ഏഷ്യകപ്പ്: തുടക്കം 'വെടിക്കെട്ടോ'ടെ
text_fieldsദുബൈ: വൻകരയുടെ പോരാട്ടത്തിന് ആഡംബരമായ ഉദ്ഘാടന ചടങ്ങുകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും 'വെടിക്കെട്ടി'ന് മാത്രം കുറവുണ്ടായില്ല. ബാറ്റിങ് വിരുന്ന് കാണാനെത്തിയവരെ ശ്രീലങ്കയുടെ മുൻനിര നിരാശപ്പെടുത്തിയെങ്കിലും വാലറ്റവും അഫ്ഗാൻ ബാറ്റർമാരും ചേർന്ന് ഇതിന്റെ കുറവ് നികത്തി.
ആദ്യ മത്സരം കാണാൻ നിരവധിപേരാണ് ദുബൈ സ്റ്റേഡിയത്തിലേക്കെത്തിയത്. നിരവധി ശ്രീലങ്കൻ, അഫ്ഗാനിസ്താൻ പ്രവാസികൾ താമസിക്കുന്ന നാടാണ് യു.എ.ഇ. ഇവരിലെ ക്രിക്കറ്റ് ആരാധകർ എത്തിയപ്പോൾ സ്റ്റേഡിയം ആരവങ്ങളാൽ നിറഞ്ഞു. എന്നാൽ, ആദ്യ ഓവറിൽ തന്നെ ലങ്കൻ ആരാധകരെ നിശ്ശബ്ദരാക്കി ഫസൽ ഹഖ് ഫാറൂഖി അഴിഞ്ഞാടി. തൊട്ടടുത്ത ഓവറിൽ നവീനുൽ ഹഖും നയം വ്യക്തമാക്കിയതോടെ ശ്രീലങ്ക പരുങ്ങലിലായി. എന്നാൽ, അവസാന ഓവറുകളിൽ ദിൽഷൻ മുദുഷങ്കയെ ഒരറ്റത്ത് നിർത്തി ചമിക കരുണരത്നെ നടത്തിയ വെടിക്കെട്ട് ശ്രീലങ്കൻ ആരാധകർക്ക് ഉണർവ് പകർന്നു.
എന്നാൽ, വരാനിരിക്കുന്ന വെടിക്കെട്ടിന്റെ അടയാളം മാത്രമായിരുന്നു ഇത്. ആദ്യ ഓവർ മുതൽ ഹസ്റത്തുള്ള സെസായിയും (28 പന്തിൽ 37) റഹ്മത്തുല്ല ഗുർബാസും (18 പന്തിൽ 40) അഴിഞ്ഞാടിയപ്പോൾ അഫ്ഗാൻ ഫാൻസ് നിറഞ്ഞാടി. പത്ത് ഓവറിനുള്ളിൽ അഞ്ച് സിക്സും പത്ത് ഫോറുമാണ് അടിച്ച് കൂട്ടിയത്. ഇന്നത്തെ ഇന്ത്യ-പാകിസ്താൻ മത്സരത്തിൽ നടന്നേക്കാവുന്ന വെടിക്കെട്ടിലേക്കാണ് അഫ്ഗാൻ-ലങ്ക മത്സരം വിരൽചൂണ്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.