അറേബ്യൻ ട്രാവൽ മാർക്കറ്റ് മേയ് ആറ് മുതൽ
text_fieldsദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ യാത്രാപ്രദർശന മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റി(എ.ടി.എം)ന് മേയ് 6ന് തുടക്കമാകും. നാലു ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിന് ദുബൈ വേൾഡ് ട്രേഡ് സെന്ററാണ് വേദിയാകുന്നത്. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നായി പ്രമുഖ യാത്രാസേവന ദാതാക്കളും കമ്പനികളും പരിപാടിക്ക് എത്തിച്ചേരും. ആഗോളതലത്തിൽ തന്നെ വിനോദസഞ്ചാര മേഖലയിൽ ദുബൈ വലിയ മുന്നേറ്റമാണ് നേടിക്കൊണ്ടിരിക്കുന്നത്. ലണ്ടൻ, ന്യൂയോർക്ക് സിറ്റി, ബാങ്കോക്ക് തുടങ്ങിയ പ്രധാന തലസ്ഥാന നഗരങ്ങളെക്കാൾ കൂടുതൽ ഹോട്ടൽ മുറികൾ ദുബൈയിലണ്ട്. ഈ മാസം മുതൽ നഗരത്തിലെ ഹോട്ടൽ മുറികളുടെ ശേഷി 1.5ലക്ഷത്തിലധികമായാണ് കണക്കാക്കുന്നത്.
ഗൾഫ് മേഖലയിലെ ഹോസ്പിറ്റാലിറ്റി രംഗം വളരുന്ന സാഹചര്യത്തിൽ കടന്നുവരുന്ന എ.ടി.എം, ലോകത്തകമാനമുള്ള നിരവധി ബ്രാൻഡുകളെ പരിചയപ്പെടുത്തുമെന്ന് എക്സിബിഷൻ ഡയറക്ടർ ഡാനിയൽ കാർടിസ് പറഞ്ഞു. ടൂറിസം, യാത്രാമേഖലയുമായി ബന്ധപ്പെട്ട നിരവധി കരാറുകളിലും കമ്പനികൾ മേളയിൽ ഒപ്പുവെക്കും. ചതുർദിന മേളക്കിടെ വിവിധ വേദികളിലായി നിരവധി സമ്മേളനങ്ങളും നടക്കും. സഞ്ചാര മേഖലയിലെ പുതിയ ട്രെൻഡുകളും ആശയങ്ങളും പരിചയപ്പെടുത്താനും മേളയിൽ സംവിധാനം ഉണ്ട്. ആയിരക്കണക്കിന് ടൂർ ഓപറേറ്റർമാർ, ട്രാവൽ ഏജൻറുമാർ, ഹോട്ടൽ വ്യവസായികൾ എന്നിവരും മേളക്കായി ദുബൈയിൽ എത്തും. കേരളത്തിൽ നിന്നും സംരംഭകർ മേളക്ക് എത്തിച്ചേരാറുണ്ട്. കഴിഞ്ഞ വർഷം നൂറിലേറെ രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലേറെ പ്രദർശകർ മേളക്കെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.