അറബ് ഗൾഫ് കപ്പ്; യു.എ.ഇ ടീം ഇറാഖിൽ
text_fieldsദുബൈ: അറബ് ഗൾഫ് കപ്പിനായി യു.എ.ഇ ദേശീയ ഫുട്ബാൾ ടീം ഇറാഖിലെത്തി. 23 അംഗ ടീമാണ് എത്തിയിരിക്കുന്നത്. ഇവർക്ക് പുറമെ പരിശീലകനും മറ്റ് ജീവനക്കാരും എത്തിയിട്ടുണ്ട്. ജനുവരി ഏഴിന് ബഹ്റൈനെതിരെയാണ് യു.എ.ഇയുടെ ആദ്യ മത്സരം. ജനുവരി ആറ് മുതൽ 19വരെ ഇറാഖിലെ ബസ്രയിലാണ് ടൂർണമെന്റ്.
കഴിഞ്ഞ ദിവസം സൗഹൃദ മത്സരത്തിൽ ലബനാനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് ടീം വിമാനം കയറിയത്. ഒരാഴ്ചയായി ടീമിന്റെ ക്യാമ്പ് ദുബൈയിൽ നടക്കുന്നുണ്ട്. ഖത്തർ, കുവൈത്ത്, ബഹ്റൈൻ എന്നിവയടങ്ങിയ ഗ്രൂപ് ‘ബി’യിലാണ് യു.എ.ഇ. ജനുവരി പത്തിന് കുവൈത്തിനെയും 13ന് ഖത്തറിനെയും നേരിടും. നിലവിലെ ചാമ്പ്യൻമാരായ ബഹ്റൈനും ലോകകപ്പിൽ കളിച്ച പരിചയവുമായെത്തുന്ന ഖത്തറും ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻമാരായ കുവൈത്തും യു.എ.ഇക്ക് കനത്ത വെല്ലുവിളി ഉയർത്തും. ഗ്രൂപ് ‘എ’യിൽ സൗദി അറേബ്യ, ഒമാൻ, ഇറാഖ്, യമൻ എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. രണ്ട് ഗ്രൂപ്പുകളിലായി രണ്ട് ടീമുകൾ വീതം സെമിയിലേക്ക് യോഗ്യത നേടും.
2019ലാണ് അറേബ്യൻ ഗൾഫ് കപ്പ് അവസാനമായി നടന്നത്. അന്ന് ഫൈനലിൽ സൗദിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് ബഹ്റൈൻ ചാമ്പ്യൻമാരായത്. എന്നാൽ, ലോകകപ്പിൽ അർജന്റീനയെ തോൽപിച്ചതിന്റെ ആത്മവിശ്വാസത്തിലെത്തുന്ന സൗദി ഈ വർഷം എല്ലാവരും ഉറ്റുനോക്കുന്ന ടീമാണ്. 2013ലാണ് യു.എ.ഇ അവസാനമായി ചാമ്പ്യൻമാരായത്. 2007ലും യു.എ.ഇ കിരീടം നേടിയിരുന്നു. 2017ൽ ഫൈനലിൽ എത്തിയെങ്കിലും ഒമാന് മുന്നിൽ വീണു. പത്ത് തവണ ചാമ്പ്യൻമാരായ കുവൈത്തിന് കഴിഞ്ഞ 12 വർഷമായി കിരീടം കിട്ടാക്കനിയാണ്. 1970ലാണ് ഗൾഫ് കപ്പിന് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.