അറേബ്യൻ ട്രാവൽ മാർക്കറ്റ് ഇന്നുമുതൽ
text_fieldsദുബൈ: ആഗോള തലത്തിലെ തന്നെ ശ്രദ്ധേയമായ യാത്ര, ടൂറിസം പ്രദർശന മേളയായ അറേബ്യൻ ട്രാവൽ മാർക്കറ്റിന് (എ.ടി.എം) തിങ്കളാഴ്ച ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ തുടക്കമാകും.
‘എംപവറിങ് ഇന്നൊവേഷൻ: ട്രാൻഫോർമിങ് ട്രാവൽ ത്രൂ എന്റർപ്രണർഷിപ്’ എന്ന തീമിൽ ഒരുക്കുന്ന മേളയിൽ 41,000 സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. മേയ് ഒമ്പത് വരെ നീണ്ടുനിൽക്കുന്ന മേളയുടെ 31ാമത് എഡിഷനിൽ 165 രാജ്യങ്ങളിലെ 2300 ലേറെ പ്രദർശകരും പ്രതിനിധികളും അണിനിരക്കും.
ലോകമെമ്പാടുമുള്ള വ്യവസായ പ്രമുഖർക്കും നയരൂപകർത്താക്കൾക്കും വളർച്ചക്കുള്ള അവസരങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതും യാത്ര, ടൂറിസം മേഖലയെ ശാക്തീകരിക്കുന്ന വേദിയുമാകും മേള. സ്റ്റാർട്ടപ്പുകൾ മുതൽ മുൻനിര ബ്രാൻഡുകൾ വരെ ലോകത്തിന്റെ യാത്ര വ്യവസായ മേഖലയുടെ പരിച്ഛേദം തന്നെയാകും എ.ടി.എം. മേളയിൽ ഒരുക്കുന്ന ഗ്ലോബൽ സ്റ്റേജ്, ഫ്യൂചർ സ്റ്റേജ് എന്നിവിടങ്ങളിലായി നടക്കുന്ന വിവിധ വിഷയങ്ങളിലെ കോൺഫറൻസുകളിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ സംസാരിക്കും. ഈ മേഖലയുടെ സുസ്ഥിരത ലക്ഷ്യമിട്ടുള്ള നൂതന സംവിധാനങ്ങളും എ.ടി.എമ്മിൽ പരിചയപ്പെടുത്തപ്പെടും. മേളയിൽ പങ്കെടുക്കുന്ന ഹോട്ടൽ ബ്രാൻഡുകളുടെ എണ്ണം 21 ശതമാനം വർധിച്ചിട്ടുണ്ട്. പുതിയ ട്രാവൽ ടെക്നോളജി ഉൽപന്നങ്ങളിൽ 58 ശതമാനം വർധനവും ഈ വർഷത്തോടെയുണ്ടാകും. ചൈന, മക്കാവോ, കെനിയ, ഗ്വാട്ടിമാല, കൊളംബിയ എന്നിവയുൾപ്പെടെ നിരവധി പുതിയ യാത്ര ലക്ഷ്യസ്ഥാനങ്ങൾ എ.ടി.എം 2024ൽ അവതരിപ്പിക്കപ്പെടും.
എ.ടി.എം ഉദ്ഘാടന ദിവസം പ്രത്യേകമായ ഇന്ത്യ ഉച്ചകോടി നടക്കുന്നുണ്ട്. ടൂറിസം വളർച്ചക്കുള്ള പ്രധാന ഉറവിട വിപണിയെന്ന നിലയിൽ ഇന്ത്യയുടെ നിലവിലുള്ളതും ഭാവിയിലെയും അവസരങ്ങളെ ഉച്ചകോടി പരിചയപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.