97 കുറ്റവാളികളുടെ അറസ്റ്റ്: 11.8 ബില്യൺ ദിർഹം നഷ്ടപ്പെടുന്നത് തടയാൻ കഴിഞ്ഞെന്ന് ദുബൈ പൊലീസ്
text_fieldsദുബൈ: 2020 വർഷത്തിൽ കൊടുംകുറ്റവാളികളായ 97 പ്രതികളെയാണ് ദുബൈ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറിെൻറ സ്ഥിതിവിവരക്കണക്ക് വ്യക്തമാക്കി. ഇതുവഴി കോടിക്കണക്കിന് ദിർഹം നഷ്ടപ്പെടുന്നത് സമർഥമായി തടയാൻ കഴിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി. സൈബർ തട്ടിപ്പ് നടത്തി പണം കൈക്കലാക്കുന്ന കുറ്റവാളികളെ അറസ്റ്റ് ചെയ്തതോടെ 11.8 ബില്യൺ ദിർഹം നഷ്ടപ്പെടുന്നതിന് തടയിടാൻ കഴിഞ്ഞതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെൻറിെൻറ സ്ഥിതിവിവരക്കണക്ക് വിശകലനം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞവർഷം 21 സൈബർ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ ദുബൈ പൊലീസ് 'ഫോക്സ് ഹണ്ട്' എന്ന പേരിൽ നടത്തിയ രണ്ടു റെയ്ഡുകൾ സഹായകരമായി. പിടിയിലായ കുറ്റവാളികൾ ചേർന്ന് 5.8 ബില്യൺ ദിർഹം തട്ടാനുള്ള ശ്രമങ്ങളാണ് നടത്തിയത്.
ഓപറേഷൻ 'ഫോക്സ് ഹണ്ട് 1'ൽ 18 രാജ്യങ്ങളിലായി 81 വ്യാജ ബിസിനസുകൾ നടത്തിയിരുന്ന ഒമ്പതു സൈബർ കുറ്റവാളികൾ അടങ്ങിയ ആഫ്രിക്കൻ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 32 ദശലക്ഷം ദിർഹത്തിലധികം മൂല്യമുള്ള പണ കൈമാറ്റം നടത്താനായിരുന്നു മറഞ്ഞിരിക്കുന്ന ഓൺലൈൻ തട്ടിപ്പ് ശൃംഖല ലക്ഷ്യമിട്ടിരുന്നത്. ഇതൊഴിവാക്കാൻ ഓപറേഷന് കഴിഞ്ഞു.
'ഫോക്സ് ഹണ്ട് 2' ഓപറേഷൻ ഫലമായി 12 സൈബർ കുറ്റവാളികളെ അറസ്റ്റ് ചെയ്തു. ഇതിലൂടെ 1.6 ബില്യൺ ദിർഹം വിലമതിക്കുന്ന ഒരു തട്ടിപ്പ് പദ്ധതിയാണ് പരാജയപ്പെടുത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ, സൈബർ തട്ടിപ്പ്, ഹാക്കിങ്, ആൾമാറാട്ടം, അഴിമതികൾ, ബാങ്കിങ് തട്ടിപ്പ്, ഐഡൻറിറ്റി മോഷണം എന്നിവ ലക്ഷ്യമിട്ട് ആസൂത്രണം നടത്തിയിരുന്ന കുറ്റവാളികളെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ അനന്തരാവകാശം ഉന്നയിച്ച് തട്ടിപ്പ് നടത്താനുള്ള ഒരു ശ്രമവും ദുബൈ പൊലീസ് പരാജയപ്പെടുത്തി. ഇതുവഴി 5.9 ബില്യൺ ദിർഹം നഷ്ടപ്പെടുന്നത് തടയാൻ സഹായിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.