ഒറിക്സുകൾ ഓടി നടക്കുന്ന അറബ് മരുഭൂമി
text_fieldsവംശനാശ വക്കിലെത്തിയ അറേബ്യൻ ഒറിക്സ് അഥവ അറേബ്യൻ മാനുകൾകൾക്ക് വളരാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വലിയ ആവാസ മേഖലയാണിപ്പോൾ അബൂദബിയിലെ മരുഭൂമികൾ. അറേബ്യൻ പെനിൻസുലയിൽ അറേബ്യൻ ഒറിക്സുകളുടെ പുനരധിവാസത്തിന് ഏറ്റവും മികച്ച പ്രകൃതിദത്ത ആവാസവ്യവസ്ഥയും ആകർഷകമായ മേഖലയുമായി ഇവിടം മാറിക്കഴിഞ്ഞു.
പരിസ്ഥിതിയെയും ജൈവവൈവിധ്യത്തെയും സംരക്ഷിച്ച് സുസ്ഥിര ഭാവിക്കായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ അബൂദബി പരിസ്ഥിതി ഏജൻസിയുടെ നേതൃത്വത്തിൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് അറേബ്യൻ ഒറിക്സ് പുനരധിവാസ പരിപാടിയുടെ ഭാഗമായാണ് അബൂദബിയിലെ വിവിധ പ്രൊട്ടക്റ്റഡ് ഏരിയകളിൽ അറേബ്യൻ ഒറിക്സുകൾക്ക് വിഹാര സൗകര്യമൊരുക്കിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ അറേബ്യൻ ഒറിക്സ് ഭവനമാക്കി യു.എ.ഇ തലസ്ഥാനത്തെ മാറ്റിയതിെൻറ ബഹുമതി ഇവിടുത്തെ ഭരണാധികാരികൾക്കാണ്. അബൂദബി മരുഭൂമിയിലും പാറക്കെട്ടുകളിലും മണൽത്തീരങ്ങളിലും ഈ മൃഗങ്ങൾക്കിപ്പോൾ ഭയരഹിതരായി മേഞ്ഞു നടക്കാം.
യു.എ.ഇയിൽ പതിനായിരത്തിലധികം അറേബ്യൻ ഒറിക്സുകൾ ഉണ്ട്. അതിൽ 5,000 ലേറെയും അബൂദബിയിലാണ്. കഴിഞ്ഞ വർഷം അവസാന പാദത്തിൽ അബൂദബിയിലെ അറേബ്യൻ ഒറിക്സ് റിസർവിൽ 946 അറേബ്യൻ ഒറിക്സുകളെ പുതുതായി കണ്ടെത്തിയതായി അബൂദബി പരിസ്ഥിതി ഏജൻസി അറിയിച്ചു. 5,975 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ 2007ൽ സ്ഥാപിതമായ അറേബ്യൻ ഒറിക്സ് റിസർവ് അബൂദബി എമിറേറ്റ്സിലെ തെക്കൻ മേഖലയിൽ സൗദി അറേബ്യ, സുൽത്താനേറ്റ് ഓഫ് ഒമാൻ രാജ്യങ്ങളുടെ അതിർത്തികൾക്കടുത്താണ് സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ നവംബറിൽ 100 അറേബ്യൻ ഒറിക്സുകളെ പശ്ചിമ അബൂദബി മേഖലയിലെ ഹുബേര റിസർവിൽ വിട്ടയച്ചിരുന്നു. ഖസ്ർ അൽ സറാബ് റിസർവിലും അറേബ്യൻ ഒറിക്സ് ഗ്രൂപ്പുകളെ അടുത്തിടെ മോചിപ്പിച്ചിരുന്നു.
അറേബ്യൻ ഒറിക്സിനെ പുനരധിവസിപ്പിക്കുന്നതിനൊപ്പം അവയെ വംശനാശത്തിൽ നിന്ന് സംരക്ഷിക്കുന്നതിലും വന്യമൃഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിലും അബൂദബി പ്രധാന പങ്ക് വഹിച്ചു. ആഗോളതലത്തിൽ വംശനാശം സംഭവിച്ച ജീവികളെ പുനരധിവസിപ്പിക്കുന്നതിൽ ഏറ്റവും പ്രധാന നേട്ടങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് അറേബ്യൻ ഒറിക്സുകളുടെ വംശവർധനവ്.
അറേബ്യൻ ഓറിക്സിെൻറ പരിപാലന പദ്ധതി നടപ്പാക്കുന്നത് യു.എ.ഇയിൽ മാത്രമായി പരിമിതപ്പെടുത്താതെ ഒമാനിലേക്കും ജോർദ്ദാനിലേക്കും ഇവയെ എത്തിച്ചു സംരക്ഷിക്കാനും അബൂദബി പരിസ്ഥിതി ഏജൻസി ശ്രമിക്കുന്നു. ഭാവിതലമുറയുടെ സുസ്ഥിരതയും തുടർച്ചയും ഉറപ്പുവരുത്തുന്നതിന് അബൂദബിയിലെ ദെലൈജ വൈൽഡ് ലൈഫ് മാനേജ്മെൻറ് സെൻററിൽ അറേബ്യൻ ഒറിക്സിന്റെ ആഗോള വളർച്ച ലക്ഷ്യമാക്കിയുള്ള പദ്ധതികളും ഗവേഷണങ്ങളും നടപ്പാക്കുന്നു. അറേബ്യൻ ഒറിക്സിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള ബ്രീഡിങിനും പ്രതികൂല ഫലങ്ങളിൽ നിന്ന് അവയെ സംരക്ഷിക്കുന്നതിനുമാണിത്. .
യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ അസാധാരണമായ ദീർഘ വീക്ഷണ ഫലമായാണ് 1960 അവസാനം ഈ ജീവിവർഗത്തിെൻറ നിലനിൽപ്പ് ഉറപ്പാക്കുന്നതിന് ഒരു ക്യാപ്റ്റീവ് ബ്രീഡിങ് പ്രോഗ്രാം അബൂദബിയിൽ ആരംഭിച്ചത്.
അറബ് സാഹിത്യം, കല, കവിതകൾ എന്നിവയിലും ഇടം നേടിയ ഈ മൃഗത്തിെൻറ സൗന്ദര്യം മാത്രമല്ല മരുഭൂമിയിലെ പരിസ്ഥിതിയോട് നന്നായി പൊരുത്തപ്പെടാനുള്ള കഴിവും, ശക്തിയും ധൈര്യവും ബഹുമാനിക്കപ്പെട്ടു. ശൈഖ് സായിദിെൻറ അറേബ്യൻ ഒറിക്സിനായുള്ള കരുതലുകൾ ഇന്ന് അബൂദബിയിൽ യാഥാർത്ഥ്യമായി. ലോകത്തേക്ക് വ്യാപിപ്പിക്കാനുള്ള പരിശ്രമത്തിലാണിപ്പോൾ അദ്ദേഹത്തിന്റെ മകനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.