ആഘോഷമാക്കാൻ അറേബ്യൻ ഡെയ്സ്
text_fieldsശൈത്യകാലം തുടങ്ങുന്നതുതന്നെ അബൂദബി എമിറേറ്റിനെ സംബന്ധിച്ച് ആഘോഷാരവങ്ങളോടെയാണ്. രാജ്യത്തെ ഏറ്റവും വലിയ ഉല്‍സവമായ അല്‍ വത്ബയിലെ ശൈഖ് സായിദ് ഫെസ്റ്റിവലില്‍ വിവിധങ്ങളായ പരിപാടികളാണ് ദിവസവും അരങ്ങേറുന്നത്. യു.എ.ഇയിലെ ശ്രദ്ധേയമായ സാംസ്കാരിക മേളകളിലൊന്നായ മദര്‍ ഓഫ് ദി നേഷന്‍ ഫെസ്റ്റിവലും അബൂദബി കോര്‍ണിഷില്‍ ആരംഭിച്ചു.
ഒപ്പം ജനങ്ങളെ ആഘോഷത്തിലാറാടിക്കാന്‍ മാറ്റാരുല്സവം കൂടി ആഗതമാവുകയാണ്. അറബി ഭാഷ ആഘോഷമാക്കുന്ന ‘അറേബ്യന്‍ ഡേയ്സ്’ എന്ന ഫെസ്റ്റിവല്‍ ഡിസംബര്‍ 15 മുതല്‍ 18വരെ മനാറത്ത് അല്‍ സഅദിയാത്തിലാണ് അരങ്ങേറുന്നത്. സംഗീത നിശകളും സിനിമാ പ്രദര്‍ശനങ്ങളും കലാ പ്രദര്‍ശനങ്ങളും സാഹിത്യ ചര്‍ച്ചകളുമൊക്കെ ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറും.
അബൂദബി അറബ് ലാംഗ്വേജ് സെന്ററാണ് ഫെസ്റ്റിവലിന്റെ സംഘാടകര്‍. ലബനീസ് ഗായകന് മര്വാൻ ഖൗരി, ഈജിപ്ഷ്യന്‍ അഭിനേത്രി മോനാ സാകി തുടങ്ങിയവര്‍ മേളയില്‍ അതിഥികളായെത്തും. ലോക അറബി ഭാഷാദിനമായ ഡിസംബര്‍ 18നാണ് മേളക്ക് കൊടിയിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. സംസ്കാര പ്രേമികളായ ഏതു ഭാഷക്കാര്‍ക്കും അനുഭവേദ്യമാവുന്ന ഒട്ടേറെ പരിപാടികളാണ് അറേബ്യന്‍ ഡേയ്സില്‍ അണിയിച്ചൊരുക്കിയതെന്ന് അബൂദബി അറബി ഭാഷാ കേന്ദ്രം ചെയര്മാന് അലി ബിന്‍ തമീം പറഞ്ഞു.
അറബി ഭാഷയെയും സംസ്കാരത്തെയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒത്തുകൂടാനും ആഘോഷിക്കാനുമുള്ള വേദിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തുറസ്സായ വേദിയില്‍ 30ഓളം അത്യഗ്രന്‍ പ്രകടനങ്ങളാണ് മേളയുടെ ഭാഗമായി അരങ്ങേറുക. ഫലസ്തീനി ഗായിക നോയല്‍ ഖര്‍മാന്‍ ഡിസംബര്‍ 16ന് ഇതാദ്യമായി അബൂദബിയില്‍ ഒരു പരിപാടി അവതരിപ്പിക്കാനെത്തുന്നു എന്നതും സവിശേഷതയാണ്.
അറബ് സിനിമയുടെ ഉൽസവം
‘സിനിമ അകിലു’മായി സഹകരിച്ചാണ് അറേബ്യന്‍ ഡേയ്സില്‍ അറബി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്. അഹമ്മദ് മൂറാദിന്റെ നോവലിനെ ആസ്പദമാക്കി 2014ല്‍ റിലീസ് ചെയ്ത ‘ദ ബ്ലൂ വേല്’ ആണ് മേളയില്‍ ഡിസംബര്‍ 16ന് പ്രദര്‍ശിപ്പിക്കുന്ന ചിത്രം. ഇതിനുശേഷം സിറിയന്‍ എഴുത്തുകാരന് സമര് യാസ് ബക്കും ലബനീസ് സിനിമാ സംവിധായകരന്‍ റാണിയ സ്റ്റീഫനും തമ്മിലുള്ള സംഭാഷണ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 18ന് ‘ദ ലാസ്റ്റ് ക്വീന്‍’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ചിത്രങ്ങള്‍ക്കെല്ലാം ഇംഗ്ലീഷ് സബ് ടൈറ്റില്‍സ് ഉണ്ടാവും. അറബി ഭാഷയുടെ വൈവിധ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എഴുത്തുകാരും ബുദ്ധിജീവികളും സാംസ്കാരിക ചരിത്രകാരന്മാരുമെല്ലാം അറേബ്യന്‍ ഡേയ്സില്‍ സംഗമിക്കുന്നുണ്ട്. മേളയില്‍ പ്രവേശനം സൗജന്യമാണ്.
ജലവിനോദങ്ങളുടെ കാലം
തണുപ്പുകാലത്തെ വിനോദ പരിപാടികളില്‍ ഖസ്ര് അല്‍ ഹുസ്ന് കോട്ട സന്ദര്‍ശനം ഉള്‍പ്പെടുത്താൻ ഉചിതമായ സമയവും ഇപ്പോഴാണ്. കണ്ടല്ക്കാടുകള്ക്കിടയിലുള്ള കയാക്കിങ് മികച്ച അനുഭവം സമ്മാനിക്കും. അനന്താര ഹോട്ടലിനോടു ചേര്‍ന്ന ഈസ്റ്റേണ്‍ മാന്ഗ്രോവ്സിലും ജുബൈല്‍ മാന്‍ഗ്രോവ് പാര്‍ക്കിലും റീം ഐലന്‍ഡിനും ലൂറോ, സഅദിയാത്ത് ഐലന്‍ഡിലും കയാക്കിങ് ലഭ്യമാണ്.
നൂറുകണക്കിന് ദ്വീപുകളാല്‍ നിര്‍മിക്കപ്പെട്ട നഗരത്തില്‍ നിരവധി ഇടങ്ങളില്‍ വിവിധ തരം ബോട്ടുസര്‍വീസുകള്‍ ലഭ്യമാണ്. സ്പീഡ് ബോട്ട് മുതല്‍ പരമ്പരാഗത ബോട്ടുകള്‍ വരെ ഇങ്ങനെ യാത്രക്കായി ലഭ്യമാണ്. മരുഭൂമിയിലെ കാര്‍സവാരി, ക്വാഡ് ബൈക്കിങ്, ഒട്ടകസവാരി തുടങ്ങി എന്നെന്നും മനസ്സില്‍ തങ്ങിനില്ക്കുന്ന യാത്രകള്‍ക്കും ഇക്കാലയളവ് ഉപയോഗപ്പെടുത്താവുന്നതാണ്. അബൂദബി മാളിനുള്ളില്‍ ഒരുക്കിയിരിക്കുന്ന പ്രിസന്‍ ഐലന്‍ഡ് എന്ന 26 എസ്കേപ്പിങ് റൂമുകളും സന്ദര്‍ശകര്‍ക്ക് ആസ്വദിക്കാവുന്നതാണ്. ജബല്‍ ഹഫീത് ഡെസേര്‍ട്ട് പാര്‍ക്കില്‍ അയ്യായിരത്തിലേറെ പഴക്കമുള്ള ശവകുടീരങ്ങള്‍ കാണാം. ഇതിനു പുറമേ ക്യാമ്പിങ്ങിനും പാര്‍ക്കില്‍ സൗകര്യമുണ്ട്.
അബൂദബിയുടെ പൂന്തോട്ട നഗരമായ അല്‍ ഐന്‍ ഒയായിസില് നിരവധി കോട്ടകളും കൊട്ടാരങ്ങളുമുണ്ട്. അഫ്ലാജ് സംവിധാനത്തിലൂടെ ഈന്തപ്പന കൃഷി തലമുറകളായി നടത്തിവരുന്നുവെന്ന് ഇവിടുത്തെ സന്ദര്‍ശം ബോധ്യപ്പെടുത്തിതരും. യു.എ.ഇയുടെ സ്ഥാപകപിതാവായ ശൈഖ് സായിദിന്റെ കൊട്ടാരവും സന്ദര്‍ശിക്കാം.
‘മദര്‍ ഓഫ് ദി നേഷന്‍’ ഉല്‍സവം
അബൂദബി കോര്‍ണിഷില്‍ അബൂദബി ഡിപ്പാര്‍ട്മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം സംഘടിപ്പിക്കുന്ന മദര്‍ ഓഫ് ദി നേഷന്‍ ഉല്‍സവം ഡിസംബര്‍ 31നാണു സമാപിക്കുക. ശൈഖ ഫാത്വിമ ബിന്ത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് മദര്‍ ഓഫ് ദി നേഷന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
മേളയില്‍ തത്സമയം അവതരിപ്പിക്കുന്ന കലാപരിപാടികള്‍, കുടുംബാംഗങ്ങള്‍ക്ക് ഒത്തൊരുമിച്ച് ആസ്വദിക്കാവുന്ന വിനോദപരിപാടികള്‍, സാഹസിക പ്രവര്‍ത്തനങ്ങള്‍, ഭക്ഷണമേള മുതലായ പരിപാടികളുണ്ട്. ഇന്‍സ്പയര്‍ സ്പേസ്, ത്രില്‍ സോണ്‍, ഫുഡ് ഹബ്, മ്യൂസിക് അരീന, ഷോപ്പിങ് ഡിസ്ട്രിക്റ്റ്, അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിങ്ങനെ മേളയെ ആറ് പ്രത്യേക മേഖലകളാക്കിയാണ് തിരിച്ചിരിക്കുന്നത്. പ്രവര്‍ത്തിദിനങ്ങളില്‍ വൈകീട്ട് 4 മുതല്‍ അർധരാത്രി വരെയും, വാരാന്ത്യങ്ങളില്‍ ഉച്ചക്ക് 2 മുതല്‍ അർധരാത്രി വരെയും പ്രവേശനം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.