'ഞാനൊക്കെ മരിച്ചാല്‍ കൊണ്ടുപോകാന്‍ ഇക്ക ഉണ്ടാകുമല്ലോ'-ഇതുപറഞ്ഞ യുവാവിന്റെ മൃതദേഹം കയറ്റിവിട്ട അനുഭവം പങ്കുവെച്ച് അഷ്റഫ് താമരശ്ശേരി
text_fieldsദുബൈ: 'ഞാനൊക്കെ മരിച്ചാല്‍ കൊണ്ടുപോകാന്‍ ഇക്ക ഉണ്ടാകുമല്ലോ'- തന്നോടൊരിക്കൽ ഇങ്ങനെ പറഞ്ഞ യുവാവിന്റെ മൃതദേഹം പിന്നീട് നാട്ടിലേക്ക് കയറ്റി അയക്കേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് യു.എ.യിലെ പ്രമുഖ സന്നദ്ധപ്രവർത്തകനായ അഷ്റഫ് താമരശ്ശേരി. ഷാർജ വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ യുവാവിനെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കാനുള്ള രേഖകൾ ശരിയാക്കാൻ പോകുമ്പോൾ പല തവണ അഷ്റഫ് കണ്ടിട്ടുള്ളതാണ്. നമ്പർ ചോദിച്ചിരുന്നെങ്കിലും പലപ്പോഴും തിരക്കുമൂലം കൊടുക്കാൻ കഴിഞ്ഞിരുന്നില്ല.
അടുത്തിടെ കണ്ടപ്പോൾ 'ഇക്കയുടെ നമ്പര്‍ ഞാന്‍ വേറെ ആളില്‍ നിന്നും സംഘടിപ്പിച്ചു. എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാമല്ലോ എന്ന് കരുതിയാണ്. ഞാനൊക്കെ മരിച്ചാല്‍ കൊണ്ട് പോകാന്‍ ഇക്ക ഉണ്ടാകുമല്ലോ' എന്ന് പറഞ്ഞു. 'ഒഴിവ് ദിനങ്ങളായ ശനിയും ഞായറും അല്ലാത്ത ദിവസം മരിച്ചാല്‍ മതി' എന്നായിരുന്നു തമാശയായി അഷ്റഫിന്റെ മറുപടി. കഴിഞ്ഞ ദിവസം ഈ യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടി വന്ന അനുഭവമാണ് അഷ്റഫ് താമരശ്ശേരി ഫേസ്ബുക്ക് പോസ്റ്റിൽ വിവരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
ഇന്ന് അഞ്ച് മലയാളികളുടെ മൃതദേഹമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് അയച്ചത്. ഇതില്‍ ഒരു സുഹൃത്തിന്‍റെ മരണം നിറകണ്ണുകളോടെയല്ലാതെ വിവരിക്കാന്‍ കഴിയില്ല. ഷാര്‍ജയില്‍ നിന്നും മൃതദേഹങ്ങള്‍ അയക്കുമ്പോള്‍ വിമാനത്താവളത്തിലുള്ള പൊലീസ് എയ്ഡ് പോസ്റ്റില്‍ നിന്നും രേഖകള്‍ സീല്‍ ചെയ്ത് വാങ്ങിക്കേണ്ടതുണ്ട്. ഇതിനായി ഏതാണ്ട് എല്ലാ ദിവസങ്ങളിലും ഞാന്‍ അവിടെ കയറി ഇറങ്ങാറുണ്ട്. ഇതിനിടയില്‍ കണ്ടുമുട്ടാറുള്ള മലയാളിയായ ഒരു സെക്യുരിറ്റിക്കാരന്‍ എന്നോട് സൗഹൃദം കാണിച്ച് പലപ്പോഴും നമ്പര്‍ ചോദിക്കാറുണ്ട്. തിരക്കിനിടയില്‍ നമ്പര്‍ നല്‍കാന്‍ മറന്ന് പോയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഒരു പട്ടാമ്പിക്കാരന്‍ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് അവിടെ പോയി തിരക്കില്‍ ഇറങ്ങി വരികയായിരുന്നു ഞാന്‍. അപ്പോഴും ഈ സുഹൃത്ത് മുന്നില്‍ വന്നു പെട്ടു. കയ്യില്‍ ഒരു കേക്കിന്‍റെ കഷ്ണവും കരുതിയിട്ടുണ്ട്. അത് തന്ന ശേഷം എന്നോട് ഒരു കാര്യം പറഞ്ഞു. 'ഇക്കയുടെ നമ്പര്‍ ഞാന്‍ വേറെ ആളില്‍ നിന്നും സംഘടിപ്പിച്ചു. എന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാമല്ലോ എന്ന് കരുതിയാണ്. ഞാനൊക്കെ മരിച്ചാല്‍ കൊണ്ട് പോകാന്‍ ഇക്ക ഉണ്ടാകുമല്ലോ'. ഞാന്‍ ആ കേക്ക് തിന്നുന്ന സമയത്തിനുള്ളില്‍ അദ്ദേഹം ഇത്രയും പറഞ്ഞു വെച്ചു. 'ഒഴിവ് ദിനങ്ങളായ ശനിയും ഞായറും അല്ലാത്ത ദിവസം മരിച്ചാല്‍ മതി '. എന്ന് ഞാന്‍ തമാശയായി മറുപടിയും പറഞ്ഞു. അതുകേട്ട് ഞങ്ങള്‍ പരസ്പരം ചിരിച്ച് കൈ കൊടുത്താണ് പിരിഞ്ഞത്.
ഓട്ടപ്പാച്ചിലിനിടയില്‍ ഭക്ഷണം കഴിച്ചിട്ടില്ലാതിരുന്നതിനാല്‍ അദ്ദേഹം സ്നേഹത്തോടെ തന്ന കേക്കിന്‍ കഷ്ണത്തിന് എന്‍റെ വിശപ്പിനെ തെല്ലൊന്ന് ആശ്വസിപ്പിക്കാന്‍ കഴിഞ്ഞിരുന്നു. ദിനംപ്രതി നിരവധി പേര്‍ മരിച്ച വിവരം പറഞ്ഞു എന്നെ വിളിക്കാറുണ്ട്. ഇന്നലെ വന്ന വിളി കേട്ട് പതിവില്ലാതെ ഞാനൊന്ന് ഞെട്ടിപ്പോയി. വിമാനത്താവളത്തിലെ സെക്യുരിറ്റി ജീവനക്കാരനായ ആ പ്രിയ സുഹൃത്തിന്‍റെ മരണ വാര്‍ത്തയുമായിട്ടായിരുന്നു ആ ഫോണ്‍ കോള്‍. മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു. ഇത്രയേയുള്ളൂ മനുഷ്യരുടെ കാര്യം. എപ്പോഴാണ് അവസാന ശ്വാസം മുകളിലെക്കെടുത്ത് പുറത്തേക്ക് വിടാന്‍ കഴിയാതെ നിശ്ചലമായി പോകുന്നതെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല... വിടപറഞ്ഞ പ്രിയ സുഹൃത്തിന് നിത്യശാന്തി നേരുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.