സഞ്ചാര പുതുമകൾ പങ്കുവെച്ച് എ.ടി.എമ്മിന് സമാപനം
text_fieldsദുബൈ: ലോകത്തെ വ്യത്യസ്ത രാജ്യങ്ങളിലെ സഞ്ചാര സാധ്യതകളും യാത്രാമേഖലയിലെ സാങ്കേതിക മികവുകളും പങ്കുവെച്ച് 30ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിന്(എ.ടി.എം) സമാപനമായി. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ നടന്ന ഇത്തവണത്തെ പ്രദർശനങ്ങൾ കാണാനായി ആയിരങ്ങളാണ് നാലുദിവസങ്ങളിലായി ഒഴുകിയെത്തിയത്.
ഗൾഫ് മേഖലയിലെ ഏറ്റവും വലിയ യാത്രാപ്രദർശനത്തിൽ ഇത്തവണ ‘ടൂറിസം മേഖലയിലെ സുസ്ഥിരത’ എന്ന വിഷയമാണ് പ്രധാനമായും ചർച്ച ചെയ്യപ്പെട്ടത്. 50,000ത്തോളം സന്ദർശകരാണ് ഇത്തവണ മേളയിൽ എത്തിച്ചേർന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ഉദ്ഘാടനം ചെയ്തത്. 100 രാജ്യങ്ങളിലെ 2000ത്തോളം പ്രദർശകർ അണിനിരന്നു.
ഇതിൽ 100ഓളം പേർ പുതിയ പ്രദർശകരാണ്. ലോകത്തിലെ ഏറ്റവും മികച്ച 80ലധികം ട്രാവൽ ടെക്നോളജി കമ്പനികൾ ഇക്കുറിയുണ്ടായിരുന്നു. സാങ്കേതിക മേഖലക്കായി മാത്രം 2,000 ചതുരശ്ര മീറ്ററിലധികം പ്രദർശന സ്ഥലം മാറ്റിവെച്ചിട്ടുണ്ട്. ടൂർ ഓപറേറ്റർമാർ, ട്രാവൽ ഏജൻറുമാർ, ഹോട്ടൽ വ്യവസായികളെല്ലാം ഒരു കുടക്കീഴിൽ അണിനിരന്ന മേള പ്രതീക്ഷക്കപ്പുറം വിജയിച്ചെന്നാണ് സംഘാടകർ അഭിപ്രായപ്പെടുന്നത്.
ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ദുബൈ നവംബറിൽ ആതിഥ്യമരുളുന്ന പശ്ചാത്തലത്തിലാണ് സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള വിഷയങ്ങൾക്ക് മുൻഗണന ലഭിച്ചത്. ഉദ്ഘാടന ദിവസത്തെ ആദ്യ സെഷൻ തന്നെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചായിരുന്നു. ചാറ്റ് ജി.പി.ടി അടക്കമുള്ള നിർമിതബുദ്ധി സാങ്കേതികവിദ്യകൾ യാത്രാമേഖലയിൽ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും സെഷനുകളുണ്ടായിരുന്നു.
കോവിഡാനന്തരം ടൂറിസം മേഖലയിലെ വലിയ സാധ്യതകളെ ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വിവിധ കമ്പനികൾ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെക്കുകയുമുണ്ടായി. ഗൾഫ് മേഖലയിൽ യാത്രചെയ്യുന്നതിന് ‘ഷെങ്കൻ’ രൂപത്തിൽ വിസ ഏർപ്പെടുത്താൻ സജീവമായി നടപടികൾ പുരോഗമിക്കുന്നതായ പ്രഖ്യാപനം ഇത്തവണ എ.ടി.എമ്മിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട കാര്യമാണ്. ടൂറിസത്തിന് വലിയ പ്രാധാന്യം നൽകിവരുന്ന സൗദി അടക്കമുള്ള ഗൾഫ് രാജ്യങ്ങളുടെ സജീവമായ പങ്കാളിത്തവും ഇത്തവണ ശ്രദ്ധിക്കപ്പെട്ടതാണ്. വൈവിധ്യമാർന്ന ഭൂപ്രകൃതിയെയും ചരിത്രത്തെയും പരിചയപ്പെടുത്തിയ ഇന്ത്യയുടെ പവിലിയനുകളിലും നൂറുകണക്കിന് സന്ദർശകർ എത്തിച്ചേർന്നിരുന്നു. വിവിധ സംസ്ഥാനങ്ങൾക്ക് പ്രത്യേകം പവിലിയനുകൾ ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.