അറബി-മലയാളം വിവരണാത്മക ഗ്രന്ഥസൂചി പുറത്തിറക്കി
text_fieldsഅറബി-മലയാളം വിവരണാത്മക ഗ്രന്ഥസൂചി പ്രകാശനചടങ്ങ്
അബൂദബി: മലയാളത്തിൽ ആദ്യമായി അറബി-മലയാളം വിവരണാത്മക ഗ്രന്ഥസൂചി (അനോട്ടഡ് ബിബ്ലിയോഗ്രാഫി) പുറത്തിറക്കി. മാപ്പിള ഹെറിറ്റേജ് ലൈബ്രറിയും ഗ്രെയിസ് ബുക്സും സംയുക്തമായി പ്രസിദ്ധീകരിച്ച ഗ്രന്ഥം, അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്റർ രണ്ടാം സാഹിത്യമേളയിൽ അബൂദബി ജുഡീഷ്യൽ ആൻഡ് റിലീജിയൻ ഉപദേശകൻ ശൈഖ് സയ്യിദ് അലി അൽ ഹാഷിം പ്രമുഖ വ്യവസായി ഡോ. അബൂബക്കർ കുറ്റിക്കോലിന് നൽകി പ്രകാശനം ചെയ്തു. അറബി-മലയാളത്തിന്റെ സമ്പന്നമായ സാഹിത്യ പൈതൃകം വ്യവസ്ഥാപിതമായി വായനക്കാർക്ക് മുമ്പിൽ അവതരിപ്പിക്കുന്ന ബിബ്ലിയോഗ്രാഫി ചരിത്രപരമായ ചുവടുവെപ്പാണ്. തൊള്ളായിരത്തിലധികം വരുന്ന രചനകളിലേക്ക് വേഗം ചെന്നെത്താനും അവശ്യ വിഷയങ്ങൾ കണ്ടെത്താനും ഇതിലൂടെ എളുപ്പം സാധിക്കും.
സയ്യിദ് അബ്ദുൽ അശ്റഫ് മാനേജിങ് എഡിറ്ററായി പ്രമുഖ ചരിത്രകാരൻ അബ്ദുറഹ്മാൻ മങ്ങാടിന്റെ നേതൃത്വത്തിൽ ഹുസൈൻ കെ.എച്ച്, ടി.പി സൽമാനുൽ ഫാരിസ്, കെ. അബൂബക്കർ എന്നിവർകൂടി പങ്കാളികളായി രചിച്ച ഈ ഗ്രന്ഥം, അറബി-മലയാള സാഹിത്യ പാരമ്പര്യത്തിന്റെ ഗഹനമായൊരു കണക്കെടുപ്പ് കൂടിയാണ്.
പ്രമുഖ ചരിത്രകാരനും ബിബ്ലിയോഗ്രാഫിയുടെ മുഖ്യ ഗ്രന്ഥകാരനുമായ അബ്ദുറഹ്മാൻ മങ്ങാട്, പ്രമുഖ എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ചന്ദ്രിക മുൻ എഡിറ്റർ സി.പി. സൈതലവി, അബൂദബി പൊലീസിലെ അലി സബീൽ, ആയിഷ ഷെഹ, ഐ.ഐ.സി പ്രസിഡന്റ് പി. ബാവഹാജി, ഐ.ഐ.സി ജനറൽ സെക്രട്ടറി ടി. ഹിദായത്തുല്ല, വൈസ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി, ട്രഷറർ ബി.സി. അബൂബക്കർ, വർക്കിങ് പ്രസിഡന്റ് സി. സമീർ, സാഹിത്യ വിഭാഗം സെക്രട്ടറി ജാഫർ കുറ്റിക്കോട്, അബൂദബി സ്റ്റേറ്റ് കെ.എം.സി.സി സെക്രട്ടറി യൂസഫ് മാട്ടൂൽ, അബൂദബി സുന്നി സെന്റർ സെക്രട്ടറി കബീർ ഹുദവി, മലയാളി സമാജം ട്രഷറർ യാസർ അറഫാത്ത് തുടങ്ങിയവർ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.