അരുണിമ പായുന്നു; ദിസ് ടൈം ഫോർ ആഫ്രിക്ക
text_fieldsദുബൈ: നിശ്ചയദാർഢ്യമുണ്ടെങ്കിൽ എന്തും നേടാമെന്നതാണ് പാലക്കാട് ഒറ്റപ്പാലത്തുകാരി അരുണിമയുടെ ലൈൻ. ഈ ആത്മവിശ്വാസം കൈമുതലാക്കി സൈക്കിളിൽ ദക്ഷിണാഫ്രിക്ക ലക്ഷ്യമിട്ട് കുതിക്കുകയാണ് 23കാരി. 50 ദിവസം മുമ്പ് കേരളത്തിൽനിന്ന് പുറപ്പെട്ട അരുണിമയുടെ യാത്ര വിസ്മയനഗരമായ ദുബൈയിലെത്തി.
രണ്ടുവർഷം, 22 രാജ്യം, 25,000 കിലോമീറ്റർ... ഈ സ്വപ്നത്തിലേക്കാണ് അരുണിമയുടെ സൈക്കിൾ ഉരുണ്ടു നീങ്ങുന്നത്. പെൺകുട്ടിക്ക് ഒറ്റക്ക് ചെയ്യാൻ കഴിയാത്തതെന്ന് പലരും വിലയിരുത്തിയപ്പോഴും ഇതെല്ലാം കാറ്റിൽപറത്തിയാണ് അരുണിമയുടെ സോളോ ട്രിപ്പ് പുരോഗമിക്കുന്നത്. യൂട്യൂബ് ഉൾപ്പെടെ സമൂഹമാധ്യമങ്ങളിൽനിന്ന് ലഭിക്കുന്ന സ്പോൺസർഷിപ്പാണ് ഏകവരുമാനം. പോകുന്ന സ്ഥലങ്ങളിൽ ടെന്റടിച്ചും കിട്ടുന്ന ഇടങ്ങളിൽ തങ്ങിയുമാണ് യാത്ര.
നവംബർ 21ന് മലപ്പുറത്തുനിന്നാണ് യാത്ര തുടങ്ങിയത്. സൈക്കിളിൽ മുംബൈയിലെത്തി. അവിടെനിന്ന് വിമാനമാർഗമായിരുന്നു ഒമാൻ യാത്ര.ഡിസംബർ 14ന് മസ്കത്തിലെത്തി. ഒമാനിൽ പത്തുദിവസം ചെലവഴിച്ചശേഷം കൽബവഴി യു.എ.ഇയിലേക്ക്. നാല് ദിവസമെടുത്തു ഈ യാത്രക്ക്. യു.എ.ഇയിൽ അബൂദബി ഒഴികെയുള്ള എല്ലാ എമിറേറ്റിലുമെത്തി. അടുത്ത ലക്ഷ്യം സൗദിയാണ്. എന്നാൽ, സൗദി വിസ ശരിയാകാത്തതിന്റെ പ്രതിസന്ധിയിലാണ് അരുണിമ. വിസ ഇതുവരെ സ്റ്റാമ്പ് ചെയ്തുകിട്ടിയിട്ടില്ല. അതിനായി ശ്രമം തുടരുന്നു.
ജോർഡൻ, ഈജിപ്ത് ഉൾപ്പെടെ വിവിധ രാജ്യങ്ങൾ താണ്ടി ദക്ഷിണാഫ്രിക്കയിൽ എത്തുകയാണ് ലക്ഷ്യം. വെറുതെ കണ്ട് പോകുകയല്ല, ഓരോ സ്ഥലങ്ങളും പര്യവേക്ഷണം നടത്തിയാണ് തന്റെ യാത്രയെന്ന് അരുണിമ പറയുന്നു. പാലക്കാട് ഒറ്റപ്പാലം സ്വദേശി ഐ.പി. മോഹൻദാസിന്റെയും ധനലക്ഷ്മിയുടെയും മകൾ അരുണിമയുടെ യാത്രാപ്രണയം തുടങ്ങിയിട്ട് വർഷങ്ങളായി.
യാത്രയോടുള്ള ഇഷ്ടമാണ് പഠനവിഷയമായി ഏവിയേഷൻ തെരഞ്ഞെടുക്കാൻ കാരണം. എയർപോർട്ട് മാനേജ്മെന്റും പഠിച്ചു. എന്നാൽ, കൂടുതൽ യാത്ര ചെയ്യണമെന്ന ആഗ്രഹം വിടാതെ പിന്തുടർന്നതോടെ ജോലി എന്ന ശ്രമം തൽക്കാലം ഉപേക്ഷിച്ചു. വിയറ്റ്നാം, കംബോഡിയ, ലവോസ്, നേപ്പാൾ എന്നിവയെല്ലാം ഇതിനകം സന്ദർശിച്ചു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എത്തി. എന്നാൽ, സൈക്കിളിൽ ആദ്യമായാണ് ഇത്രവലിയൊരു യാത്രക്കൊരുങ്ങുന്നത്. ഒന്നര വർഷമായി യാത്രതന്നെയാണ്. ചെറിയ ദുരനുഭവങ്ങളൊഴിച്ചാൽ എല്ലാം പോസിറ്റിവായിരുന്നു. ഇന്ത്യയിലെ യാത്രക്കിടയിൽ ഫോൺ നഷ്ടപ്പെട്ടിരുന്നു. മണൽക്കാറ്റും ചൂടുമേറ്റുള്ള യാത്രയാണ് ഇനി കാത്തിരിക്കുന്നതെന്ന് അനുപമക്കറിയാം. ഇതിനായുള്ള മുന്നൊരുക്കങ്ങളുമായാണ് യാത്ര തുടരുന്നത്. ഓരോ പ്രദേശങ്ങളുടെയും വിഡിയോ ബാക്ക്പാക്കർ അരുണിമ (Backpacker Arunima) എന്ന സമൂഹമാധ്യമ പേജുകളിലൂടെ പങ്കുവെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.