അസന്റ് ഇ.എന്‍.ടി സ്പെഷാലിറ്റി സെന്റർ ദുബൈ ശാഖ ഉദ്ഘാടനം 21ന്
text_fieldsദുബൈ: കേരളത്തിലെ പ്രമുഖ ഇ.എൻ.ടി ആശുപത്രിയായ അസന്റ് ഇ.എന്‍.ടി ഗ്രൂപ്പിന്റെ ദുബൈ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരാൾക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയയും 10 പേര്‍ക്ക് ശ്രവണ സഹായി വിതരണവും 100 പേര്‍ക്ക് ഇ.എൻ.ടി സ്പെഷാലിറ്റി പരിശോധനയും സൗജന്യമായി നടത്തുമെന്ന് ഗ്രൂപ് ചെയർമാൻ ഡോ. പി.കെ. ഷറഫുദ്ദീൻ പറഞ്ഞു. ദുബൈയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് പ്രഖ്യാപനം.
അസന്റ് ഇ.എൻ.ടിയുടെ ദുബൈ ശാഖ നവംബർ 21ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് യു.എ.ഇ മുൻ പരിസ്ഥിതി, ജല വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സഈദ് അൽ കിന്ദി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ പ്രമുഖരായ എ.എ.കെ ഗ്രൂപ്പുമായി കൈകോർത്താണ് ദുബൈ ശാഖ തുറക്കുന്നത്.
കേരളത്തിൽ ലഭിച്ചു വരുന്ന മികച്ച ഇ.എൻ.ടി ചികിത്സ പ്രവാസികൾക്കും സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡോ. പി.കെ. ഷറഫുദ്ദീൻ പറഞ്ഞു. പുതിയ ശാഖയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സൗജന്യമായി സമ്പൂര്‍ണ ഇ.എന്‍.ടി സ്ക്രീനിങ് സംവിധാനമാണ് ഒരുക്കുക.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും സൗജന്യ പരിശോധന. ഡിസംബർ മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഒരു മാസക്കാലയളവിലായിരിക്കും ആനുകൂല്യം. കൂര്‍ക്കം വലി, സ്ലീപ് അപ്നിയ, ഉറക്കത്തിലുള്ള ശ്വാസ തടസ്സം, സൈനസ് അസുഖങ്ങൾ, അലര്‍ജി, കേള്‍വിക്കുറവ്, വെര്‍ടിഗോ/ തലകറക്കം, സ്പീച്ച് അസസ്മെന്റ് തുടങ്ങിയ വിദഗ്ധ പരിശോധനകൾ ഇതിൽ ഉള്‍പ്പെടും.
കൂടാതെ ഇവിടെ പരിശോധന പൂർത്തീകരിച്ച പ്രവാസിയായ ഒരാൾക്ക് കേരളത്തിലെ ആശുപത്രിയില്‍ സൗജന്യമായി കോക്ലിയര്‍ ഇംപ്ലാന്റേഷന് സര്‍ജറി ചെയ്തു നൽകുമെന്നും പറഞ്ഞു. ഏത് രാജ്യക്കാരനായാലും ഈ ആനുകൂല്യം ലഭിക്കും. ഡോ. പി.കെ. ഷറഫുദ്ദീന് പുറമെ, ഡോ. രഞ്ജിത് വെങ്കിടാചലം, ഡോ. ഉണ്ണികൃഷ്ണന് താമരശ്ശേരി, ജനറല്‍ ഫിസിഷ്യന്‍ ഡോ. ഫര്‍ഹ മഹ്മൂദ്, ഓഡിയോളജിസ്റ്റ് ഡോ. ഷിന്‍ജു തോമസ്, സ്പീച്ച് തെറപ്പിസ്റ്റ് അഷീന മുനീര്‍ എന്നിവരുടെ സേവനവും ദുബൈ അസന്റില്‍ ലഭ്യമാവും.
വാർത്തസമ്മേളനത്തിൽ അസന്റ് ഗ്രൂപ് മെഡിക്കൽ ഡയറക്ടർ ഡോ. രഞ്ജിത്ത് വെങ്കിടാചലം, അസിസ്റ്റന്റ് ജനറൽ മാനേജർ അനു ചാക്കോ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ ശ്രീജിത്ത് വിജയകുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.