റോഡ് നിർമാണത്തിനിടെ പുരാവസ്തുക്കള്‍ കണ്ടെത്തി
text_fieldsഅബൂദബി: റോഡ് നിര്‍മാണത്തിനിടെ കണ്ടെത്തിയ കല്ലറ ഖനനം ചെയ്തപ്പോള്‍ ലഭിച്ചത് പൂര്‍വ ഇസ്ലാമിക കാലത്തെ (ബി.സി.ഇ 300-300 സി.ഇ) പുരാവസ്തുക്കള്‍. ബി.സി 1300ലെ പുരാവസ്തുക്കള്‍ അടങ്ങിയ പ്രദേശം കണ്ടെത്തിയതായി അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പ് ഔദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്. അല്‍ഐനിലെ കുവൈത്താത്ത് മേഖലയുടെ സമീപപ്രദേശമായ ശാബിയയില്‍ റോഡ് നിര്‍മാണത്തിനിടെയാണ് പുരാവസ്തു ശേഖരം കണ്ടെത്തിയത്. 20 കല്ലറകള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. മണ്‍പാത്രങ്ങള്‍, വെങ്കല പാത്രങ്ങള്‍, ഗ്ലാസ്, അമ്പുകളും കുന്തങ്ങളും വാളുകളും അടക്കമുള്ള ആയുധങ്ങള്‍ തുടങ്ങിയവയും ഇവിടെ കണ്ടെത്തി.
നൂറ്റാണ്ടുകള്‍ക്കു മുമ്പ് മേഖലയില്‍ ജനവാസമുണ്ടായിരുന്നു എന്നതിന്റെ തെളിവാണ് കണ്ടെത്തലെന്ന് അധികൃതര്‍ വ്യക്തമാക്കി. മേഖലയില്‍ കണ്ടെത്തിയ ഭൂഗര്‍ഭജല ചാലുകള്‍ (അല്‍ഫാജ്) ഈ നിഗമനത്തിനു ബലമേകുന്നുണ്ട്. അല്ഖ്രൈസ് മേഖലയില്‍ 11.5 കിലോമീറ്റര്‍ നീളത്തില്‍ നടത്തിയ നിര്‍മാണ പദ്ധതിയാണ് കൂടുതല്‍ പുരാവസ്തു കണ്ടെത്തലിന് സഹായകമായത്. ഇരുമ്പ് യുഗത്തിലെ ശ്മശാനവും മേഖലയില്‍ കണ്ടെത്തി. ഇവിടെ 35 കല്ലറകളാണ് കാണാനായത്. ആയുധസൂക്ഷിപ്പു കേന്ദ്രവും ഇവയിൽ ഉള്‍പ്പെടുന്നു. ഒട്ടേറെ അല്ഫാജുകള് കണ്ടെത്തിയത് മേഖലയില്‍ നടത്തിയ കൃഷി, ജലസേചന പ്രവര്‍ത്തനങ്ങളുടെ തെളിവാണെന്ന് അധികൃതര്‍ പറഞ്ഞു.
എമിറേറ്റിന്റെ സമ്പന്നമായ ചരിത്രം സംരക്ഷിക്കുന്നതിനുള്ള അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പുരാവസ്തു കേന്ദ്രങ്ങളുടെ കണ്ടെത്തലെന്ന് വകുപ്പ് ചെയര്മാന് മുഹമ്മദ് ഖലീഫ അല്‍ മുബാറക്ക് പറഞ്ഞു. വിചാരിച്ചിരുന്നതിനേക്കാള്‍ വിപുലമായ രീതിയില്‍ കാര്‍ഷിക സംവിധാനങ്ങള്‍ നടപ്പാക്കിയിരുന്ന സമൂഹമാണ് എമിറേറ്റില്‍ മുമ്പുണ്ടായിരുന്നതെന്ന തെളിവുകളാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു.എ.ഇയിലെ ഏറ്റവും വലിയ പ്രകൃതിദത്ത ദ്വീപായ സിര്‍ ബിനിയാസില്നിന്ന് 4000 വര്‍ഷത്തിനും അപ്പുറം ഇവിടെ മനുഷ്യസാന്നിധ്യം ഉണ്ടായിരുന്നതായി തെളിവുകള്‍ ലഭിച്ചിരുന്നു. 87 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് സിര്‍ ബിനിയാസിനുള്ളത്.
1977ല്‍ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ്യാന് ആണ് സിര്‍ ബിനിയാസിനെ വന്യജീവി സംരക്ഷണ കേന്ദ്രമെന്ന നിലയില്‍ പ്രഖ്യാപിച്ചത്. ആയിരക്കണക്കിന് മൃഗങ്ങള്‍ക്കും എണ്ണിയാലൊടുങ്ങാത്ത മരങ്ങള്‍ക്കും അഭയമരുളുന്ന കേന്ദ്രമായി മാറിക്കഴിഞ്ഞ സിര്‍ ബിനിയാസ് ദശലക്ഷക്കണക്കിന് വര്‍ഷം മുമ്പ് പ്രകൃതിദത്തമായി രൂപംകൊണ്ടതാണ്. അബൂദബിയിലെ ആദ്യ നിവാസികളായ ബിനിയാസ് ഗോത്രത്തില്‍നിന്നാണ് സിര്‍ ബിനിയാസ് എന്ന നാമം കടംകൊള്ളുന്നത്.
സിര്‍ ബനിയാസില്‍ 36 പുരാവസ്തു പ്രദേശങ്ങള്‍ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. 600 എ.ഡിയിലുണ്ടായിരുന്ന ക്രൈസ്തവ സന്യാസി മഠമാണ് ഇവയിലേറ്റവും പുരാതനമായതെന്നാണ് നിഗമനം. 1992ലാണ് ഡോ. ജോസഫ് എല്‍ഡേഴ്സിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഇതു കണ്ടെത്തിയത്. 2010 ഡിസംബറില്‍ ഈ ക്രൈസ്തവ സന്യാസി മഠം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.