രക്ഷിതാവെന്ന നിലയിൽ നിങ്ങൾ വിജയിച്ചോ?
text_fieldsദുബൈ: തിരക്കിട്ട ജീവിതത്തിനിടയിൽ മക്കളോടുള്ള കടമകൾ മറന്നുപോകുന്നോ എന്നത് പലർക്കുമുണ്ടാകുന്ന ആശങ്കയാണ്. ചിലർ എത്ര ശ്രദ്ധിച്ചാലും ഇക്കാര്യത്തിൽ സംതൃപ്തരാകാറുമില്ല. പുതിയ തലമുറയുടെ അഭിരുചികളും താൽപര്യങ്ങളും അറിഞ്ഞുകൊണ്ട് മക്കളോട് ഇടപെടുക എന്നതാണ് ഇക്കാര്യത്തിൽ വിജയവഴി. ഇക്കാര്യത്തിൽ രക്ഷിതാവ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെന്തെല്ലാമാണെന്ന് വിശദീകരിക്കാൻ ‘ഗൾഫ് മാധ്യമം എജുകഫെ’യിൽ ഇത്തവണ പ്രമുഖ എഴുത്തുകാരിയും മനഃശാസ്ത്ര വിദഗ്ധയുമായ ആരതി സി. രാജരത്നം എത്തുന്നുണ്ട്.
കുട്ടികളുമായി ഇടപെടുമ്പോൾ ഒരു രക്ഷിതാവ് അറിഞ്ഞിരിക്കേണ്ട കുടുംബപരവും മാനസികവുമായ വിവിധകാര്യങ്ങൾ വിശദീകരിക്കുന്നതായിരിക്കും സെഷൻ. പ്രത്യേകിച്ച് പഠനകാര്യങ്ങളിൽ ശ്രദ്ധയിലുണ്ടാകേണ്ട വശങ്ങൾ സദസ്സുമായി ഇവർ സംവദിക്കും. വിദ്യാഭ്യാസ, മാനസികാരോഗ്യ വിഷയങ്ങളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പല പുസ്തകങ്ങളുടെ രചയിതാവുകൂടിയാണ് ആരതി. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും നൂതന പാഠ്യപദ്ധതികൾ ആവിഷ്കരിക്കുന്നതിലും അത് വിജയകരമായി അവതരിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിച്ചവരിലൊരാൾ. ആരതിയുടെ നൂതന പാഠ്യ മാതൃക വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. വിദ്യാർഥികൾക്കും കുട്ടികൾക്കുമായി ഒരു ചൈൽഡ് ഗൈഡൻസ് സെന്ററും കൗൺസലിങ് ക്ലിനിക്കും ആരതി നടത്തിവരുന്നുണ്ട്. ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളെ പുനർനിർവചിക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന ആരതി സി. രാജരത്നം എജുകഫെയുടെ വേദിയിലെത്തുമ്പോൾ രക്ഷിതാക്കൾക്ക് അസുലഭമായ അവസരമാണ് ഒരുങ്ങുന്നത്. ദുബൈ മുഹൈസിന ഇത്തിസലാത്ത് അക്കാദമിയിൽ നവംബർ 15, 16 തീയതികളിലായാണ് എജുകഫെ നടക്കുക.
വിവിധ വിഷയങ്ങളിലെ വിദഗ്ധർ, പ്രമുഖരായ അധ്യാപകർ, നിരവധി നേട്ടങ്ങൾ കൈവരിച്ച വിദ്യാർഥികൾ എന്നിവർ നയിക്കുന്ന സെഷനുകളും മേളയുടെ രണ്ടുദിവസങ്ങളിലായി ഒരുക്കിയിട്ടുണ്ട്. 10, 11, 12 ഡിഗ്രി ക്ലാസുകളിലെ കുട്ടികളെ ഫോക്കസ് ചെയ്യുന്ന ആഗോള വിദ്യാഭ്യാസ മേളയിൽ ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഭാഗമാകാം. പങ്കെടുക്കാൻ എജുകഫെ വെബ്സൈറ്റിൽ(https://www.myeducafe.com/) രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്. കൂടുതൽ അന്വേഷണങ്ങൾക്ക് +971 504851700.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.