സൈബർ കുറ്റകൃത്യങ്ങൾക്ക് നിർമിത ബുദ്ധിയും; ഐ.ടി കമ്പനികൾക്ക് മുന്നറിയിപ്പുമായി വിദഗ്ധർ
text_fieldsദുബൈ: നിർമിത ബുദ്ധി (എ.ഐ) ഉപയോഗിച്ച് ഐ.ടി കമ്പനികളുടെ ഇന്റർനെറ്റ് ക്ലൗഡിൽ ആക്രമണം നടത്തുന്ന സൈബർ കുറ്റവാളികളുടെ എണ്ണം വർധിച്ചതായി സൈബർ സുരക്ഷ വിദഗ്ധർ.
പൊതു, സ്വകാര്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഐ.ടി കമ്പനികളുടെ വിതരണ ശൃംഖലകളെയും അടിസ്ഥാന സൗകര്യങ്ങളെയുമാണ് ഇവർ ലക്ഷ്യംവെക്കുന്നതെന്ന് വാവേയ് മിഡിലീസ്റ്റ് ആൻഡ് സെൻട്രൽ ഏഷ്യ സീനിയർ സൊല്യൂഷൻ ആർകിടെക്ട് അഷ്റഫ് ഇസ്മത്ത് ഖലീൽ പറഞ്ഞു.
ചൊവ്വാഴ്ച ദുബൈയിൽ നടന്ന ആറാമത് സി.എസ്.ഐ.എസ് സൈബർ സെക്യൂരിറ്റി ഇന്നൊവേഷൻ സീരീസ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനെറ്റ് ക്ലൗഡുകളുമായി ബന്ധപ്പെട്ട സൈബർ ആക്രമണങ്ങൾ 50 ശതമാനം വർധിച്ചിട്ടുണ്ട്. ഒളിച്ചിരുന്ന് ആക്രമണം നടത്താൻ അതിസങ്കീർണമായ സാങ്കേതികവിദ്യകളാണ് സൈബർ കുറ്റവാളികൾ ഉപയോഗിക്കുന്നത്.
ചില സൈബർ കുറ്റവാളികൾ സപ്ലൈ ചെയിൻ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. നിർമിത ബുദ്ധി ഉപയോഗിച്ച് നിയമനാസൃതമെന്ന് തോന്നിക്കുന്ന മാർഗങ്ങൾ നിർമിക്കുമെന്നും ഇത് തിരിച്ചറിയാൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടുതന്നെ രഹസ്യ വിവരങ്ങൾ സൂക്ഷിക്കാൻ ഒന്നിലധികം സുരക്ഷാമാർഗങ്ങൾ സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ ആരെയും കണ്ണടച്ച് വിശ്വസിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വിവിധ സോഫ്റ്റ്വെയർ കമ്പനികൾ നൽകുന്ന സാങ്കേതികവിദ്യകൾ ശരിയായും നിശിതമായും വിലയിരുത്തലിന് വിധേയമാക്കണമെന്ന് ഫെഡറൽ ടാക്സ് അതോറിറ്റിയുടെ സീനിയർ ഇൻഫർമേഷൻ സെക്യൂരിറ്റി സ്പെഷലിസ്റ്റ് മുഹമ്മദ് അൽ മാലികി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.