൾ വിവരിച്ചു നൽകിയത്. അനന്തമായ സാധ്യതകളുള്ള ഒരു മേഖലയാണ് ഇന്ന് അനിമേഷൻ. പരസ്യം, ഓൺലൈൻ ആൻഡ് അച്ചടിമാധ്യമം, കാർട്ടൂൺ നിർമാണം, വിഡിയോ ഗെയ്മിങ്, ഇ-ലേണിങ്, തിയറ്റർ പ്രോഗ്രാം തുടങ്ങി അനേകം മേഖലകളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി ഇന്ന് അനിമേഷൻ മാറിക്കഴിഞ്ഞു. സ്വകാര്യ മേഖലകളിലും സർക്കാർ മേഖലകളിലും അനിമേറ്റർമാർക്ക് ജോലി സാധ്യതയേറെയാണ്.
മുതിർന്നവരെ പോലെ കുട്ടികളും അനിമേഷനിൽ ഏറെ തൽപരരാണെന്ന് ബുക് ഫെസ്റ്റിവലിലെ അനിമേഷൻ പവിലിയനിലുണ്ടായ തിരക്ക് ബോധ്യപ്പെടുത്തും. കുട്ടികൾക്ക് അനിമേഷനിൽ അവബോധം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഷാർജ ബുക് ഫെസ്റ്റിവൽ സംഘാടകരായ ഷാർജ ബുക് അതോറിറ്റി (എസ്.ബി.എ) ഇത്തരമൊരു പവിലിയന് തുടക്കം കുറിച്ചത്. പുസ്തകവായനക്കപ്പുറത്ത് ഡിജിറ്റൽ ലോകം കൂടി കുട്ടികൾ പരിചയിക്കണമെന്ന ദീർഘവീക്ഷണമാണിതിന് പിന്നിൽ.
66 രാജ്യങ്ങളിൽനിന്നായി 512 വിദഗ്ധരാണ് മേളയിൽ പങ്കെടുക്കുന്നത്. വിവിധ വിഷയങ്ങളിലായി 1,658 സെഷനുകളിൽ ഇവർ അറിവുകൾ പങ്കുവെക്കും. ‘പരിശീലിപ്പിക്കൂ നിങ്ങളുടെ ബുദ്ധിയെ’ എന്നതാണ് ബുക് ഫെസ്റ്റ് മുന്നോട്ടുവെക്കുന്ന പ്രമേയം. ഈ മാസം മൂന്നിന് ആരംഭിച്ച ബുക് ഫെസ്റ്റ് 14ന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.