വീണ്ടും വരുമോ ഏഷ്യകപ്പ്
text_fieldsഏതെങ്കിലും രാജ്യത്തെ കായിക മത്സരങ്ങൾ മാറ്റിവെക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം തെളിഞ്ഞുവരുക യു.എ.ഇയുടെ മുഖമായിരിക്കും. പ്രത്യേകിച്ച് യു.എ.ഇയുടെ അയൽ രാജ്യങ്ങളുടെ. ലോകകപ്പ് ക്രിക്കറ്റും ഐ.പി.എല്ലും ഏഷ്യാകപ്പും ഏഷ്യൻ ബോക്സിങ്ങുമെല്ലാം ഇങ്ങനെയാണ് യു.എ.ഇയിലേക്ക് പറിച്ചുനട്ടത്.
ഈ നാട് നൽകുന്ന സൗകര്യങ്ങളും ആധുനിക സംവിധാനവും യാത്രാ സൗകര്യവുമെല്ലാമാണ് ലോകമാമാങ്കങ്ങളെ പോലും ഇവിടേക്ക് വീണ്ടും മാടിവിളിക്കുന്നത്. ഇപ്പോഴിതാ, ഏഷ്യൻ വമ്പൻമാരുടെ നേർപോരായ ഏഷ്യ കപ്പ് ക്രിക്കറ്റ് വീണ്ടും യു.എ.ഇയിൽ എത്താൻ സാധ്യത തെളിയുന്നു. ഈ വർഷം അവസാനം പാകിസ്താനിൽ നടക്കേണ്ട ടൂർണമെന്റിൽ ഇന്ത്യ കളിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് യു.എ.ഇ വീണ്ടും ചർച്ചയിലെത്തുന്നത്. ഇന്ത്യയുടെ മാത്രം മത്സരങ്ങൾ പാകിസ്താന് പുറത്ത് നടത്താനും ആലോചന നടത്തുന്നുണ്ട്. എന്നാൽ, യു.എ.ഇക്ക് പുറമെ ഇംഗ്ലണ്ട്, ഒമാൻ, ശ്രീലങ്ക എന്നീ രാജ്യങ്ങളും പരിഗണനയിലുണ്ട്.
അതേസമയം, ഇന്ത്യ പിൻമാറിയാൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന് പാകിസ്താനും ഭീഷണി മുഴക്കിയിട്ടുണ്ട്. തുടർചർച്ചകളുടെ അടിസ്ഥാനത്തിലായിരിക്കും വേദി തീരുമാനിക്കുക. ഇത്തവണ ഏഷ്യകപ്പിൽ ഏകദിന മത്സരങ്ങളായിരിക്കും നടക്കുക. ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവയാണ് മറ്റ് ടീമുകൾ. യോഗ്യത കടമ്പ പിന്നിട്ട് വരുന്ന ടീമുകളും ഇവർക്കൊപ്പം ചേരും. 13 ദിവസങ്ങളിലായി 13 മത്സരങ്ങളുണ്ടാവും. ഏഷ്യകപ്പിന്‍റെ തുടക്കം ഷാർജയിലായിരുന്നെങ്കിലും പിന്നീട് പലരാജ്യങ്ങളായിരുന്നു ആതിഥ്യം വഹിച്ചിരുന്നത്. കഴിഞ്ഞ ഏഷ്യകപ്പ് ശ്രീലങ്കയിലായിരുന്നു നടക്കേണ്ടിയിരുന്നത്.
എന്നാൽ, ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് യു.എ.ഇയിലേക്ക് മാറ്റി. കോവിഡിനെ തുടർന്ന് ട്വന്‍റി-20 ലോകകപ്പിനും യു.എ.ഇയാണ് വേദിയൊരുക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ രണ്ട് സീസണുകൾ നടത്താനുള്ള ഭാഗ്യവും അടുത്തിടെ യു.എ.ഇക്ക് ലഭിച്ചു. വീണ്ടുമൊരു ക്രിക്കറ്റ് മാമാങ്കത്തെ വരവേൽക്കാൻ സദാസന്നദ്ധമായി നിൽക്കുകയാണ് ദുബൈയും ഷാർജയും അബൂദബിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.