അഷ്റഫിന്റെ മൃതദേഹം ഒരു മാസം മോർച്ചറിയിൽ; ചതിച്ചവർ ഇപ്പോഴും പുറത്ത്
text_fieldsദുബൈ: കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് കൊല്ലം നിലമേൽ സ്വദേശി അഷ്‌റഫ് (55) തട്ടിപ്പിനിരയായി ദുബൈയിൽ കുടുങ്ങിയ വാർത്ത 'ഗൾഫ് മാധ്യമം' പ്രസിദ്ധീകരിച്ചത്. അഷ്റഫിെൻറ ദുരിതവും സുമനസുകളുടെ സഹായവും അഭ്യർഥിച്ച് ഫെബ്രുവരിയിൽ മറ്റൊരു വാർത്തയും നൽകിയിരുന്നു. സാമ്പത്തീക സഹായവും താമസ സൗകര്യവും സുമനസുകൾ നൽകിയിരുന്നെങ്കിലും അതൊന്നും മതിയാകുമായിരുന്നില്ല അഷ്റഫിെൻറ ദുരിതം തീരാൻ. ഇന്ന് അഷ്‌റഫ് നമ്മോടൊപ്പമില്ല. ഒരുമാസം മുൻപേ അദ്ദേഹം മരണപ്പെട്ടിരിക്കുന്നു. ഒരുമാസമായി ദുബൈയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അജ്ഞാത മൃതദേഹം അഷ്റഫിേൻറതാണെന്ന് തിരിച്ചറിഞ്ഞതിെൻറ ഞെട്ടലിലാണ് അദ്ദേഹത്തിെൻറ സുഹൃത്തുക്കളും ബന്ധുക്കളും. അഷ്റഫിനെ ചതിച്ചവർ കോട്ടും സ്യൂട്ടുമിട്ട് ഇപ്പോഴും വിലസുന്നു.
ദുബൈ പൊലീസിെൻറ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന അജ്ഞാത മൃതദേഹത്തിലെ പാസ്പോർട്ടിൽ നിന്ന് ലഭിച്ച ചിത്രം സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശേരി ഫേസ്ബുക്കിലട്ടതോടെയാണ് ആളെ തിരിച്ചറിഞ്ഞത്. പാസ്പോർട്ടിലെ വിലാസത്തിൽ ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. പഴയ ചിത്രമായതിനാൽ പലർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. പോസ്റ്റ് കണ്ട സൗദിയിലെ സഹോദരൻ പറഞ്ഞ് അബൂദബിയിലുള്ള അളിയനാണ് സ്ഥിരീകരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. അടുത്തിടെ സഹോദരി മരണപ്പെട്ടത് അറിയിക്കാൻ ബന്ധുക്കൾ ശ്രമിച്ചെങ്കിലും ആളെ കിട്ടിയിരുന്നില്ല.
ചതിച്ചത് രണ്ട് മലയാളികൾ
ഒരുപാട് പ്രതീക്ഷകളുമായി ബിസിനസിലേക്കിറങ്ങിയ അഷ്റഫിനെ ഫോർട്ടുകൊച്ചിക്കാരായ രണ്ട് പേരാണ് ചതിച്ചത്. സ്നേഹം നടിച്ച് കൂടെക്കൂടിയ ഇവർക്ക് വിശ്വസിച്ച് ചെക്ക് നൽകിയതോടെയാണ് അഷ്റഫിെൻറ ജീവിതം പെരുവഴിയിലായത്. 60,000 ദിർഹമിെൻറ (12 ലക്ഷം രൂപ) ചെക്ക് കേസാണ് ഇവർ വരുത്തിവെച്ചത്. നിയമപ്രശ്നമുള്ളതിനാൽ വാർത്തയിൽ അവരുടെ പേര് ഉൾപെടുത്തേണ്ടതില്ലെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.
ട്രേഡിങ് ലൈസൻസുണ്ടായിരുന്ന അഷ്‌റഫ് ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് പച്ചക്കറി എത്തിക്കുന്ന ബിസിനസാണ് ചെയ്തിരുന്നത്. ബിസിനസിൽ പങ്ക് ചേരാമെന്ന വ്യാജേനയാണ് ഫോർട്ടുകൊച്ചിക്കാർ അഷ്റഫിനെ സമീപിച്ചത്. ഇവർക്ക് താമസ സൗകര്യം നൽകുന്നതിനായി ഫ്ലാറ്റ് ഉടമക്ക് 10,500 ദിർഹമിെൻറ നാല് ചെക്ക് ഒപ്പിട്ട് നൽകി. ഇതിന് പുറമെ 'ദേവ' ബില്ലിനായി 2100 ദിർഹമിെൻറ ഒരു ചെക്ക് കൂടി നൽകിയിരുന്നു. എന്നാൽ, ഇവർ ഫ്ലാറ്റ് ഉടമക്ക് തുക നൽകാതെ വന്നതോടെ അഷ്റഫിെൻറ അക്കൗണ്ടിലുണ്ടായിരുന്ന തുക അധികൃതർ പിടിച്ചു. പിന്നീട് അക്കൗണ്ടിൽ പണം ഇല്ലാതായതോടെ ചെക്ക് മടങ്ങി. ഇതോടെ ചെക്ക് കേസിൽ അറസ്റ്റിലായി പത്ത് ദിവസം ജയിലിൽ കഴിയേണ്ടിവന്നു. ഇവിടെ നിന്ന് പുറത്തിറങ്ങാൻ 5000 ദിർഹം പിഴയും അടക്കേണ്ടി വന്നു.
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇവരെ സമീപിച്ച് കേസ് കൊടുക്കുമെന്ന് പറഞ്ഞതോടെ പണം ഉടൻ നൽകാമെന്ന് ചൂണ്ടിക്കാണിച്ച് കരാർ ഒപ്പുവെച്ചു. എന്നാൽ, പിന്നീട് വിളിച്ചിട്ട് ഫോൺ എടുക്കാത്ത അവസ്ഥയായി. ജനുവരി 30ന് പണം നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഈ സമയത്തും പണം കിട്ടാതെ വന്നതോടെ അഷ്‌റഫ് പട്ടിണിയിലായി. ഇതോടെ മാനസീക സംഘർഷത്തലായ അഷ്‌റഫ് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലായി. 40000 ദിർഹം തുക വന്നെങ്കിലും ദുബൈ ചാരിറ്റി ഇടപെട്ട് ബിൽ അടച്ചു. കയറിക്കിടക്കാൻ സ്ഥലം പോലുമില്ലാതായി.
വാർത്ത വന്നതോടെ സഹായങ്ങൾ കിട്ടിയെങ്കിലും റിയൽ എസ്റ്റേറ്റിലെ ചെക്കിെൻറ ബാധ്യത തീർക്കാൻ ഇതൊന്നും മതിയായിരുന്നില്ല. ഒരാൾ താമസ സഹായം നൽകിയിരുന്നു. റഊഫ് ആലുവ, ഹസീബ് പൊന്നാനി, അസീദ്, റിയാസ്, കാസിം എന്നിവർ ഭക്ഷണവും സാധനങ്ങളും എത്തിച്ച് നൽകിയിരുന്നു. പിന്നീട് ജയ്സൺ എന്നയാളായിരുന്നു സ്ഥിരമായി ഭക്ഷണം നൽകിയിരുന്നത്. വിസ കാലാവധി അവസാനിച്ചിരുന്നു. നിയമത്തിെൻറ വഴിയിലൂടെ കേസുകൾ തീർപ്പാക്കി നാട്ടിലെത്താൻ ശ്രമിക്കുന്നതിനിടെയാണ് മരണം എത്തിയത്. വഴിയരികിലോ മറ്റോ മരിച്ചുകിടന്നപ്പോൾ പൊലീസെത്തി മോർച്ചറിയിൽ എത്തിച്ചതാകാമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.