ദുബൈയിൽ ടാക്സി ഡ്രൈവർമാരെ നിരീക്ഷിക്കാൻ ‘നിർമിത ബുദ്ധി’
text_fieldsദുബൈ: എമിറേറ്റിലെ ടാക്സികളെ ട്രാക്ക് ചെയ്യാനും ഡ്രൈവർമാരെ നിരീക്ഷിക്കാനും ‘നിർമിത ബുദ്ധി’ ഉപയോഗിക്കുമെന്ന് റോഡ് ഗതാഗത വകുപ്പിന് (ആർ.ടി.എ) കീഴിലെ ദുബൈ ടാക്സി കോർപറേഷൻ അറിയിച്ചു. ടാക്സികൾ, ലിമോസിനുകൾ, സ്കൂൾ ബസുകൾ, വാണിജ്യ ബസുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവ പുതിയ സംവിധാനത്തിൽ ടാക്സി കൺട്രോൾ സെന്ററിൽനിന്ന് നിരീക്ഷിക്കും. 7200 വാഹനങ്ങളും 14,500 ഡ്രൈവർമാരും ഇത്തരത്തിൽ കൃത്യമായ വിലയിരുത്തലിന് കീഴിലാകും. ദുബൈയിലെ വിവിധ ഭാഗങ്ങളിൽ ആവശ്യാനുസരണം ടാക്സികൾ വിന്യസിക്കാനും യാത്രക്കാരുടെ ആവശ്യങ്ങൾ അതിവേഗം നടപ്പാക്കാനുമാണ് കൺട്രോൾ സെന്ററിന്റെ പുതിയ സംവിധാനം ഉപകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ഡ്രൈവർമാരുടെ സ്വഭാവവും മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്നതും നിരീക്ഷിക്കാൻ കഴിയുമെന്നതിനാൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സംവിധാനം ഉപകാരപ്പെടും. 1000 സ്കൂൾ ബസുകളും നിരീക്ഷണത്തിന് കീഴിൽ വരും. കുട്ടികൾ കൃത്യസമയത്ത് സ്കൂളുകളിലും വീടുകളിലും എത്തുന്നത് ഉറപ്പുവരുത്തുന്നതിലൂടെ വിദ്യാർഥികളുടെ സുരക്ഷ കൂടുതൽ മെച്ചപ്പെടും. അപകടസാധ്യതയുള്ള സമയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകൾക്ക് അതിവേഗം മുന്നറിയിപ്പ് നൽകുന്ന സംവിധാനവും ഇതോടനുബന്ധിച്ചുണ്ടാകും.
നഗരത്തിലെ 5200 ടാക്സികളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനൊപ്പം ഡ്രൈവർമാർക്ക് ആവശ്യമായ സമയങ്ങളിൽ സഹായം നൽകാനും നിർമിത ബുദ്ധി ഉപയോഗിച്ചുള്ള നിരീക്ഷണം ഉപകരിക്കും.
ഏറ്റവും നവീനമായ സ്മാർട്ട് സംവിധാനങ്ങൾ നടപ്പാക്കുന്നതിൽ മുന്നിലുള്ള ആർ.ടി.എ നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള നിരവധി സംരംഭങ്ങൾ വികസിപ്പിക്കുന്നുണ്ട്. യാത്രാനിരക്കുകൾ അടക്കാൻ ‘ഫേസ് റെക്കഗ്നിഷൻ’ സംവിധാനമുള്ള സ്മാർട്ട് ഗേറ്റുകൾ നടപ്പാക്കാൻ പദ്ധതിയിടുന്നത് കഴിഞ്ഞ ആഴ്ച അധികൃതർ വെളിപ്പെടുത്തിയിരുന്നു.
മെട്രോ, ദുബൈ ട്രാം, ബസ്, ടാക്സി, സമുദ്ര ഗതാഗതസംവിധാനങ്ങൾ എന്നിവയിൽ പുതിയ സംവിധാനം വരുന്നതോടെ ടിക്കറ്റുകളോ നോൽകാർഡോ ക്രെഡിറ്റ് കാർഡോ ഇല്ലാതെ യാത്രചെയ്യാനാകുമെന്നാണ് അധികൃതർ അവകാശപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.