ഗസ്സയിൽനിന്നെത്തിച്ച ഒരു അർബുദ രോഗികൂടി മരിച്ചു
text_fieldsദുബൈ: ഗസ്സയിൽനിന്ന് ചികിത്സക്കായി യു.എ.ഇയിലെത്തിച്ച 35കാരിയായ അർബുദ രോഗികൂടി മരിച്ചു. ഗസ്സയിൽ നിന്ന് ഈജിപ്ത് വഴി അബൂദബിയിൽ എത്തിച്ച ഇവർക്ക് രോഗം ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സക്ക് സൗകര്യമൊരുക്കിയിരുന്നു. എന്നാൽ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ചികിത്സിച്ചിട്ടും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ യു.എ.ഇ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം കുടുംബത്തെ അനുശോചനം അറിയിച്ചു.
ഗസ്സയിൽനിന്ന് 1,000 അർബുദ രോഗികളെ രാജ്യത്തെത്തിച്ച് ചികിത്സിക്കുമെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ പ്രഖ്യാപിച്ചതിനെതുടർന്നാണ് ഇവരെ അബൂദബിയിലെത്തിച്ചത്.
നവംബറിലാണ് ഫലസ്തീനികളായ ആദ്യ അർബുദ രോഗികളുടെ സംഘം രാജ്യത്തെത്തിയത്. ഇവരിൽ ചിലർ രോഗം മൂർച്ഛിച്ച് മരിച്ചു. ഒരു സ്ത്രീ രോഗവിമുക്തി നേടി ഗസ്സയിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്. 1000 പരിക്കേറ്റ കുട്ടികളെയും 1000 അർബുദ രോഗികളെയും ഗസ്സയിൽ നിന്ന് എത്തിച്ച് യു.എ.ഇ ആശുപത്രികളിൽ ചികിത്സിക്കുമെന്നാണ് പ്രസിഡന്റ് പ്രഖ്യാപിച്ചിട്ടുള്ളത്.
റഫ ഗസ്സയിൽ ഫീൽഡ് ആശുപത്രി ആരംഭിച്ചും യു.എ.ഇ ചികിത്സ ലഭ്യമാക്കുന്നുണ്ട്. യു.എ.ഇയിൽനിന്ന് നിരവധി സന്നദ്ധ ആരോഗ്യ പ്രവർത്തകർ ഫീൽഡ് ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.