അറബി പായ്ക്കപ്പല്‍ മേഡ് ഇന്‍ അജ്മാന്
text_fieldsനൂറ്റാണ്ടുകളായി അറബ് ലോകമെമ്പാടുമുള്ള വ്യാപാരത്തിലും വാണിജ്യത്തിലും തടി കൊണ്ടുള്ള പായക്കപ്പലുകള്‍ പ്രധാന പങ്ക് വഹിക്കുന്നു. അതിനാൽ തന്നെ വ്യാപാര പ്രിയരായ അറബികളുടെ സംസ്കാരവുമായി പായ്കപ്പലുകള്‍ക്ക് അഭേദ്യ ബന്ധമുണ്ട്. ലോകത്തിലെ ഏറ്റവും സജീവമായ അറബി പായ്ക്കപ്പല്‍ നിർമ്മാണ കേന്ദ്രമാണ് അജ്മാന്. തികച്ചും പരമ്പരാഗത രീതിയിൽ പായ്ക്കപ്പല്‍ നിർമ്മിക്കുന്നത് കാണുന്നതിന് ഇവിടെ സഞ്ചാരികളുമെത്തുന്നു. അറബ് പ്രാചീനകാലം മുതൽ പരമ്പരാഗത ഉപകരണങ്ങളും തലമുറകളിലൂടെ കൈമാറി കിട്ടിയ കരകൗശല വൈദഗ്ധ്യവും ഉപയോഗിച്ചാണ് ഇവിടെ നിർമാണം. ലോകത്തിലെ ഏറ്റവും വലിയ ബോട്ട് നിർമ്മാണ യാർഡ് എന്ന ഖ്യാതിയും ഈ കേന്ദ്രത്തിനുണ്ട്.
ഒരു സമയം മുപ്പതിലധികം ബോട്ടുകൾ നിർമ്മിക്കാൻ ഇവിടെ സൗകര്യമുണ്ട്. ബോട്ടുകളുടെ പുറംഭാഗം ഇപ്പോൾ പ്രധാനമായും മരത്തിന് പകരം ഫൈബർഗ്ലാസ് ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. എന്നിരുന്നാലും കപ്പലുടല്‍, കൊടിമരം തുടങ്ങിയ ഭാഗങ്ങള്‍ മരം കൊണ്ടു തന്നെ. ദുബൈ പവർ ബോട്ട് മീറ്റിൽ പങ്കെടുക്കുന്ന ബോട്ടുകളും ഇവിടെ നിര്‍മ്മിക്കുന്നു. 1960 കൾ വരെ ഈ കപ്പലുകൾ ഗൾഫിലെ ഒഴിച്ചുകൂടാനാവാത്ത യാത്രോപാധിയായിരുന്നു. ഈത്തപ്പഴം, മുത്തുകൾ, മത്സ്യം, മറ്റ് സാധനങ്ങൾ എന്നിവയുടെ ചരക്കുകൾ വഹിച്ചുകൊണ്ട് ഈ കപ്പലുകള്‍ ഗണ്യമായ ദൂരം സഞ്ചരിച്ചിരുന്നു. ഇപ്പോഴും യു.എ.ഇ ജീവിതത്തിന്‍റെ ഭാഗമാണിവ. ദുബൈയിലെയും മറ്റ് എമിറേറ്റുകളിലെയും ഡിന്നർ ക്രൂയിസ്, ചരക്ക്, പാസഞ്ചർ കപ്പലുകൾ എന്നിവയ്ക്കായി ധാരാളം പായക്കപ്പലുകള്‍ ഇന്നും ഉപയോഗിക്കുന്നു. പരമ്പരാഗത പായ്ക്കപ്പലുകളുടെ ലഘുരൂപവും ഇവിടെ നിര്‍മ്മിച്ച് നല്‍കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.