പൊതുമാപ്പ് നടപടികൾ സുഗമമാക്കാൻ നിർമിതബുദ്ധിയും
text_fieldsദുബൈ: വിസ നിയമലംഘകർക്ക് ഇളവ് നൽകാനുള്ള തീരുമാനം നടപ്പാക്കുന്ന നടപടികൾ സുഗമമാക്കുന്നതിന് നിർമിതബുദ്ധി സാങ്കേതിക വിദ്യ അടക്കം ഉപയോഗപ്പെടുത്തുമെന്ന് അധികൃതർ. വിസ കാലാവധി കഴിഞ്ഞ നിരവധിപേർക്ക് ഉപകാരപ്പെടുന്ന കാമ്പയിൻ പ്രവാസികളടക്കം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. സെപ്റ്റംബർ ഒന്നുമുതൽ ആരംഭിക്കുന്ന ഇളവ് നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി(ഐ.സി.പി) ഉന്നത ഉദ്യോഗസ്ഥർ പ്രത്യേക യോഗം ചേർന്നു. നടപടികൾ എളുപ്പമാക്കുന്നതിനാണ് നിർമിതബുദ്ധിയും മറ്റു സ്മാർട്ട് സംവിധാനങ്ങളും ഉപയോഗിക്കാൻ തീരുമാനിച്ചിട്ടുള്ളത്. നവീന സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നത് ഉദ്യോഗസ്ഥരുടെ ജോലിയും കുറക്കാൻ ഉപകരിക്കും.
ഐ.സി.പി ആക്ടിങ് ഡയറക്ടർ മേജർ ജനറൽ സുഹൈൽ ജുമാ അൽ ഖൈലിയുടെ അധ്യക്ഷതയിൽ അബൂദബിയിലാണ് യോഗം ചേർന്നത്. പൊതുമാപ്പ് നടപ്പാക്കുന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്ന് അധികൃതർ വ്യക്തമാക്കി. ഗ്രേസ് പീരിയഡിന്റെ നടപടിക്രമങ്ങൾ ചർച്ച ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം ദുബൈ ജി.ഡി.ആർ.എഫ്.എയിലും ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേർന്നിരുന്നു. ഇളവ് നടപടികൾ ഫലപ്രദമായി നടപ്പാക്കുന്നതിന് ദുബൈ ജി.ഡി.ആർ.എഫ്.എ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുമുണ്ട്. കസ്റ്റമർ ഹാപ്പിനസ് ആൻഡ് ഡിജിറ്റൽ സർവിസസ്, പ്രോആക്ടിവ് മീഡിയ കമ്യൂണിക്കേഷൻ, സർവിസസ് ഡെവലപ്മെൻറ് ടീം എന്നിവയുൾപ്പെടെ പ്രത്യേക വർക്കിങ് ടീമുകളെയാണ് രൂപവത്കരിച്ചത്. ഇതു വഴി വിസ ലംഘനക്കാർക്ക് എളുപ്പത്തിൽ അവരുടെ നടപടികൾ ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കും.
താമസ വിസയുടെ ഗ്രേസ് പീരിയഡായ ആറുമാസവും കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവർക്കാണ് ഇളവ് ഉപകാരപ്പെടുക. സെപ്റ്റംബർ ഒന്ന് മുതൽ രണ്ടു മാസത്തേക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. ഇക്കാലയളവിൽ അനധികൃത താമസക്കാർക്ക് പിഴ അടക്കാതെ രാജ്യം വിടുകയോ ഫെഡറൽ നിയമം അനുസരിച്ച് താമസരേഖകൾ ശരിയാക്കി രാജ്യത്ത് തുടരുകയോ ചെയ്യാനുള്ള അവസരമുണ്ടാകും. 2007, 2013, 2018 വർഷങ്ങളിൽ നൽകിയ പൊതുമാപ്പിൽ പതിനായിരക്കണക്കിന് പേരാണ് എമിഗ്രേഷൻ കേന്ദ്രങ്ങളിൽ എത്തിച്ചേർന്നത്. 2020ൽ കോവിഡ് മഹാമാരിയുടെ സമയത്തും സമാന രീതിയിൽ ഇളവ് അനുവദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.