ആരൊക്കെയെത്തും സൂപ്പർ 12ൽ
text_fieldsദുബൈ: ട്വൻറി 20 ലോകകപ്പ് 17ന് തുടങ്ങുമെങ്കിലും യഥാർഥ പോരാട്ടം തുടങ്ങുന്നത് 23 മുതലാണ്. അതുവരെ നടക്കുന്നത് സൂപ്പർ 12ലേക്കുള്ള യോഗ്യത മത്സരമാണ്. ഐ.സി.സി റാങ്കിങ്ങിൽ ആദ്യ എട്ട് റാങ്കിങ്ങിലുണ്ടായിരുന്ന ടീമുകൾ നിലവിൽ സൂപ്പർ 12ൽ ഉണ്ട്. ഇനി നാല് ടീമുകൾക്ക് കൂടി ഇവിടെ അവസരമുണ്ട്. അതിനായി പോരടിക്കുന്നത് എട്ട് ടീമുകൾ. ശ്രീലങ്ക, ബംഗ്ലാദേശ്, ഒമാൻ, സ്കോട്ലൻഡ്, പപ്വ ന്യൂഗിനി, നെതർലൻഡ്, നമീബിയ, അയർലൻഡ് എന്നീ ടീമുകളാണ് 17 മുതൽ ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. ഇവരിൽ ഏറ്റവും കൂടുതൽ സാധ്യത ബംഗ്ലാദേശിനും ശ്രീലങ്കക്കുമാണ്. കരുത്തൻമാരായ ടീമുകൾക്കെതിരെ മത്സരിച്ച് പരിചയിച്ച ഈ ടീമുകൾക്ക് യോഗ്യത കടമ്പ കടക്കുക അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇവർ യോഗ്യത നേടിയാൽ പിന്നീട് അവസരമുള്ളത് രണ്ട് ടീമുകൾക്കാണ്. ആതിഥേയ രാജ്യം എന്നനിലയിൽ ഒമാന് സ്വന്തം നാട്ടുകാർക്ക് മുന്നിൽ വിജയിച്ച് കാണിക്കണം. സ്വന്തം ഗ്രൗണ്ടിൽ കളിക്കുന്നതിെൻറ ആനുകൂല്യവും ഇവർക്കുണ്ട്. ബിലാൽ ഖാെൻറ ബൗളിങ്ങും സീഷാൻ മഖ്സൂദിെൻറ ഓൾറൗണ്ട് പ്രകടനവുമാണ് അവർക്ക് പ്രതീക്ഷ നൽകുന്നത്. എന്നാൽ, ഈ ഗ്രൂപ്പിൽ ബംഗ്ലാദേശും സ്കോട്ലൻഡും പപ്വ ന്യൂഗിനിയുമുണ്ട്. മികച്ച ഫോമിൽ കളിക്കുന്ന ബംഗ്ലാദേശ് യോഗ്യത നേടുമെന്ന് ഏറക്കുറെ ഉറപ്പാണ്. ഒമാന് മറ്റൊരു വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ളത് സ്കോട്ലൻഡാണ്. യോഗ്യത റൗണ്ടിൽ ഭേദപ്പെട്ട പ്രകടനമാണ് അവർ നടത്തിയത്. അതുകൊണ്ടുതന്നെ, ഒക്ടോബർ 21ന് നടക്കുന്ന ഒമാൻ- സ്കോട്ലൻഡ് മത്സരം നിർണായകമാണ്. ഇതിലെ വിജയികളായിരിക്കും മിക്കവാറും ബംഗ്ലാദേശിനൊപ്പം സൂപ്പർ 12ലേക്ക് മാർച്ച് ചെയ്യുക. ഗ്രൂപ് എയെ മരണ ഗ്രൂപ് എന്ന് വിശേഷിപ്പിക്കാം. നെതർലൻഡ്, അയർലൻഡ്, ശ്രീലങ്ക, നമീബിയ എന്നീ ടീമുകളാണ് ഇവിടെയുള്ളത്. 2009 ട്വൻറി20 ലോകകപ്പിൽ ലോഡ്സിൽ ഇംഗ്ലണ്ടിനെ തോൽപിച്ചതിെൻറ മധുരസ്മരണകൾ അയവിറക്കിയാണ് നെതർലൻഡിെൻറ വരവ്. പലപ്പോഴും അപ്രതീക്ഷിത പ്രകടനങ്ങളിലൂടെ ഞെട്ടിക്കുന്ന ടീമാണ് നെതർലൻഡ്. അയർലൻഡിനെതിരെ 13.5 ഓവറിൽ 190 റൺസ് പിന്തുടർന്ന് വിജയിച്ചത് ഉദാഹരണം. റയാൻ ടെൻ ഡെഷാറ്റെയും റീലോഫ് വാൻഡർ മെർവുമാണ് പ്രതീക്ഷകൾ. നമീബിയക്ക് കുറഞ്ഞ സാധ്യതയാണ് ക്രിക്കറ്റ് നിരീക്ഷകർ കൽപിക്കുന്നത്. ശ്രീലങ്കയും നെതർലൻഡും അയർലൻഡുമുള്ള ശക്തമായ ഗ്രൂപ്പിലാണ് ഇടം. ഈ ഗ്രൂപ്പിൽനിന്ന് സാധ്യത ശ്രീലങ്കക്കും നെതർലൻഡിനുമാണ്. ഇന്ത്യൻ ടീം ജഴ്സി 13ന് പുറത്തിറക്കും ദുബൈ: ട്വൻറി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിെൻറ ജഴ്സി 13ന് പുറത്തിറക്കുമെന്ന് ബി.സി.സി.ഐ അറിയിച്ചു. 2023 വരെ ഇന്ത്യൻ ടീമിെൻറ ഒഫീഷ്യൽ കിറ്റ് സ്പോൺസറായി രജിസ്റ്റർ ചെയ്ത എം.പി.എൽ സ്പോർട്സാണ് ജഴ്സി തയാറാക്കിയിരിക്കുന്നത്. ഇത്തവണ ഔദ്യോഗിക ജഴ്സി വിൽപനക്കും ഉണ്ടാകും. ആദ്യമായാണ് ടീമിെൻറ ജഴ്സി ബി.സി.സി.ഐയുടെ അനുമതിയോടെ വിൽപനക്കെത്തുന്നത്. കാണികളിൽ നല്ലൊരു ശതമാനത്തിനും ഗാലറിയിലെത്താൻ കഴിയാത്തതിനാലാണ് അവരുടെ ആവേശം വർധിപ്പിക്കുന്നതിന് ജഴ്സി നൽകുന്നത്. മൂന്ന് തരം ജഴ്സിയായിരിക്കും ആരാധകർക്ക് നൽകുക. ഫാൻ ജഴ്സി, പ്ലയർ എഡിഷൻ ജഴ്സി, വിരാട് കോഹ്ലി ഒപ്പുവെച്ച നമ്പർ 18 ജഴ്സി എന്നിവ. 1799 രൂപ മുതൽ ഓൺലൈനിൽ ജഴ്സി ലഭ്യമാക്കും. ഒക്ടോബർ 18ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിൽ പുതിയ ജഴ്സിയിലായിരിക്കും ടീം കളത്തിലിറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.