അറബ് ട്രാക്ക് ചാമ്പ്യൻഷിപ്: മെഡൽ ജേതാക്കളെ ആദരിച്ചു
text_fieldsദുബൈ: കൈറോയിൽ നടന്ന അറബ് ട്രാക്ക് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ യു.എ.ഇ ടീമിലെ ജി.ഡി.ആർ.എഫ്.എ ജീവനക്കാരെ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി ആദരിച്ചു. ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറിന്റെ സാന്നിധ്യത്തിൽ ഡയറക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് ടീം അംഗങ്ങൾക്ക് ആദരവ് നൽകിയത്.
ചടങ്ങിൽ ജി.ഡി.ആർ.എഫ്.എയിലെ വിവിധ വകുപ്പുകളുടെ അസിസ്റ്റന്റ് ഡയറക്ടർമാരും ജീവനക്കാരും സംബന്ധിച്ചു. ജേതാക്കളെ പ്രശംസിക്കുകയും രാജ്യത്തിനുവേണ്ടി കൂടുതൽ ചാമ്പ്യൻഷിപ്പുകൾ നേടുന്നതിന് തുടർച്ചയായ പരിശീലനവും പരിശ്രമവും ആവശ്യമാണെന്നും ലഫ്റ്റനന്റ് ജനറൽ ചടങ്ങിൽ പറഞ്ഞു. ജി.ഡി.ആർ.എഫ്.എ ദുബൈയുടെ സൈക്ലിങ് ടീമിന്റെ ലോഗോ പ്രകാശനവും നടന്നു. ദുബൈയിലെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്കിടയിൽ ആരോഗ്യവും ശാരീരികക്ഷമതയും വർധിപ്പിക്കുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഡയറക്ടറേറ്റിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് പുതിയ സൈക്ലിങ് ടീം രൂപവത്കരിച്ചതെന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി അഭിപ്രായപ്പെട്ടു.
ജീവനക്കാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രാദേശികമായും അന്തർദേശീയമായും മത്സരിച്ച് യു.എ.ഇയുടെ അഭിമാനം ഉയർത്താനുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയാണ് ഈ ശ്രമം പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എട്ട് അറബ് രാജ്യങ്ങളിൽനിന്നുള്ള 150 സൈക്ലിസ്റ്റുകൾ പങ്കെടുത്ത അറബ് ട്രാക്ക് ചാമ്പ്യൻഷിപ്പ് മൂന്നു ദിവസങ്ങളിലായി കൈറോ ഇന്റർനാഷനൽ വെലോഡ്റോമിലാണ് നടന്നത്. വിവിധ വിഭാഗങ്ങളിലായി 26 സൈക്ലിസ്റ്റുകൾ അടങ്ങുന്ന പ്രതിനിധി സംഘത്തോടൊപ്പമാണ് യു.എ.ഇ ദേശീയ ടീം ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.