ദുബൈ 10 എക്സ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് അംഗീകാരം
text_fieldsദുബൈ: എമിറേറ്റിലെ പൊതുഗതാഗതം, വ്യോമയാനം, നഗരാസൂത്രണം, ആരോഗ്യസുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിലെ വികസനം ലക്ഷ്യമിടുന്ന ദുബൈ ‘10 എസ്’ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് യു.എ.ഇ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി.
വികസന രംഗത്ത് ലോക ഭൂപടത്തിൽ ദുബൈയെ ഒന്നാമതെത്തിക്കാൻ ലക്ഷ്യമിടുന്ന ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷന്റെ പദ്ധതിയാണ് ‘ദുബൈ 10 എക്സ്’. ഫ്യൂച്ചർ ഫൗണ്ടേഷന്റെ ട്രസ്റ്റി ബോർഡ് ചെയർമാൻ കൂടിയാണ് ശൈഖ് ഹംദാൻ. എമിറേറ്റിലെ വിമാനത്താവളങ്ങളിലെ യാത്രാനുഭവം മെച്ചപ്പെടുത്തുക, തുടക്കത്തിലെ രോഗം നിർണയിക്കാൻ കഴിയുന്ന ആരോഗ്യ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, സർക്കാർ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയവയാണ് പുതിയ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
വ്യത്യസ്തമായ 33 സർക്കാർ സ്ഥാപനങ്ങളിലെ 120ലധികം ജീവനക്കാർ ചേർന്ന് വികസിപ്പിച്ച 79 ആശയങ്ങളിൽനിന്ന് ഏറ്റവും മികച്ച ആശയങ്ങളാണ് ദുബൈ 10 എക്സ് തിരഞ്ഞെടുത്തത്.
വിവിധ ഘട്ടങ്ങളിലായി 25ഓളം വർക്ക്ഷോപ്പുകളും വിദഗ്ധരുടെ അഭിപ്രായങ്ങളും ഇതിനായി നടത്തിയിരുന്നു. ഗതാഗതം, വ്യോമയാനം, ബഹിരാകാശം, ഊർജം, സുസ്ഥിരത, അടിസ്ഥാന സൗകര്യ വികസനം, വാണിജ്യം, ധനകാര്യം, ആരോഗ്യം, സുരക്ഷ, പൊതുജന സുരക്ഷ, സമൂഹിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ചുള്ള വികസന ആശയങ്ങളാണ് പുതിയ പദ്ധതിയിൽ ഉൾപ്പെടുന്നത്.
ഈ ആശയങ്ങളെ സമഗ്രമായി വിലയിരുത്തിയശേഷം നടപ്പിലാക്കുമെന്ന് ശൈഖ് ഹംദാൻ പറഞ്ഞു. ദുബൈയുടെ വികസനം ലക്ഷ്യമിട്ട് 2017ൽ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ദുബൈ 10 എക്സ് സംരംഭം പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.