വെല്ലുവിളികൾ നേരിടാൻ സേനയുടെ നവീകരണം അനിവാര്യം -ശൈഖ് ഖലീഫ
text_fieldsദുബൈ: മേഖലയെ അപകടത്തിലാക്കുന്ന രീതിയിൽ വളരുന്ന വെല്ലുവിളികൾ നേരിടുന്നതിന് സൈന്യത്തിന്‍റെ നവീകരണം തുടരേണ്ടത് ആവശ്യമാണെന്ന് യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ. വെള്ളിയാഴ്ച ആചരിക്കുന്ന 46ാമത് സായുധ സേന ഏകീകരണ ദിനത്തിന് മുന്നോടിയായാണ് അദ്ദേഹം പ്രസ്താവനയിൽ ഇക്കാര്യം വ്യക്തമാക്കിയത്. വരും വർഷങ്ങളിലും യു.എ.ഇ ദേശീയ പ്രതിരോധ വ്യവസായം വികസിപ്പിക്കുന്നത് തുടരുമെന്നും സേനയിൽ സേവനമനുഷ്ഠിച്ചവർക്കും രക്തസാക്ഷിത്വം വരിച്ചവർക്കും ആദരവുകൾ അർപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനുമടക്കം മറ്റു ഭരണാധികാരികളും സായുധസേന ഏകീകരണ ദിനത്തിന് അഭിവാദ്യമർപ്പിച്ച് രംഗത്തെത്തി.
യു.എ.ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്‍റെ നേതൃത്വത്തിൽ 1976 മേയ് ആറിനാണ് സായുധസേനാ വിഭാഗങ്ങളുടെ എകീകരണം നടത്തിയത്. ഇതിന് മുമ്പ് സേനകൾ ഓരോ എമിറേറ്റിന്‍റെയും കീഴിലായിരുന്നു നിലനിന്നത്. രാജ്യത്തിന്‍റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കുകയും സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്താനും യു.എ.ഇ സായുധ സേനയെ ഒരു പതാകക്കും ഒരു നേതൃത്വത്തിനും കീഴിൽ ഏകീകരിക്കുകയും ചെയ്ത തീരുമാനം രാജ്യത്തിന്റെ യാത്രയിലെ നിർണായക വഴിത്തിരിവാണെന്നും ശൈഖ് ഖലീഫ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.