ഡെലിവറി റൈഡർമാരെ നിരീക്ഷിക്കാൻ നിർമിതബുദ്ധി സംവിധാനം
text_fieldsദുബൈ: എമിറേറ്റിൽ പ്രവർത്തിക്കുന്ന ഡെലിവറി റൈഡർമാരുടെ പ്രവർത്തനം നിരീക്ഷിക്കാനും പ്രകടനം വിലയിരുത്താനും നിർമിതബുദ്ധി അടിസ്ഥാനമാക്കിയുള്ള സംവിധാനവുമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). ജൈടെക്സ് പ്രദർശനത്തിലാണ് നവീന സംവിധാനം പരിചയപ്പെടുത്തിയത്. നിർമിതബുദ്ധി സംവിധാനങ്ങളുള്ള കാമറ സജ്ജീകരിച്ച വാഹനമാണ് നിരീക്ഷണത്തിനായി ആർ.ടി.എ പുറത്തിറക്കുന്നത്.
റോഡിൽ റൈഡർമാർ വരുത്തുന്ന നിയമലംഘനങ്ങളും മറ്റും കാമറ ഒപ്പിയെടുക്കും. ഡെലിവറി റൈഡർമാരുടെയും റോഡിലെ മറ്റു യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താനും അപകടങ്ങൾ കുറക്കാനും ഇതുവഴി സാധിക്കുമെന്ന് അധികൃതർ അവകാശപ്പെട്ടു.
ഈ വർഷം രണ്ടാം പാതി മുതൽ ആർ.ടി.എ ആരംഭിച്ച സംവിധാനത്തിന്റെ ഭാഗമായി ഫീൽഡ് ടീമംഗങ്ങൾ 608 ഡെലിവറി ബൈക്കുകളിൽ പരിശോധന നടത്തുകയും 63 സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഏകീകൃത യൂനിഫോം പാലിക്കാത്തത്, സൈഡ് സ്റ്റിക്കറുകളില്ലാത്തത്, ഫോസ്ഫോറസെന്റ് സ്റ്റിക്കറുകളുടെ അഭാവം, നിരോധിത മേഖലകളിൽ അനധികൃത പാർക്കിങ്, ഡ്രൈവറുടെ പിന്നിൽ യാത്രക്കാരനെ കയറ്റൽ, ഡെലിവറി ബൈക്കിന്റെ ട്രങ്കിന് കേടുപാടുകൾ എന്നിവയാണ് കണ്ടെത്തിയ നിയമലംഘനങ്ങൾ. പുതിയ സംവിധാനം വഴി പരിശോധന സമയം 7.5 മിനിറ്റിൽനിന്ന് ഒരു മിനിറ്റായി കുറക്കാനും ഓരോ ദിവസത്തെയും പരിശോധനകൾ അഞ്ചിരട്ടിയായി വർധിപ്പിക്കാനും സാധിക്കും.
എമിറേറ്റിലെ എല്ലാ തെരുവുകളിലും വാഹനം വിന്യസിക്കുന്നത് നിയമലംഘനങ്ങൾ വലിയ രീതിയിൽ തടയാൻ ഉപകരിക്കും.
അതോടൊപ്പം റൈഡർമാർ ഒത്തുകൂടുന്ന സ്ഥലങ്ങൾ കണ്ടെത്തിയും വാഹനം പരിശോധിക്കും. ഡെലിവറി വാഹനങ്ങൾ കാരണമായുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് നവീന സാങ്കേതികവിദ്യ വികസിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.