അറേബ്യൻ ട്രാവൽ മാർക്കറ്റ്: വേനല്‍ക്കാല വിനോദം; അബൂദബി വക സമ്മര്‍ പാസ്
text_fieldsഅബൂദബി: സഞ്ചാരികള്‍ക്കും താമസക്കാര്‍ക്കും വേനല്‍ക്കാല ആസ്വാദനത്തിനും വിനോദങ്ങള്‍ക്കുമായി സമ്മര്‍ പാസ് ഒരുക്കി അബൂദബി എമിറേറ്റ്‌സ്. അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റില്‍ സാംസ്‌കാരിക, വിനോദസഞ്ചാര വിഭാഗത്തിന്‍റെ മേല്‍നോട്ടത്തിലാണ് സമ്മര്‍ പാസ് പുറത്തിറക്കിയത്. നിരക്ക് ഉള്‍പ്പെടെ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ അറിയിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വാര്‍ണര്‍ ബ്രോസ് വേള്‍ഡ്, ഫെരാരി വേള്‍ഡ്, യാസ് വാട്ടര്‍വേള്‍ഡ് അബൂദബി എന്നീ തീം പാര്‍ക്കുകളിലേക്കും മറ്റു സാംസ്‌കാരിക കേന്ദ്രങ്ങളിലേക്കും പ്രവേശനത്തിന് അവസരം നല്‍കുന്നതാണ് പാസ്. സമ്മര്‍ ലൈക്ക് യു മീന്‍ ഇറ്റ് എന്ന പ്രമേയത്തില്‍ ആരംഭിച്ച കാമ്പയിനിലൂടെ ആഗോള വിനോദസഞ്ചാരികളെ രാജ്യത്തിന്‍റെ തലസ്ഥാനത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
അബൂദബിയിലെ അല്‍ ഖൗന നാഷനല്‍ അക്വേറിയത്തിലെ സ്രാവുകള്‍ക്കൊപ്പം നീന്തല്‍, അല്‍ ഐനിലെ മൃഗശാലയില്‍ ജിറാഫിനൊപ്പം പ്രഭാത സവാരി, സിംഹത്തിനൊപ്പം അത്താഴം, ലൂവ്‌ർ അബൂദബിയിലെ യോഗ തുടങ്ങിയ വേറിട്ട അനുഭവങ്ങളും സമ്മര്‍ പാസ് സമ്മാനിക്കും. യു.എ.ഇയുടെ ചരിത്രം വിളിച്ചറിയിക്കുന്ന ഖസര്‍ അൽഹുസ്ന്‍, പ്രസിഡന്‍ഷ്യല്‍ പാലസ്, വാഹത് അല്‍ കരാമ, ഖസര്‍ അല്‍ വതന്‍, ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക്, ജബല്‍ ഹഫീത് തുടങ്ങി എമിറേറ്റിലെ സാംസ്‌കാരിക കേന്ദ്രങ്ങളും സന്ദര്‍ശിക്കാം. ഷോപ്പിങ് മാളുകളില്‍നിന്നുള്ള വേനല്‍ക്കാല പ്രമോഷന്‍ പദ്ധതികളിലൂടെ സമ്മാനങ്ങള്‍ നേടാനും അവസരമുണ്ട്.
വിവിധയിടങ്ങളിലേക്ക് യാത്രചെയ്യാന്‍ യാസ് എക്‌സ്പ്രസ്, അബൂദബി ബസ് എന്നിവ ഉപയോഗപ്പെടുത്താമെന്ന് അബൂദബി സാംസ്‌കാരിക, വിനോദസഞ്ചാര വിഭാഗം ഡയറക്ടര്‍ ജനറല്‍ സാലിഹ് മുഹമ്മദ് സാലിഹ് അല്‍ ഗെസിരി പറഞ്ഞു. വേനല്‍ക്കാലത്ത് വീടുകളില്‍ തന്നെ കഴിഞ്ഞുകൂടുന്ന താമസക്കാരെയും മറ്റും സമ്മര്‍ പാസിലൂടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയും കാമ്പയിനിന്‍റെ ലക്ഷ്യമാണ്. കുടുംബാംഗങ്ങള്‍ക്ക് ഒന്നിച്ച് പങ്കെടുക്കാവുന്ന വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. തിരക്കുള്ള സമയത്തെക്കാള്‍ 30 ശതമാനം കുറഞ്ഞ നിരക്കിലാണ് സമ്മര്‍പാസില്‍ ഹോട്ടല്‍ താമസമൊരുക്കുന്നത്. വേനൽകാല പദ്ധതികളിലൂടെ വിനോദസഞ്ചാരികള്‍ അബൂദബിയിലെത്തുമ്പോള്‍ എമിറേറ്റിലെ ഹോട്ടലുകളും സജീവമാകുമെന്നാണ് വിലയിരുത്തല്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.