ദുബൈ നിരത്തിൽ ഇനി കൂടുതൽ ടെസ്ല ടാക്സികൾ
text_fieldsദുബൈ: സുസ്ഥിര ഗതാഗത സംവിധാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ദുബൈ നിരത്തുകളിൽ കൂടുതൽ ടെസ്ല ടാക്സികൾ എത്തുന്നു. ഇതിനായി ശൈഖ് മജിദ് ബിൻ ഹമദ് അല്‍ഖാസിമിയുടെ ഉടമസ്ഥതയിലുള്ള ഇക്കണോമിക് ഗ്രൂപ് ഹോള്‍ഡിങ്സിന്റെ കീഴിലെ അറേബ്യ ടാക്സി 269 പുതിയ ടെസ്ല മോഡല്‍-3 കാറുകൾ എത്തിക്കും.
ദുബൈ ടാക്സിയുടെയും ഫ്രാഞ്ചൈസ് കമ്പനികളുടെയും വാഹനങ്ങള്‍ മുഴുവൻ 2027ഓടെ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ദുബൈ റോഡ് ഗതാഗത അതോറിറ്റി(ആർടി.എ)യുടെ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഹൈബ്രിഡ്, ഇലക്ട്രിക്, ഹൈഡ്രജന്‍ വാഹനങ്ങളാണ് ടാക്സികളിൽ ഉൾപ്പെടുത്തുന്നത്.
യു.എ.ഇയിൽ സ്വകാര്യ ടാക്സി വാഹനങ്ങൾ കൂടുതൽ സ്വന്തമായുള്ളത് ഇക്കണോമിക് ഗ്രൂപ്പിനാണ്. 6000 ടാക്സികളാണ് കമ്പനിക്കുള്ളത്. നിലവിൽ ദുബൈയിലെ 83 ശതമാനം കാറുകളും പരിസ്ഥിതി സൗഹൃദ ഹൈബ്രിഡ് എൻജിൻ സാങ്കേതികവിദ്യയിൽ പ്രവര്‍ത്തിക്കുന്നതിനാൽ ഈ രംഗത്ത് ശ്രദ്ധേയ പുരോഗതി കൈവരിച്ചുവെന്ന് ഇക്കണോമിക് ഗ്രൂപ് ചെയര്മാൻ ശൈഖ് മാജിദ് ബിൻ ഹമദ് അല്‍ഖാസിമി പറഞ്ഞു. ബാക്കിയുള്ള വാഹനങ്ങളെയും ഇലക്ട്രിക് കാറുകളാക്കി മാറ്റാനാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാവിയിൽ ഹൈഡ്രജൻ ഊര്‍ജ വാഹനങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്. ടെസ്ലയുമായും നിരവധി ഇലക്ട്രിക് കാർ നിര്‍മാതാക്കളുമായും സഹകരണം വിപുലീകരിക്കാനും ഉപയോക്താക്കള്‍ക്ക് വൈവിധ്യവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത സൗകര്യം നൽകാനുമാകുമെന്നാണ് പ്രതീക്ഷ -അല്‍ഖാസിമി കൂട്ടിച്ചേർത്തു.
എമിറേറ്റിലെ ശുചിത്വപൂർണമായ അന്തരീക്ഷം നിലനിർത്താനായി ഹരിത വാഹനങ്ങൾ വർധിപ്പിക്കുന്ന ദുബൈ സർക്കാറിന്റെ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്നതാണ് കമ്പനിയുടെ നീക്കമെന്ന് ആർ.ടി.എയിലെ പൊതു ഗതാഗത ഏജന്‍സി സി.ഇ.ഒ അഹ്മദ് ബഹ്റൂസിയൻ പറഞ്ഞു.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളിൽ എമിറേറ്റിലെ കാര്‍ബൺ പുറന്തള്ളൽ കുറക്കാനും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുമാണ് ആർ.ടി.എ പദ്ധതികളിലൂടെ ലക്ഷ്യം വെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.