മികച്ച സർക്കാർ സേവനകേന്ദ്രങ്ങൾ പ്രഖ്യാപിച്ചു
text_fieldsരാജ്യത്തെ 69 സ്ഥാപനങ്ങളെയാണ് വിലയിരുത്തിയത്
ദുബൈ: യു.എ.ഇയിലെ മികച്ച സർക്കാർ സേവനകേന്ദ്രങ്ങളുടെ പട്ടിക പുറത്തുവിട്ടു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ട്വിറ്ററിലൂടെ 69 സ്ഥാപനങ്ങളെ വിലയിരുത്തിയശേഷമുള്ള പട്ടിക പുറത്തുവിട്ടത്. ഫുജൈറ ട്രാഫിക് ആൻഡ് ലൈസൻസിങ് സെൻററും അൽ ബർഷ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ് (ഐ.സി.എ) ബ്രാഞ്ച് എന്നിവയാണ് മികച്ച സ്ഥാപനങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്. സർവേയിൽ 'സിക്സ് സ്റ്റാർ' നേടാനായത് ഇവക്ക് രണ്ടിനും മാത്രമാണ്.
14 സേവനകേന്ദ്രങ്ങൾ ഫൈവ് സ്റ്റാർ നേട്ടം കൈവരിച്ചിട്ടുണ്ട്. ഷാർജ ട്രാഫിക് ആൻഡ് ലൈസൻസിങ് സെൻറർ, അജ്മാൻ അൽ നുഐമിയ പൊലീസ് സ്റ്റേഷൻ, റാസൽഖൈമ ട്രാഫിക് ആൻഡ് ലൈസൻസിങ് സെൻറർ, അല റാശിദിയ സെൻറർ ഫോർ കസ്റ്റമർ ഹാപ്പിനസ് തുടങ്ങിയവ ഇവയിൽ പെട്ടതാണ്. ഷാർജ ഖോർഫക്കാൻ പൊലീസ് സ്റ്റേഷൻ അൽ ഷമൽ, അൽ ജസീറ സെൻറർ ഫോർ കസ്റ്റമർ ഹാപ്പിനസ് തുടങ്ങിയ 32 കേന്ദ്രങ്ങളാണ് ഫോർ സ്റ്റാർ പദവി കൈവരിച്ചത്. ദുബൈ കസ്റ്റമർ ഹാപ്പിനസ് സെൻറർ, അബൂദബി സിവിൽ ഡിഫൻസ് ആൻഡ് സേഫ്റ്റി സർവിസസ് സെൻറർ തുടങ്ങി 21 സ്ഥാപനങ്ങൾക്ക് ത്രീ സ്റ്റാർ സ്ഥാനം മാത്രമേയുള്ളൂ.
കുറഞ്ഞ റേറ്റിങ് കരസ്ഥമാക്കിയ സ്ഥാപനങ്ങൾ ലഭ്യമായ സാങ്കേതികസൗകര്യങ്ങൾ ഉപയോഗപ്പെടുത്തി സേവനം മികച്ചതാക്കണമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റിലൂടെ ഓർമിപ്പിച്ചു. പൊതുസമൂഹത്തിന് സർക്കാർ മേഖലയിൽനിന്ന് ലഭിക്കുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനാണ് 2012ൽ ഗ്രേഡിങ് ആരംഭിച്ചത്. ശൈഖ് മുഹമ്മദ് ബിൻ റാശിദ് അപ്രതീക്ഷിതമായി സർക്കാർ സേവനകേന്ദ്രങ്ങൾ സന്ദർശിച്ച് ഗുണനിലവാരം പരിശോധിക്കാറുമുണ്ട്. 2019ൽ രാജ്യത്തെ ഏറ്റവും മികച്ചതും ഏറ്റവും മോശവുമായ അഞ്ചുവീതം കേന്ദ്രങ്ങളെ പ്രഖ്യാപിക്കുന്ന പദ്ധതിയും ആരംഭിച്ചിരുന്നു. മികച്ച സേവനകേന്ദ്രങ്ങളിലെ ജീവനക്കാർക്ക് പ്രത്യേക പുരസ്കാരങ്ങൾ നൽകാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.