ജപ്പാൻ-യു.എ.ഇ വ്യാപാരം ശക്തമാക്കാൻ വാർഷിക എക്സിബിഷൻ
text_fieldsദുബൈ: ജപ്പാനുമായുള്ള യു.എ.ഇയുടെ വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് വാർഷിക എക്സിബിഷൻ പ്രഖ്യാപിച്ചു. ജപ്പാൻ ക്യോട്ടോ ട്രേഡ് എക്സിബിഷൻ എന്നുപേരിട്ട പ്രദർശനത്തിന്റെ ആദ്യ എഡിഷൻ ജനുവരി 22 മുതൽ 24 വരെ ദുബൈ ട്രേഡ് സെന്ററിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 200ലേറെ ജാപ്പനീസ് സ്ഥാപനങ്ങളും കമ്പനികളും ബ്രാൻഡുകളും പങ്കെടുക്കും.
ആദ്യ എഡിഷനിൽ 20,000 സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടെക്നോളജി, ഓട്ടോമോട്ടീവ്, ഭക്ഷണം, ബിവറേജസ് തുടങ്ങിയ മേഖലകളിലെ കമ്പനികളാണ് പ്രധാനമായും പ്രദർശനത്തിനെത്തുക. ജപ്പാനിലെ ഉൽപന്നങ്ങളും കമ്പനികളും പരിചയപ്പെടുത്തുന്ന എക്സിബിഷൻ മിഡിൽ ഈസ്റ്റിലെ തന്നെ ആദ്യ സംരംഭങ്ങളിലൊന്നാകും. ദുബൈയിൽ ജപ്പാൻ ട്രേഡ് എക്സിബിഷൻ സംഘടിപ്പിക്കാൻ സാധിക്കുന്നതിൽ വലിയ ആഹ്ലാദമുണ്ടെന്ന് ക്യോട്ടോ വ്യവസായ, തൊഴിൽ, ടൂറിസം വകുപ്പ് ഡയറക്ടർ ജനറൽ ഹിദായുകി കമ്പയാഷി പറഞ്ഞു. ജാപ്പനീസ് ഉൽപന്നങ്ങൾ യു.എ.ഇ വിപണിക്ക് പരിചയപ്പെടുത്താനാണ് പ്രദർശനം ലക്ഷ്യമിടുന്നതെന്ന് ക്യോട്ടോ ഗവർണർ തകാതോഷി നിഷിവാകി പറഞ്ഞു. പ്രമുഖ ജാപ്പനീസ് വ്യാപാര കൂട്ടായ്മയായ മൈകോ എന്റർപ്രൈസസാണ് എക്സിബിഷന് നേതൃത്വം നൽകുന്നത്. ദുബൈ ചേംബറിന്റെ ഓഫിസ് അടുത്ത മാസം ജപ്പാനിൽ ആരംഭിക്കുമെന്ന് വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ചേംബർ പ്രതിനിധികളും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.