ആർട്ട് യു.എ.ഇയുടെ 16ാം സീസൺ ആർട്ട് കലണ്ടർ പുറത്തിറക്കി
text_fieldsഅബൂദബി: അബൂദബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർട്ട് യു.എ.ഇയുടെ 16ാം സീസൺ ആർട്ട് കലണ്ടർ പുറത്തിറക്കി. ഒക്ടോബർ ഒന്നിന് 171ാമത് എക്സിബിഷൻ ദുബൈ ജുമൈറയിലെ ഗാലറിയിൽ നടക്കും. പ്രമുഖ ചൈനീസ് ആർട്ടിസ്റ്റായ ജെന്നിഫർ വോങ്ങിന്റെ തിരഞ്ഞെടുത്ത 15ഓളം പെയിന്റിങ്ങുകളാണ് പ്രദർശിപ്പിക്കുന്നത്. ദുബൈ ടൂറിസം ഇക്കണോമി എക്സിക്യൂട്ടിവ് ഡയറക്ടർ ശൈഖ അൽ മുത്തവ ഉദ്ഘാടനം നിർവഹിക്കും. ഒക്ടോബർ 15 മുതൽ 30 വരെ ദുബൈ ലാൻഡ് ഡിപ്പാർട്മെന്റിൽവെച്ച് പ്രമുഖ ഇമാറാത്തി കലാകാരനായ അബ്ദുൽ റഊഫ് അൽ ഖൽഫാന്റെ സക്സസ് ദുബൈ ചിത്രങ്ങളുടെ പ്രദർശനം ദുബൈ ലാൻഡ് ഡിപ്പാർട്മെന്റ് സി.ഇ.ഒ മജീദ് സഗർ അൽ മറി ഉദ്ഘാടനം ചെയ്യും.
നവംബർ അഞ്ചു മുതൽ 20 വരെ ശൈഖ് സായിദ് റോഡിലെ വീൽ ഓഫ് ഫൈതിൽവെച്ച് ഒമാനി ആർട്ടിസ്റ്റായ സഫിയ അൽ ശൈബാനിയുടെ അറബിക് കാലിഗ്രഫി ആർട്ട് എക്സിബിഷൻ ശൈഖ് ഒമർ ബിൻ സായിദ് ആൽ നഹ്യാൻ പ്രൈവറ്റ് ഓഫിസ് സി.ഇ.ഒ അംന അൽ ദാഹിരി ഉദ്ഘാടനം ചെയ്യും.
നവംബർ 25 മുതൽ ഡിസംബർ 10 വരെ അബൂദബി എമിറേറ്റ്സ് പാലസിൽ ലോകത്തിലെ ആദ്യത്തെ അറബ് ഇമാറാത്തി വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ സുവാദ് അൽ സുവൈദിയുടെ അവാർഡ് ചിത്രങ്ങളുടെ പ്രദർശനം ശൈഖ് ദിയാബ് ബിൻ ഖലീഫ ആൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ 20 മുതൽ ജനുവരി അഞ്ചുവരെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളോടനുബന്ധിച്ചുള്ള സ്കൾപ്ചർ എക്സിബിഷൻ ദുബൈ ട്രംപ് ഗോൾഫ് ക്ലബിൽവെച്ച് നടത്തും.
2025 ജനുവരി 15 മുതൽ ഫെബ്രുവരി അഞ്ചു വരെ ചൈനീസ് പുതുവർഷാരംഭത്തോടനുബന്ധിച്ചുള്ള എക്സിബിഷനിൽ ചൈനീസ് ആർട്ട് ഗ്രൂപ് പങ്കെടുക്കും. ഫെബ്രുവരി 15 മുതൽ 25 വരെ ശൈഖ് സായിദ് റോഡിലെ വീൽ ഓഫ് ഫൈത്തിൽ നടക്കുന്ന എക്സിബിഷനിൽ യുക്രെയ്ൻ ആർട്ടിസ്റ്റ് ഡിമിത്രോ യുടെ പെയിന്റിങ്ങുകൾ പ്രദർശിപ്പിക്കുന്നു. ദുബൈ ആർട്ട് സീസണിന്റെ ഭാഗമായി മാർച്ച് അഞ്ച് മുതൽ 10 വരെ ദുബൈ ആർട്ട് എക്സിബിഷൻ ബുർജ് ഖലീഫയിൽവെച്ച് നടത്തും. 50ഓളം രാജ്യങ്ങളിലെ കലാകാരന്മാർ പങ്കെടുക്കുന്ന പ്രദർശനത്തിൽ അഞ്ഞൂറോളം ചിത്രങ്ങൾ പ്രദർശിപ്പിക്കും. തുടർന്ന് അറബ് ആർട്ട് അവാർഡ്സ് അർമാനി പവിലിയനിൽവെച്ച് നടത്തുമെന്ന് ആർട്ട് യു.എ.ഇ സ്ഥാപകൻ സത്താർ അൽ കരൻ, ആർട്ട് യു.എ.ഇ യൂത്ത് സ്ഥാപക സായ ഫതൂം എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.