സ്വദേശി വിദ്യാർഥികൾക്ക് സ്വകാര്യ മേഖലയിൽ അപ്രന്റിസ്ഷിപ്
text_fieldsഅബൂദബി: സ്വദേശിവത്കരണം മുഴുവൻ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സ്വദേശികളായ വിദ്യാർഥികൾക്ക് സ്വകാര്യ മേഖലയിൽ അപ്രന്റിസ്ഷിപ് സൗകര്യം ഏർപ്പെടുത്തുന്നു. യു.എ.ഇ മാനവവിഭവ, സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുൽറഹ്മാൻ അൽ അവാറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഒമ്പത്, 10, 11 ക്ലാസുകളിലെയും യൂനിവേഴ്സിറ്റികളിലെയും വിദ്യാർഥികൾക്ക് തൊഴിൽരംഗത്ത് അപ്രന്റിസ്ഷിപ് സൗകര്യം ഒരുക്കിനൽകും. 3500ഓളം ഇമാറാത്തി കുട്ടികൾക്കായാണ് പുതിയ തൊഴിൽപരിശീലനം. ചെറുപ്രായത്തിൽ തന്നെ സ്വദേശിക്കുട്ടികളെ സ്വകാര്യമേഖലയിലെ തൊഴിൽരംഗത്ത് നിപുണരാക്കുകയാണ് ലക്ഷ്യം.
നിർണായക മേഖലകളിലെ സ്വദേശി സാന്നിധ്യം വർധിക്കുന്നതിനു പുറമേ സ്വകാര്യ സ്കൂളുകളിലെ അധ്യാപകരംഗം സ്വദേശിവത്കരിക്കുന്നതിലാണ് ഇനി ശ്രദ്ധ പതിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 14 സുപ്രധാന മേഖലകളിലാണ് സ്വദേശികൾ കൂടുതലായി ജോലി ചെയ്യേണ്ടത്. ഇവയിൽ പ്രധാനപ്പെട്ടത് സ്വകാര്യ സ്കൂളുകളിലെ അധ്യാപക ജോലിയാണ്. ആദ്യ ബാച്ചായി വിവിധ യൂനിവേഴ്സിറ്റികളിൽനിന്നായി 1417 സ്വദേശികളാണ് ബിരുദം കരസ്ഥമാക്കി ആരോഗ്യപരിചരണ മേഖലയിൽ സേവനത്തിൽ കയറുന്നത്. രണ്ടാം ബാച്ച് സെപ്റ്റംബറിൽ ആരംഭിക്കും.
80,000ത്തോളം ഇമാറാത്തികളാണ് സ്വകാര്യമേഖലയിൽ ഇപ്പോൾ ജോലി ചെയ്യുന്നത്. ആറുമാസത്തിനിടെ 30,000 പേരുടെ വർധനയാണ് രേഖപ്പെടുത്തിയത്. 20 മുതൽ 49 ജീവനക്കാർ വരെയുള്ള കമ്പനികളിൽ 2024ഓടെ ഒരു സ്വദേശിയെ ജോലിക്കുവെച്ചില്ലെങ്കിൽ 96,000 ദിർഹം പിഴ ചുമത്തും. 2025ഓടെ രണ്ട് സ്വദേശികളെ ജോലിക്കുവെച്ചില്ലെങ്കിൽ പിഴത്തുക 108000 ദിർഹമായി ഉയർത്തും.
20 മുതൽ 49 ജീവനക്കാരുള്ള 12000 കമ്പനികളുടെ പട്ടിക മന്ത്രാലയം തയാറാക്കിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലൊക്കെ സ്വദേശിവത്കരണം നടപ്പാക്കും. 2021ൽ സ്വകാര്യ മേഖലയിൽ ജോലി നേടിയത് 29,810 സ്വദേശികളായിരുന്നു. തുടർന്ന് സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി 2023 ജൂലൈ ആകുമ്പോഴേക്കും ഇത് 80,000 എത്തിയതായി മന്ത്രി പറഞ്ഞു. അമ്പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആകെ തൊഴിലാളികളുടെ മൂന്ന് ശതമാനമാണ് സ്വദേശിവത്കരിക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.